
യുവാക്കളായ സുഹൃത്തുക്കളിൽ പലരുടെയും കഴിഞ്ഞ ദിവസങ്ങളിലേ സോഷ്യൽ മീഡിയാ പോസ്റ്റുകളിലും സ്റ്റാറ്റസ് അപ്ഡേറ്റുകളിലും നിറഞ്ഞ് നിന്ന ഫോട്ടോ കണ്ട് പലരും ഞെട്ടി .
എല്ലാവരും നല്ല മൊഞ്ചത്തിമാരായിരിക്കുന്നു. ഫേസ് ആപ്പിന്റെ കരുവിരുതായിരുന്നു അത്. മുഖത്ത് പലവിധ മാറ്റങ്ങൾ വരുത്താൻ സാധിക്കുന്ന ആപ്ലിക്കേഷനാണിത്.
ഫേസ് ബുക്കിൽ ഉൾപ്പെടെ ഫേസ് ആപ്പ് ചലഞ്ചും നടക്കുന്നുണ്ട്. ഇതിലും നിരവധി പേരാണ് പങ്കെടുക്കുന്നത്. ഇതോടെ 2017 ജനുവരിയിൽ അവതരിപ്പിക്കപ്പെട്ട ഫേസ് ആപ്പ് വീണ്ടും വൈറലായി മാറി.
റഷ്യൻ ഡെവലപ്പർമാർ നിർമിച്ച ഈ ആപ്ലിക്കേഷൻ നിർമിത ബുദ്ധി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയാണ് മുഖങ്ങളിൽ വിവിധ മാറ്റങ്ങൾ വരുത്തുന്നത്.

വൃദ്ധ മുഖം ഉൾപ്പടെയുള്ള വിവിധ ഫിൽറ്ററുകൾ ഫേസ് ആപ്പിൽ ലഭ്യമാണ്. ഇതിൽ ഇപ്പോഴത്തെ മുഖം സ്ത്രീയായാൽ എങ്ങനെയായിരിക്കുമെന്ന് കാണാനാണ് പലരും ഇഷ്ടപ്പെടുന്നത്.
ചിരിക്കാത്ത മുഖത്ത് ചിരി വരുത്താനും പ്രായമായവരെ യുവാക്കളാക്കാനും, ഭംഗികൂട്ടാനും ഉൾപ്പടെയുള്ള ഫിൽറ്ററുകൾ ഇതിൽ ലഭ്യമാണ്. ഐഒഎസ്, ആൻഡ്രോയിഡ് ഫോണുകളിൽ ഫേസ് ആപ്പ് ലഭ്യമാണ്.
നിരുപദ്രവകരമായ തമാശയും വിനോദവും ലക്ഷ്യമാക്കിയുള്ള ആപ്ലിക്കേഷൻ 2017 തന്നെ ഏറെ ശ്രദ്ധിക്കപ്പെടുകയും വിവാദങ്ങളിൽപ്പെടുകയും ചെയ്തിരുന്നു.
ഫേസ് ആപ്പ് ഫിൽറ്ററുകൾ ഉപയോഗിക്കുമ്പോൾ കറുത്തവരെ വെളുപ്പിക്കുന്നു എന്ന് ചൂണ്ടിക്കാട്ടി ആപ്പ് വംശീയ വിവേചനം നടത്തുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ഇത് കുടാതെ അനുവാദമില്ലാതെ ഉപയോക്താക്കളുടെ സ്വകാര്യ വിവരങ്ങളിലേക്ക് കടന്നുകയറുന്നുവെന്ന ആരോപണവും ആപ്പിനെതിരെ ഉയരുന്നുണ്ട്.
അതേസമയം കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം ഈ ആപ്ലിക്കേഷൻ ഉപയോഗിച്ചത് ലക്ഷക്കണക്കിന് ആളുകളാണ്. അത് കൊണ്ട് തന്നെ വൈകിട്ടോടെ പലർക്കും ഉപയോഗിക്കാൻ പറ്റാതാവുകയും ചെയ്തു. ആപ്പ് ഉപയോഗിച്ച് തങ്ങളുടെ വാർധക്യകാലം കാണാൻ ശ്രമിച്ചവരും കുറവല്ല. ആപ്ലിക്കേഷനെ കുറിച്ച് സോഷ്യൽ മീഡിയയിൽ ട്രോളുകളും വ്യാപകമാണ്