കോഴിക്കോട് : ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് സിറ്റിയിലെ അക്രമങ്ങളുമായി ബന്ധപ്പെട്ട് പോലീസിന്റെ വീഴ്ച വിവാദമായതിനു തൊട്ടുപിന്നാലെ ജില്ലാ പോലീസ് മേധാവിയെ വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ട സിവില്‍ പോലീസുകാരന് സസ്പന്ഷന് . ക്രൈംബ്രാഞ്ച് കോഴിക്കോട് യൂണിറ്റിലെ ഉമേഷ്വള്ളിക്കുന്നിനെയാണ് സസ്പന്റ് ചെയ്തുകൊണ്ട് ക്രൈംബ്രാഞ്ച് കോഴിക്കോട് എസ്പി പി.ബി.രാജീവ് ഉത്തരവിറക്കിയത്.
ഫേസ്ബുക്ക് പോസ്റ്റിട്ട സംഭവത്തില്‍ അച്ചടക്ക ലംഘനമുണ്ടായെന്ന് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ബിജു കെ സ്റ്റീഫന്‍ എസ്പിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. സര്‍വീസിലിരിക്കെ പോലീസുദ്യോഗസ്ഥന് ഇത്തരത്തില്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത് വീഴ്ചയാണെന്നായിരുന്നു റിപ്പോര്‍ട്ട്. ഈ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മേധാവിയ്ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു. തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.
അതേസമയം റിപ്പോര്‍ട്ടില്‍ സസ്പന്ഷന് കാലാവധി പരാമര്‍ശിച്ചിട്ടില്ല. കമ്മീഷണര്ക്കെതിരേയുള്ള പോസ്റ്റ് സമൂഹമാധ്യമങ്ങളില്‍ വൈറലായതിനെ തുടര്‍ന്ന് ഡിജിപി ലോക്നാഥ് ബഹ്റ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ക്രൈംബ്രാഞ്ച് എഡിജിപിയ്ക്ക് നിര്‍ദേശം നല്‍കിയിരുന്നു. തുടര്‍ന്ന് എഡിജിപി എസ്പിയോട് വിശദീകരണം ആവശ്യപ്പെട്ടു.
ഹര്‍ത്താല്‍ ദിനത്തില്‍ സിറ്റി പോലീസ് കമ്മീഷണര്‍ എസ്.കാളിരാജ് മഹേഷ്കുമാറിന്റെ നടപടികളെ വിമര്‍ശിച്ചുകൊണ്ട് ഇക്കഴിഞ്ഞ അഞ്ചിനാണ് ക്രൈംബ്രാഞ്ച് സിവില്‍പോലീസ് ഓഫീസര്‍ ഉമേഷ്വള്ളിക്കുന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ടത്. പോസ്റ്റിട്ട് നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ വൈറലാവുകയും ചെയ്തു. പോലീസുകാരുടെ ജീവന്മറന്നുള്ള കൃത്യനിര്‍വഹണവും ഐപിഎസ് റാങ്കുള്ള ഉദ്യോഗസ്ഥന്റെ കൃത്യവിലോപവും വ്യക്തമാക്കുന്നതായിരുന്നു പോസ്റ്റ്.
കമ്മീഷണറെ വിമര്‍ശിച്ചതിന്റെ പേരില്‍ അച്ചടക്കനടപടിയുണ്ടാവുമെന്നറിഞ്ഞിട്ടും ഉന്നത ഉദ്യോഗസ്ഥന്റെ ഗുരുതരമായ വീഴ്ചക്ക് കോഴിക്കോട്ടെ പോലീസുകാര്‍ മുഴുവന്‍ അപമാനിതരാകേണ്ടതില്ല എന്നുറച്ച ബോധ്യമുള്ളതു കൊണ്ട് എഴുതുന്നുവെന്ന് വ്യക്തമാക്കിയായായിരുന്നു പോസ്റ്റ്. പോസ്റ്റിട്ടതിനു പിന്നാലെ കമ്മീഷണറെ കോഴിക്കോട് നിന്ന് സ്ഥലം മാറ്റികൊണ്ടുള്ള ഉത്തരവും ആഭ്യന്തരവകുപ്പ് പുറത്തിറിക്കി. ഇത് ഏറെ ചര്‍ച്ചയായിരുന്നു.