മുംബൈ:“വയസൻ മുഖങ്ങളി’’ലൂടെ സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയ ഫേസ് ആപ്പിനു നേർക്കു വിമർശനശരങ്ങളും. ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ കന്പനി ഉപയോഗിക്കുന്നതായാണ് ആക്ഷേപം. ആപ്പിന്റെ പ്രചാരണത്തിനാണ് ഈ ചിത്രങ്ങൾ ഉപയോഗിക്കുന്നതെന്നാണു വിമർശകരുടെ കണ്ടെത്തൽ. ആപ് ഉപയോഗത്തിനുള്ള നിബന്ധനകളിൽ കന്പനി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും വിമർശകർ പറയുന്നു.
ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റു കന്പനികൾക്കു നൽകുന്നതായും റിപ്പോർട്ടുകളുമുണ്ട്. ഇതിനിടെ, ഫേസ് ആപ്പിനെതിരേ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടു യുഎസ് സെനറ്റർമാരുൾപ്പെടെയുള്ളവർ രംഗത്തെത്തി. ഉപയോക്താക്കളുടെ വിവരങ്ങൾ അധികൃതർ റഷ്യയിലാണ് സൂക്ഷിക്കുന്നതെന്നും ഇവ ദുരുപയോഗം ചെയ്യുന്നതായി സംശയമുണ്ടെന്നും ഏതാനും സെനറ്റർമാർ ആരോപിച്ചു.
എന്നാൽ, ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാറില്ലെന്നും പ്രോസസ് ചെയ്യുന്ന ഭൂരിഭാഗം ചിത്രങ്ങളും സർവറിൽനിന്ന് 48 മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്യാറുണ്ടെന്നും കന്പനി പ്രസ്താവനയിൽ അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ റഷ്യയിൽ സൂക്ഷിക്കുന്നില്ലെന്നും കന്പനി കൂട്ടിച്ചേർത്തു.
വിമർശനങ്ങൾ ഏറിടുന്പോഴും ആപ്പിന്റെ ജനപ്രീതി ദിനംപ്രതി വർധിക്കുന്നതായാണ് റിപ്പോർട്ടുകൾ. ആപ്പിൾ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഫേസ്ആപ് കുതിക്കുകയാണ്. . 121 രാജ്യങ്ങളിൽ ആപ് സ്റ്റോറിൽ ഫേസ് ആപ്പ് ഒന്നാം സ്ഥാനത്താണ്. ഇതിനോടകം 100,000 മില്യൺ ഡൗൺലോഡുകൾ ഫേസ് ആപ് സ്വന്തമാക്കിയതായും റിപ്പോർട്ടുകളിൽ പറയുന്നു.
തുടക്കം 2017ൽ
റഷ്യൻ കന്പനിയായ വയർലെസ് ലാബ് 2017ൽ ആണ് ഫേസ് ആപ് അവതരിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ആപ് ചിത്രങ്ങളിൽ എഡിറ്റിംഗ് നടത്തുന്നത്. മുഖത്തിന്റെ പ്രായം കൂട്ടാനും പ്രായം കുറയ്ക്കാനും മുഖത്തു ചിരി വരുത്താനും ആൺമുഖം പെൺമുഖമാക്കാനും ആപ്പിൽ സംവിധാനമുണ്ട്.
ആരംഭ കാലത്തു വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും മുഖത്തിന്റെ നിറം മാറ്റുന്ന സംവിധാനം വലിയ വിമർശനങ്ങൾ നേരിട്ടു. വർണവെറി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം. തുടർന്ന് ഈ സംവിധാനം കന്പനി പിൻവലിച്ചു.
മുഖത്തെ പ്രായം കൂട്ടുന്ന ലെയറിനാണ് ഇപ്പോൾ ആവശ്യക്കാരേറെയുള്ളത്. ഹോളിവുഡിലെയും ബോളിവുഡിലെയുമൊക്കെ സൂപ്പർ താരങ്ങൾ ഫേസ് ആപ്പിനു മുഖം കൊടുത്തുകഴിഞ്ഞു. മലയാള താരങ്ങളും ഫേസ് ആപ് ചലഞ്ചിൽ സജീവമാണ്.