കൊച്ചി: ഒരു മനുഷ്യനെ ഏറ്റവും വേഗത്തില്‍ തിരിച്ചറിയാന്‍ സഹായിക്കുന്നത് അവന്റെ മുഖമാണ്. അപ്പോള്‍ ആ മുഖം നഷ്ടപ്പെടുന്നവന്റെ വേദന മനസിലാക്കാവുന്നതേയുള്ളൂ. തന്റെ ആറാം വയസില്‍ സംഭവിച്ച ഒരു വാഹനാപകടമാണ് അഭയ് കുമാറിന്റെ മുഖം കവര്‍ന്നെടുത്തത്. ഇപ്പോള്‍ ആറുവര്‍ഷത്തിനു ശേഷം തനിക്ക് മുഖം തുന്നിച്ചേര്‍ത്തു തന്ന ആശുപത്രിയില്‍ അഭയ് തിരിച്ചെത്തിയിരിക്കുകയാണ്.
പത്തനംതിട്ട തലച്ചിറ മൈട്രരാടന്പാറ വീട്ടില്‍ ജി.വിജയകുമാറിന്റെയും ഷീബയുടെയും ഇളയമകനാണ് അഭയ്. ആറന്മുളയിലെ ബന്ധുവീട്ടിലേക്കു പോകുംവഴി ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുളള അപകടത്തില്‍ മുഖത്തെ മാംസം, മോണ, പല്ല്, എല്ല്, ചുണ്ട്, മൂക്ക്, നെറ്റി എന്നിവയുള്‍പ്പെടെയുള്ളവ നഷ്ടപ്പെട്ട നിലയിലാണ് അഭയിനെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയില്‍ എത്തിക്കുന്നത്. അപകടസ്ഥലത്ത് പരിശോധന നടത്തിയ പോലീസുകാരാണ് നഷ്ടപ്പെട്ട മുഖാവയവങ്ങള്‍ ആശുപത്രിയിലെത്തിക്കുന്നത്. ആറരമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കു ശേഷം വിട്ടുപോയ മുഖാവയവങ്ങള്‍ പൂര്‍വസ്ഥാനത്ത് പുനഃസ്ഥാപിക്കുകയായിരുന്നു.
പ്ലാസ്റ്റിക് സര്ജന് ഡോ.ആര്. ജയകുമാറിന്റെ നേതൃത്വത്തില്‍ ഡോ. സെന്തില്‍കുമാര്‍, ഡോ. ജൂവല്‍, ഡോ.നിഷാദ്, ഡോ.ഷൈന എന്നിവര്‍ ഉള്‍പ്പെട്ട സംഘമാണ് അന്ന് ശസ്ത്രക്രിയ നടത്തിയത്. പിന്നീട് തുടര്‍ച്ചയായി മൂന്നു ശസ്ത്രക്രിയകള്‍ കുറഞ്ഞ സമയത്തിനുള്ളില്‍ നടത്തിയാണ് അഭയ്കുമാറിന്റെ മുഖത്തെ അവയവങ്ങള്‍ പൂര്വസ്ഥിതിയിലാക്കിയതെന്ന് സ്പെഷലിസ്റ്റ് ആശുപത്രി ഡയറക്ടറും പ്ലാസ്റ്റിക് സര്‍ജറി സീനിയര്‍ കണ്‍സള്‍ട്ടന്റുമായ ആര്.രാജപ്പന് പത്രസമ്മേളനത്തില്‍ പറഞ്ഞു. പതിനെട്ടു വയസാകുമ്പോള്‍ ആണ് ശരീരത്തിലെ കലകളുടെ വളര്‍ച്ച പൂര്‍ണമാവുന്നത്. ആ സമയം ശസ്ത്രക്രിയ ചെയ്ത ഭാഗത്ത് വരുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.
പ്ലാസ്റ്റിക് സര്‍ജറിയിലൂടെ മുഖം പൂര്‍വ സ്ഥിതിയിലാക്കാമെന്ന് പ്ലാസ്റ്റിക് സര്‍ജറി വിഭാഗം എച്ച്.ഒ.ഡി: ഡോ.ആര്. ജയകുമാര്‍ പറഞ്ഞു. മകന്റെ ശസ്ത്രക്രിയയ്ക്ക് നാട്ടുകാരും സുഹൃത്തുക്കളുമൊക്കെ സഹായിച്ചിരുന്നു. ഇപ്പോഴും സാമ്പത്തിക ബാധ്യതയുണ്ടെന്ന് അഭയുടെ മാതാപിതാക്കള്‍ പറഞ്ഞു. അഭയ് യുടെ അച്ഛന് വിജയകുമാറിനു കൂലിപ്പണിയാണ്. അമ്മ മറ്റു വീടുകളില്‍ ജോലിക്കു പോകുന്നു. സഹോദരന് അക്ഷയ്കുമാര്‍ പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. അഭയ് ഇപ്പോള്‍ തലച്ചിറ എസ്.എന്‍.ഡി.പി. സ്കൂളില്‍ ഏഴാം ക്ലാസ് പ്രവേശനത്തിനൊരുങ്ങിയിരിക്കുകയാണ്.