സോനു തോമസ്
ഫേസ്ബുക്കിലെ ന്യുജെൻ മുഖങ്ങളെല്ലാം എവിടെപ്പോയി? കുറച്ചു ദിവസങ്ങളായി ഫേസ്ബുക്കിൽ കയറുന്ന ചിലരുടെ സംശയമാണ്. പരിചയമുണ്ടായിരുന്ന പലമുഖങ്ങളും ഇന്ന് ഫേസ്ബുക്കിലില്ല. പകരം പ്രായമായ, തിരിച്ചറിയാൻ പോലും കഴിയാത്ത ചിലരാണ് ഫ്രണ്ട്സ് ലിസ്റ്റിലുള്ളത്.
സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് “വയസൻ മുഖം’ എന്ന അപരനാമത്തിലാറയപ്പെടുന്ന ഫേസ്ആപ്. ഭാവിയിൽ താൻ എങ്ങനെയിരിക്കും എന്നറിയാനുള്ള ആളുകളുടെ ആകാംക്ഷയാണ് ഫേസ്ആപ്പിന്റെ പിടിവള്ളി. പ്രായമാകാൻ ഇഷ്ടപ്പെടാത്ത ആളുകൾ പോലും ഫേസ്ആപ് ഉപയോഗിച്ച് പ്രായമായി.
എന്തൊക്കെ ചെയ്യാം
ഫേസ്ആപ്പിൽ പ്രായം കൂട്ടാൻ മാത്രമല്ല സാധിക്കുന്നത്. മറ്റ് നിരവധി പ്രത്യേകതകളും ഫേസ്ആപ്പിലുണ്ട്
1. പ്രായത്തിൽ മാറ്റം വരുത്തുക. (പ്രായം കൂട്ടാം, കുറയ്ക്കാം)
2.മുടിയുടെ സ്റ്റൈൽ മാറ്റുക.
3. മുടിക്ക് നിറം നൽകുക.
4.മുഖത്ത് ചിരി വരുത്തുക.
5. ഫോട്ടോയുടെ പശ്ചാത്തലം മാറ്റുക.
6. ടാറ്റുകൾ പതിപ്പിക്കുക.
7. ലിംഗമാറ്റം ( പുരുഷന്റെ മുഖം സ്ത്രീയുടെയും സ്ത്രീയുടെ മുഖം പുരുഷന്റ്്േതുമാക്കി മാറ്റുക.) തുടങ്ങിയവ ഫേസ്ആപ്പിന്റെ ചില പ്രധാന പ്രത്യേകതകൾ മാത്രമാണ്. ഉപയോക്താവിനെ അടിമുടി മാറ്റാനുള്ള സൂത്രം ഫേസ്ആപ് ഒളിപ്പിച്ചുവച്ചിട്ടുണ്ടെന്ന് ചുരുക്കം.
21 ഫിൽറ്ററുകൾ ഫേസ്ആപിൽ സൗജന്യമായി ഉപയോഗിക്കാം. ഫേസ്ആപ് പ്രോ വേർഷനിൽ 28 ഫിൽറ്ററുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. പ്രോ വേർഷൻ മൂന്നു ദിവസം സൗജന്യമായി ഉപയോഗിക്കാം. അതിനുശേഷം സേവനങ്ങൾക്ക് പണം നൽകണം. പ്രോ വേർഷൻ ഒരു വർഷം ഉപയോഗിക്കുന്നതിന് ഏകദേശം 1400 രൂപ നൽകണം.
മുഖംകൊടുത്താൽ പണി കിട്ടുമോ?
ഫേസ് ആപ്പ് ഉപയോഗിച്ച് എഡിറ്റ് ചെയ്യുന്ന ചിത്രങ്ങൾ ഉപയോക്താക്കളുടെ സമ്മതമില്ലാതെ കന്പനി ഉപയോഗിക്കുന്നു എന്നാണ് ആപ്പിനെതിരായ പ്രധാന ആരോപണം. ആപ് ഉപയോഗത്തിനുള്ള നിബന്ധനകളിൽ കന്പനി ഇക്കാര്യം സൂചിപ്പിക്കുന്നുണ്ടെന്നും വിമർശകർ പറയുന്നു. ഇതിനിടെ, ഫേസ് ആപ്പിനെതിരേ എഫ്ബിഐ അന്വേഷണം ആവശ്യപ്പെട്ടു യുഎസ് സെനറ്റർമാരുൾപ്പെടെയുള്ളവർ രംഗത്തെത്തി.
ഉപയോക്താക്കളുടെ വിവരങ്ങൾ അധികൃതർ റഷ്യയിലാണ് സൂക്ഷിക്കുന്നതെന്നും ഇവ ദുരുപയോഗം ചെയ്യുന്നതായി സംശയമുണ്ടെന്നും ഏതാനും സെനറ്റർമാർ ആരോപിച്ചു. ഫോണിലെ എല്ലാ ചിത്രങ്ങളും ഉപയോഗിക്കാനുള്ള അധികാരം, ബ്രൗസിങ് ഹിസ്റ്ററി, ഐപി അഡ്രസ് തുടങ്ങിയ വിവരങ്ങളാണ് ഫേസ്ആപ് ശേഖരിക്കുന്നത്. ഈ വിവരങ്ങൾ വാണിജ്യപരമായ ആവശ്യങ്ങൾക്ക് ഉപയോഗിക്കാനുള്ള അധികാരം ഫേസ്ആപ്പിനുണ്ട്.
