പാതിയുറക്കത്തിൽ കണ്ണു തുറന്നപ്പോൾ ബസ് നിർത്തിയിരിക്കുകയാണ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി കാന്പസിൽ രണ്ടു വർഷം പഠിച്ചതുകൊണ്ട് സ്ഥലം പെട്ടെന്നു മനസിലായി.
കാലിക്കട്ട് യൂണിവേഴ്സിറ്റിക്കും രാമനാട്ടുകരയ്ക്കും ഇടയിലുള്ളൊരിടമാണ്. സമയം പുലർച്ചെ 2.15. വണ്ടിയുടെ വെട്ടമൊഴിച്ചാൽ കുറ്റാക്കൂരിരുട്ട്.
താനിരിക്കുന്ന ബസിൽനിന്ന് അൽപം മുൻപിറങ്ങിയ ഒരു പെൺകുട്ടി വഴിവക്കിൽ അവളോളമുള്ളൊരു ബാഗും തൂക്കി നിൽക്കുന്നു.
കൂട്ടാനുള്ളയാളെ കാണാത്തതിനാൽ ഫോണിൽ തുരുതുരെ വിളിക്കുന്ന പെൺകുട്ടി താനിറങ്ങിയ ബസ് പോയിട്ടില്ലെന്നത് ശ്രദ്ധിക്കുന്നേയില്ല.
രണ്ട് മിനിറ്റ് ഇരമ്പിയ ബസ് ഓഫാക്കി. ഡ്രൈവറും കണ്ടക്ടറും പുറത്തേക്കു നോക്കിക്കൊണ്ടിരിക്കുന്നു; ഒപ്പം ഞാനും ഉറങ്ങാത്ത മറ്റു ചിലരും.
വണ്ടി ഓഫായതുകൊണ്ടാകാം ഉറക്കംപോയ ചിലർ കോഴിക്കോട് എത്തിയോ എന്നു ചോദിക്കുന്നുണ്ട്. “ഇല്ല.
ഒരു പെൺകുട്ടി ഇറങ്ങിയതാ, കൂട്ടാനുള്ള ആൾ വരാൻ വെയ്റ്റ് ചെയ്യുന്നു.’ ബത്തേരി വരെയുള്ള യാത്രക്കാരിൽ ഒരാൾപോലും അലോസരം പ്രകടിപ്പിച്ചില്ല. അക്ഷമ കാട്ടിയില്ല.
ഏഴെട്ടു മിനിറ്റ് കഴിഞ്ഞുകാണും. അവൾക്കുള്ള വണ്ടിയെത്തി. ബസിനെയോ അതിലെ ജീവനക്കാരെയോ ഗൗനിക്കാതെ അവരതിൽ കയറിപ്പോയി.
ആധി കൊണ്ടാകാം, ബസ് നിർത്തിയിട്ടത് അവളറിഞ്ഞിട്ടുണ്ടാകില്ല. ആ വണ്ടി പുറപ്പെട്ടു എന്ന് ഉറപ്പാക്കിയശേഷമാണ് കണ്ടക്ടർ ബെല്ലടിച്ചത്; ഡ്രൈവർ വണ്ടി സ്റ്റാർട്ടാക്കിയതും.
നാഴികയ്ക്കു നാൽപത് വട്ടം കെഎസ്ആർടിസിക്കാരെ പഴി പറയുന്നവരാണ് നമ്മിൽ പലരും.
പക്ഷെ, ഇവിടെ ആ കുട്ടി ആവശ്യപ്പെടാതെതന്നെ അവർ കാണിച്ച കരുതൽ നിസീമം. ചെയ്ത ജോലിക്കുള്ള ശമ്പളത്തിനായി സമരം നടത്തിവരുന്നവരാണ് അവരെന്ന് ഓർക്കുക.
ഇതിലെ ഡ്രൈവറെയോ കണ്ടക്ടറെയോ എനിക്ക് മുൻപരിചയമില്ല. ഇപ്പോഴും അറിയില്ല. പക്ഷെ ആ എട്ട് മിനിറ്റ് കൊണ്ട് ഞാനവരെ മനസോടു ചേർത്തുനിർത്തുന്നു.
ഒരു കാര്യം ഉറപ്പ്: ഏതെങ്കിലും ജീവനക്കാരുടെയോ അവരുടെ നേതാക്കന്മാരുടെയോ വെളിവില്ലായ്മ കൊണ്ടുള്ള പ്രശ്നങ്ങൾക്ക് ഇനി ഞാൻ കെഎസ്ആർടിസിയെ അടച്ചാക്ഷേപിക്കില്ല.
മനുഷ്യപ്പറ്റുള്ള ഒരുപാടു പേരുള്ള പ്രസ്ഥാനമാണത്. ഒരിക്കൽകൂടിയല്ല, ഒരായിരം വട്ടം സല്യൂട്ട്. ആ കരുതലിന്.
(കടപ്പാട് ഫേസ്ബുക്ക്)