പത്തനംതിട്ട: ജില്ലയ്ക്ക് ആദ്യഘട്ടമായി 1200 ഫേസ് ഷീൽഡുകൾ നിർമിച്ച് നൽകി കെപ്ലർ റോബോട്ടിക്സ്. ജില്ലാ കളക്ടർ പി.ബി നൂഹിന്റെ സാന്നിധ്യത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം)ഡോ.എ.എൽ. ഷീജ കെപ്ലർ റോബോട്ടിക്സ് പ്രതിനിധി അതുൽ ചന്ദ്രസേനനിൽനിന്ന് ഷീൽഡുകൾ ഏറ്റുവാങ്ങി.
കോവിഡ് 19 ചികിത്സയ്ക്കായി ആരോഗ്യപ്രവർത്തകർ ധരിക്കുന്ന പിപിഇ കിറ്റിനൊപ്പം ഉപയോഗിക്കുന്ന മുഖാവരണമാണ് ഫേസ് ഷീൽഡ്.
ഒഎച്ച്പി ഷീറ്റ്, പിഎൽഎ മെറ്റീരിയൽ എന്നിവകൊണ്ട് ത്രീ ഡി പ്രിന്റിംഗിലൂടെ നിർമിക്കുന്ന ഫെയ്സ് ഷീൽഡുകൾ ഭാരം കുറഞ്ഞതും ഇലാസ്റ്റിക്ക് ബാന്റുകളില്ലാതെ അനായാസം ധരിക്കാനും അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാനും സാധിക്കും.
ചെങ്ങന്നൂർ സ്വദേശിയായ കെ.എസ് ജിഷ്ണുവും കൂട്ടുകാരായ അതുൽ ചന്ദ്രസേനൻ, ആൽവിൻ എം. കുര്യൻ, പി.ഹരികുമാർ എന്നിവർ ചേർന്ന് തുടങ്ങിയ കെപ്ലർ റോബോട്ടിക്സും ജില്ലാ ഭരണകൂടവും സംയോജിച്ചാണു ഫെയ്സ് ഷീൽഡ് നിർമിക്കുന്നത്. 5000 ഫെയ്സ് ഷീൽഡിനുവേണ്ടിയുള്ള ഓർഡറാണ് ഇവർക്ക് നൽകിയിരിക്കുന്നത്.