കടുത്തുരുത്തി: കുടുംബ വഴക്കിനെ തുടർന്ന് സുഹൃത്തിന്റെ സമയോചിതമായ ഇടപെടൽ യുവാവിനെ രക്ഷപ്പെടുത്തി. ഇന്നലെ വെളുപ്പിന് രണ്ടു മണിയോടെ വെള്ളൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കാരിക്കോടിലാണ് സംഭവം. മൂർക്കാട്ടുപടിയിൽ അൻസില സ്റ്റുഡിയോ നടത്തുന്ന കാരിക്കോട് സ്വദേശി ബാബുരാജ് വട്ടക്കാട്ടിലാണ് തന്റെ സുഹൃത്ത് കൂടിയായ യുവാവിനെ രക്ഷിക്കാൻ മുന്നിട്ടിറങ്ങിയത്.
സ്റ്റുഡിയോയിലെ ജോലിക്കിടയിലാണ് ഫേസ് ബുക്കിലൂടെ വെളുപ്പിന് രണ്ടു മണിയോടെ ലൈവ് കാണുന്നത്. അപ്പോൾ തന്നെ ബാബുരാജ് വെള്ളൂർ പോലീസിൽ വിവരമറിയിച്ചു. എന്നാൽ സ്റ്റേഷനിൽ ജീപ്പില്ലെന്ന കാരണത്താൽ പോലീസ് എത്താൻ വൈകിയപ്പോൾ ബാബുരാജ് തന്നെ യുവാവിന്റെ വീട്ടിൽ എത്തുകയും പുറകുവശത്തെ വാതിലിലൂടെ അകത്ത് കടന്ന് യുവാവിനെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കുകയുമായിരുന്നു.
. ബാബുരാജ് ചെല്ലുന്പോൾ കട്ടിലിൽ കയറിനിന്ന് കഴുത്തിൽ കുടുക്കിട്ടു നിൽക്കുകയായിരുന്നു.മൊബൈൽ ഫോണ് ജനലിൽ ഓണാക്കി വച്ചിരിക്കുകയായിരുന്നു. ഈ സമയം വീടിനുള്ളിൽ യുവാവിന്റെ അമ്മ മാത്രമാണ് ഉണ്ടായിരുന്നത്. യുവാവ് അവിവാഹിതനാണ്. ഇതേസമയം വെള്ളൂർ പോലീസും സ്ഥലത്തെത്തി.