വൈക്കം: കഴിഞ്ഞ ദിവസം കാണാതായ യുവതിയേയും രണ്ടര വയസുള്ള കുഞ്ഞിനെയും കണ്ടെത്തി. വൈക്കം കിഴക്കേനട സ്വദേശിനിയായ 23 കാരിയേയും കുഞ്ഞിനെയുമാണ് ഇന്നലെ ഉച്ചയോടെ ആലപ്പുഴയിൽ ഒരു യുവാവിനൊപ്പം കണ്ടെത്തിയത്.
യുവതിയുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്ന് യുവതിയുടെ ഫോണ് രേഖകൾ പരിശോധിച്ച പോലിസ് സൈബർ സെല്ലിന്റെ സഹായത്തോടെ യുവതിയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
കൊല്ലം സ്വദേശിയായ യുവാവിനെ പ്രണയിച്ചു വിവാഹം കഴിച്ച യുവതി ഭർത്താവുമായി പിണങ്ങിയതിനെത്തുടർന്ന് അകന്നു കഴിയുകയാണ്.
സ്വന്തം വീട്ടിൽ മാതാവിനും സഹോദരനുമൊപ്പം കഴിയുന്ന യുവതി കഴിഞ്ഞ ദിവസങ്ങളിൽ ആരുമായോ നിരന്തരം ഫോണിൽ സംസാരിക്കുന്നത് ശ്രദ്ധയിൽപ്പെട്ട വീട്ടുകാർ യുവതിയെ ശകാരിച്ചിരുന്നു.
ഇതിനെത്തുടർന്നാണ് യുവതിയെയും കുഞ്ഞിനെയും കാണാതായത്. കോടതിയിൽ ഹാജരാക്കിയ യുവതിയെ പിന്നീട് ബന്ധുക്കൾക്കൊപ്പം വിട്ടയച്ചു.