പേടിക്കേണ്ട…
ഉപയോക്താക്കളുടെ വിവരങ്ങൾ മറ്റു കാര്യങ്ങൾക്കായി ഉപയോഗിക്കാറില്ലെന്നും പ്രോസസ് ചെയ്യുന്ന ഭൂരിഭാഗം ചിത്രങ്ങളും സർവറിൽനിന്ന് 48 മണിക്കൂറിനുള്ളിൽ ഡിലീറ്റ് ചെയ്യാറുണ്ടെന്നും കന്പനി സ്ഥാപകൻ യാരോസ്ലവ് ഗോൺകചോർവ് അറിയിച്ചു. ഉപയോക്താക്കളുടെ വിവരങ്ങൾ റഷ്യയിൽ സൂക്ഷിക്കുന്നില്ലെന്നും കന്പനി കൂട്ടിച്ചേർത്തു. ക്ലൗഡ് രീതിയിലാണ് ഫോട്ടോകൾ എഡിറ്റ് ചെയ്യുന്നത്. ഫോണിലെ മറ്റ് ഫോട്ടോകൾ ക്ലൗഡിലേക്ക് മാറ്റാറില്ലെന്നും കന്പനി വ്യക്തമാക്കി. എന്നാൽ ആപ് ഉപയോഗിക്കാൻ കന്പനി ആവശ്യപ്പെടുന്ന വിവരങ്ങളെല്ലാം നൽകണം.
ആദ്യം പതറി, പിന്നെ കത്തിക്കയറി
റഷ്യൻ കന്പനിയായ വയർലെസ് ലാബ് 2017ൽ ആണ് ഫേസ് ആപ് അവതരിപ്പിക്കുന്നത്. ആർട്ടിഫിഷൽ ഇന്റലിജൻസ് അധിഷ്ഠിത സംവിധാനത്തിലൂടെയാണ് ആപ് ചിത്രങ്ങളിൽ എഡിറ്റിംഗ് നടത്തുന്നത്. ആരംഭ കാലത്തു വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നെങ്കിലും മുഖത്തിന്റെ നിറം മാറ്റുന്ന സംവിധാനം വലിയ വിമർശനങ്ങൾ നേരിട്ടു. വർണവെറി പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ആക്ഷേപം. തുടർന്ന് ഈ സംവിധാനം കന്പനി പിൻവലിച്ചു.
സജീവമായി വ്യാജനും
വ്യാജ ഫേസ് ആപിനെ കരുതിയിരിക്കണമെന്ന് റഷ്യൻ സൈബർ സുരക്ഷാ കന്പനിയായ കാസ്പെർസ്കിയിലെ ഗവേഷകൻ ഇഗോർ ഗോളോവിൻ പറഞ്ഞു. ഫേസ് ആപ് ശേഖരിക്കുന്ന ഉപയോക്താക്കളുടെ മുഖത്തിന്റെ ചിത്രവും ഫോണ് വിവരങ്ങളും ദുരുപയോഗം ചെയ്യപ്പെടാനുള്ള സാധ്യതകളെക്കുറിച്ചും സൈബർ സുരക്ഷാ രംഗത്തുള്ളവർ മുന്നറിയിപ്പു നൽകുന്നു. ഫെയ്സ് റെക്കഗ്നിഷൻ ഉപയോഗിക്കുന്ന പല ഉപകരണങ്ങളും വ്യാപകമായ ഇക്കാലത്ത് സ്വന്തം ചിത്രം ഇത്തരം ആപ്പുകളുടെ ശേഖരത്തിലേക്കു നൽകുന്നതിൽ അപകടമുണ്ടെന്നാണ് വിദഗ്ധരുടെ വാദം.
താരങ്ങളും ട്രോളുകളും
മുഖത്തെ പ്രായം കൂട്ടുന്ന ഫീച്ചറാണ് ഇപ്പോൾ ആളുകൾ ഏറെ ഉപയോഗിക്കുന്നത്. മോളിവുഡ്, ടോളിവുഡ്, ബോളിവുഡ്, ഹോളിവുഡ് താരങ്ങൾ ഫേസ് ആപ്പിൽസജീവമാണ്. മലയാളത്തിൽ മമ്മുട്ടിയുടെ ചിത്രമാണ് ഫേസ്ആപ്പിൽ ഹിറ്റ്.
ചിത്രത്തിൽ കൂടെയുള്ള താരങ്ങളൊക്കെ പ്രായമാകുന്പോഴും മമ്മൂട്ടി ചെറുപ്പമായാണ് വരുന്നത്. രമേശ് പിഷാരടിയും ധർമജനും മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ട അപ്ലോഡ് ചെയ്തിട്ടുണ്ട്. നടിമാരും ഫേസ്ആപിൽ സജീവമാണെങ്കിലും ഫേസ്ബുക്ക് ഉപയോഗിക്കുന്ന ചെറുപ്പക്കാരികൾക്ക് ഫേസ്ആപ്പിനോട് അത്ര പഥ്യമില്ല. ഫേസ്ആപ്പിലെ പ്രായം കുറയ്ക്കാനുള്ള ഫീച്ചറാണ് ഇവരുടെ പ്രധാന ഇര.
ആപ്പിൾ ആപ് സ്റ്റോറിലും ഗൂഗിൾ പ്ലേ സ്റ്റോറിലും ഫേസ്ആപ് കുതിക്കുകയാണ്. 121 രാജ്യങ്ങളിൽ ആപ് സ്റ്റോറിൽ ഫേസ് ആപ്പ് ഒന്നാം സ്ഥാനത്താണ്. ഇതിനോടകം 10 കോടിയിലധികം ആളുകളാണ് ഫേസ് ആപ് ഡൗൺലോഡ് ചെയ്തിരിക്കുന്നത്. പ്ലേസ്റ്റോറിൽ FaceApp എന്ന് സേർച്ച് ചെയ്താൽ ആപ് ഡൗൺലോഡ് ചെയ്യാം.