റെനീഷ് മാത്യു
കണ്ണൂർ: സോഷ്യൽ മീഡിയയിലൂടെ മദ്യപാനത്തിനും മദ്യപിക്കുന്നവർക്കും പ്രോത്സാഹനം നൽകുന്ന ജിഎൻപിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) എന്ന ഫെയ്സ്ബുക്ക് പേജിനെതിരേ നടപടിയെടുക്കാൻ എക്സൈസ് വകുപ്പ്.
ജിഎൻപിസി ഫെയ്സ്ബുക്ക് പേജ് ലഹരിയെ പ്രോത്സാഹിപ്പിക്കുന്നുണ്ടോയെന്ന് അന്വേഷിക്കാൻ നിർദേശം നല്‍കിയതായി എക്സൈസ് കമ്മീഷ്ണർ ഋഷിരാജ് സിംഗ് രാഷ്ട്രദീപികയോട് പറഞ്ഞു. മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിൽ ഗ്രൂപ്പിൽ വരുന്ന പോസ്റ്റുകളിൽ എക്സൈസ് വകുപ്പ് നിരീക്ഷണം ഏർപ്പെടുത്തി.
മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലായെന്നും എന്നാൽ ഉത്തരവാദിത്വത്തോടെയുള്ള മദ്യപാനം പ്രോത്സാഹിപ്പിക്കുന്നുവെന്നാണ് ഗ്രൂപ്പിന്റെ ആപ്തവാക്യം. മദ്യപാനം വ്യാപകമായ രീതിയിൽ പ്രോത്സാഹിപ്പിക്കുകയാണ് ജിഎൻപിസി ചെയ്യുന്നതെന്നാണ്
മദ്യനിരോധനസംഘടനകൾ പറയുന്നത്. മദ്യകച്ചവടക്കാരുടെ വ്യാപകമായ പിന്തുണയും ഗ്രൂപ്പിനുണ്ടെന്ന് അവർ ആരോപിക്കുന്നു. ഫെയ്സ്ബുക്ക് പേജിനെതിരേ നിയമനടപടികൾക്കും മദ്യനിരോധനസംഘടനകൾ ഒരുങ്ങുന്നുണ്ട്.
സംസ്ഥാനത്ത് ലഹരിക്കെതിരേ വ്യാപകമായ ബോധവത്കരണം നടന്നു വരുന്നതിനിടയാണ് എങ്ങനെ മദ്യപിക്കണം, മദ്യത്തിന്റെ കൂടെ വേണ്ട ഭക്ഷണങ്ങൾ എന്തെല്ലാം, പുതിയ ബ്രാൻഡുകൾ തുടങ്ങിയ കാര്യങ്ങളാണ് കൂടുതലും ജിഎൻപിസിയിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്നത്.
2017 മേയ് ഒന്നിന് തുടങ്ങിയ ഗ്രൂപ്പില്‍ 17 ലക്ഷം അംഗങ്ങൾ ഗ്രൂപ്പിലുണ്ട്. തിരുവനന്തപുരം സ്വദേശിയും ബ്ലോഗറുമായ ടി.എല്‍ അജിത്ത്കുമാറാണ് ഗ്രൂപ്പിന്റെ അഡ്മിൻ.
കേരളത്തിലെ ഏറ്റവും വലിയ ഗ്രൂപ്പും ഇന്ത്യയിലെ ആറാമത്തെ ഗ്രൂപ്പും ലോകത്തിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പുമാണ് ജിഎൻപിസിയെന്ന് അജിത്ത് കുമാർ ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ജിഎൻപിസി സ്വന്തമായി ലോഗോയും ഇറക്കിയിട്ടുണ്ട്. ജിഎൻപിസിയിൽ മെന്പർ ആയാൽ ചില ബാറുകളിൽ 10 ശതമാനം വരെ ഡിസ്കൗണ്ടും നല്കി വരുന്നുണ്ട്.
23 വയസിനു മുകളിലുള്ളവരെ മാത്രമേ ഗ്രൂപ്പിൽ ആഡ് ചെയ്യാമെന്നുള്ളൂവെന്നു പറയുന്നുണ്ടെങ്കിലും വിദ്യാർഥികൾ തന്നെയാണു ഗ്രൂപ്പിൽ ഭൂരിഭാഗവും. വിവിധ രാജ്യങ്ങളില്‍ ജീവിക്കുന്ന മലയാളികള്‍ ഇപ്പോള്‍ ജിഎന്പിസിയില് അംഗങ്ങളാണ്.
കേരളത്തിലെ കളളുഷാപ്പിലെ വിശേഷങ്ങള്‍ മുതല്‍ അമേരിക്കയിലേയും യൂറോപ്പിലേയും വന്‍കിട മദ്യശാലകളിലെ വിശേഷങ്ങളും ഗള്‍ഫ് നാടുകളിലെ കുടുസു മുറികളിലെ മദ്യപാന ആഘോഷങ്ങളുമെല്ലാം ജിഎന്പിസിയില് ഷെയര്‍ ചെയ്യപ്പെടുന്നു. ഗ്രൂപ്പിൽ അംഗങ്ങൾ പോസ്റ്റ് ചെയ്യുന്ന പോസ്റ്റുകൾ അഡ്മിന്റെ അംഗീകാരം ചെയ്താൽ മാത്രമേ പോസ്റ്റാവുകയുള്ളൂ.