പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: അജ്ഞാതനായ ഫേയ്സ്ബുക്ക് കാമുകൻ സൃഷ്ടിച്ചത് മൂന്ന് കുടുംബങ്ങളെ തകർത്ത ദുരന്തങ്ങളാണ്. ഒരിക്കലും കണ്ടിട്ടില്ലാത്ത കാമുകന് വേണ്ടി സ്വന്തം ഭർത്താവിൽ ജനിച്ച കുഞ്ഞിനെ മരണത്തിന് വിട്ടുകൊടുത്ത അമ്മ ഇപ്പോൾ ജയിലിലാണ്.
ഇവർക്ക് ജീവപര്യന്തത്തിന് സമാനമായ ശിക്ഷ ലഭിക്കുമെന്നാണ് നിയമ വിദഗ്ധരുടെ അഭിപ്രായം. ഈ യുവതിയുടെ ബന്ധുക്കളായ രണ്ട് യുവതികൾ ആത്മഹത്യ ചെയ്യേണ്ടി വന്നു.
കല്ലുവാതുക്കൽ സംഭവം വിരൽ ചൂണ്ടുന്നത് ഗൗരവമായ സാമുഹിക വിഷയത്തിലേയ്ക്കാണ്. കളിതമാശയ്ക്കായോ ബോധപൂർവമോ സൃഷ്ടിക്കുന്ന വ്യാജ ഐഡികളുപയോഗിച്ച് യുവതികളെ ചതിക്കുന്നതിന്റെ ഏറ്റവും വലിയ തെളിവായി കല്ലുവാതുക്കൽ സംഭവം.
ഫേയ്സ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നെ പ്രണയമായി മാറുകയും ചെയ്യുന്ന അജ്ഞാതരുമായുള്ള ബന്ധങ്ങൾക്ക് ഇത് ശക്തമായ താക്കീതായി മാറുന്നു.
ഫോൺ ഉപയോഗിക്കുന്ന കൗമാരക്കാരെയും യുവതികളെയും ചതിക്കുഴിയിൽ വീഴ്ത്താൻ ബോധപൂർവം ഇത്തരത്തിൽ ശ്രമിക്കുന്നവരുമുണ്ട്. രക്ഷാകർത്താക്കൾ ജാഗ്രത പാലിക്കുന്നത് പ്രയോജനപ്പെട്ടേക്കും.
ഫേയ്സ്ബുക്കിലൂടെ പരിചയപ്പെട്ട, ഒരിയ്ക്കലും കണ്ടിട്ടില്ലാത്ത അജ്ഞാത കാമുകനോടൊപ്പം ജീവിക്കാനാണ് കല്ലുവാതുക്കൽ വരിഞ്ഞം ഊഴായ്ക്കോട് പേഴുവിള വീട്ടിൽ രേഷ്മ (22) സ്വന്തം ഭർത്താവിലുണ്ടായ ഗർഭം മറച്ചുവെയ്ക്കുകയും പ്രസവിച്ചപ്പോൾ നവജാത ശിശുവിനെ കരിയില കുട്ടത്തിൽ ഉപേക്ഷിച്ചതും.
കഴിഞ്ഞ ജനുവരി നാലിന് നടന്ന ഈ സംഭവത്തിൽ രേഷ്മ ദുരന്തകഥാപാത്രമായി, മറ്റുള്ളവരുടെ കണ്ണിൽ പിഞ്ചു കുഞ്ഞിനെ കൊന്ന ക്രൂരയും പൈശാചികതയും നിറഞ്ഞ കഥാപാത്രമായി വെറുപ്പ് ഏറ്റുവാങ്ങുന്നു. ഇപ്പോൾ റിമാന്റിൽ ജയിലിലും. കടുത്ത ശിക്ഷ ഇവർക്ക് കിട്ടിയേക്കും.
രേഷ്മയെ പ്രണയിച്ച് നാലരവർഷം മുമ്പ് വിവാഹം കഴിച്ച വിഷ്ണുവിന്റെ നഷ്ടവും വേദനയും സഹിക്കാവുന്നതിനപ്പുറമാണ്. നവജാത ശിശു കൊല്ലപ്പെടുകയും ഭാര്യ ജയിലിലാവുകയും സഹോദരന്റെ ഭാര്യയും സഹോദരിയുടെ മകളും ആത്മഹത്യ ചെയ്യുകയും ചെയ്ത ദുരന്തം.
രേഷ്മയുടെ ഫേയ്സ്ബുക്ക് കാമുകനെക്കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായി പോലീസ് സ്റ്റേഷനിൽ ഹാജരാകണമെന്ന് നിർദേശിച്ച ദിവസമാണ് സഹോദര ഭാര്യ ആര്യയും സഹോദര പുത്രി ഗ്രീഷ്മയും ആത്മഹത്യ ചെയ്തത്. ഇത് കേസന്വേഷണത്തെ താത്ക്കാലികമായെങ്കിലും പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
രേഷ്മ, ആര്യയുടെയും ഗ്രീഷ്മയുടെയും ഫോണുകൾ ഉപയോഗിച്ചിട്ടുണ്ട്. രേഷ്മ അറസ്റ്റിലായതോടെ ഇവർ കടുത്ത മാനസിക സമ്മർദത്തിലായിരുന്നു എന്ന് പറയുന്നു. പോലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ച ദിവസം ഇവർ ആത്മഹത്യ ചെയ്തത് ദുരൂഹതയും സംശയവും വർധിപ്പിക്കുന്നുണ്ട്.
ബന്ധുക്കൾ എന്നതിനെക്കാൾ ആത്മമിത്രങ്ങൾ കൂടിയായിരുന്ന ഇവർക്ക് രേഷ്മയുടെ ഫേയ്സ്ബുക്ക് കാമുകനെക്കുറിച്ചറിയാമെന്നും പിടിക്കപ്പെടുമെന്ന് ഉറപ്പായതോടെ ആത്മഹത്യ ചെയ്തതാണെന്നും പോലീസ് സംശയിക്കുന്നുണ്ട് പോലീസ് ഈ തലത്തിലും അന്വേഷണത്തിന് തുടക്കം കുറിച്ചിട്ടുണ്ട്.