അനന്തു എന്നാണ് കാമുകന്റെ പേരെന്നും ബാങ്കിലാണ് ജോലി എന്നും മാത്രമാണ് കാമുകനെപ്പറ്റി രേഷ്മയ്ക്ക് ആകെ അറിയാവുന്നത്.
കാമുകനെ ഒരിക്കൽ പോലും നേരിട്ടു കണ്ടിട്ടില്ലെന്നു മാത്രമല്ല ശബ്ദം പോലും കേട്ടിട്ടില്ല. ചാറ്റിംഗ് മാത്രമാണ് ആകെയുള്ള ബന്ധം.
പലപ്പോഴും കാമുകനെ നേരിൽ കാണണമെന്നു രേഷ്മ ചാറ്റിംഗിൽ വാശി പിടിച്ചിരുന്നു. ഒരിക്കൽ വർക്കലയിൽ എത്താനും പിന്നീടൊരിക്കൽ പരവൂരിൽ എത്താനും കാമുകൻ നിർദേശിച്ചു.
രണ്ടിടത്തും രേഷ്മ കൃത്യസമയത്ത് എത്തി മണിക്കൂറുകളോളം കാത്തു നിന്നെങ്കിലും കാമുകൻ എത്തിയില്ല. ഇതേപ്പറ്റി പിന്നീടു ചോദിച്ചപ്പോൾ ഒഴികഴിവുകൾ പറഞ്ഞു കാമുകൻ ആശ്വസിപ്പിച്ചു.
വിചിത്രമായ പ്രണയകഥ കേട്ടു പോലീസ് മാത്രമല്ല നാട്ടുകാരും അത്ഭുതപ്പെട്ടു. കാമുകനാരെന്നറിയാതെയുള്ള രേഷ്മയുടെ പ്രണയകഥ കേട്ടവർ അതിശയിച്ചു.
അമിതമായ ചാറ്റിംഗ്
രേഷ്മ കാമുകനെത്തേടി വർക്കല പോയ ദിവസം വർക്കലയിൽ വച്ച് ഭർത്താവ് വിഷ്ണുവിന്റെ പാരിപ്പള്ളിയിലുള്ള ഒരു കൂട്ടുകാരൻ രേഷ്മയെ കണ്ടിരുന്നു.
അയാൾ അപ്പോൾത്തന്നെ രേഷ്മയെ കണ്ട കാര്യം വിഷ്ണുവിനെ വിളിച്ചറിയിക്കുകയും ചെയതു. അനന്തു എന്ന സംശയത്തിൽ പോലീസ് പാരിപ്പള്ളി സ്വദേശിയായ ഈ യുവാവിനെയും ചോദ്യം ചെയ്തിരുന്നു.
രേഷ്മയുടെ അമിതമായ ഫോൺ ചാറ്റിംഗ് വീട്ടിലും പ്രശ്നമായിരുന്നു. വീട്ടുജോലികൾ പോലും ചെയ്യാതെയും മൂന്നര വയസുള്ള പെൺകുഞ്ഞിനെയും അവഗണിച്ചു കൊണ്ടുമായിരുന്നു രേഷ്മയുടെ ചാറ്റിംഗ്.
ഇത് അസഹ്യമായപ്പോൾ രേഷ്മയുടെ ഫോൺ എറിഞ്ഞുടയ്ക്കുകയും സിം കാർഡ് ഒടിച്ചു കളയുകയും ചെയ്തതായി വിഷ്ണു പോലീസിനു മൊഴി നല്കിയിട്ടുണ്ട്.
ആര്യയുടെ ഫോൺ
സ്വന്തം ഫോൺ നഷ്ടപ്പെട്ട ശേഷം വിഷ്ണുവിന്റെ സഹോദരൻ രൺജിത്തിന്റെ ഭാര്യ ആര്യയുടെ ഫോൺ രേഷ്മ ഉപയോഗിക്കാൻ തുടങ്ങി.
സഹോദര ഭാര്യമാരായ ആര്യയും രേഷ്മയും ഏകദേശ സമപ്രായക്കാരും അന്ന് ഒരേ വീട്ടിൽ താമസവുമായിരുന്നു. വിഷ്ണുവിന്റെ സഹോദരി രജിതയും തൊട്ടടുത്ത വീട്ടിലാണ് താമസം.
രജിതയുടെ ഇളയ മകൾ ഗ്രീഷ്മ എപ്പോഴും ഈ വീട്ടിലായിരുന്നു. അത്രയേറെ അടുപ്പമായിരുന്നു അമ്മാവിയും മരുമകളുമായി. ബിരുദം കഴിഞ്ഞ് ഏവിയേഷൻ കോഴ്സിനു പഠിക്കുകയായിരുന്നു ഗ്രീഷ്മ .
ദുർവാശിക്കാരിയായിരുന്നു രേഷ്മ. സ്കൂൾ വിദ്യാഭ്യാസ കാലത്തു കലാ-കായിക മത്സരങ്ങളിൽ പങ്കെടുക്കുമായിരുന്നു.
വിഷ്ണുവുമായി പ്രണയത്തിലാവുകയും ഗർഭിണിയാവുകയും ചെയ്തു. ഗർഭിണിയായിരിക്കുമ്പോഴാണ് വിഷ്ണു രേഷ്മയെ ഭാര്യയാക്കി വീട്ടിലേക്കു കുട്ടി കൊണ്ടുപോയത്.
രണ്ടു മക്കളുമായി എത്തുന്നതു കാമുകന് ഇഷ്ടപ്പെടില്ലെന്നു കരുതിയാണ് നവജാത ശിശുവിനെ ഉപക്ഷിച്ചതെന്നാണ് പോലീസിനു രേഷ്മ നൽകിയ മൊഴി.
രേഷ്മയെ റിമാൻഡ് ചെയ്തു തിരുവനന്തപുരം അട്ടകുളങ്ങര ജയിലിലേക്കയച്ചു. കോവിഡ് പോസ്റ്റിറ്റീവായതിനാൽ രേഷ്മയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യാൻ കഴിയാത്ത അവസ്ഥയിലാണ് പോലീസ്.
ഇതിനിടെ രേഷ്മയുടെ കാമുകനെ കണ്ടെത്താൻ സൈബർ സെൽ മുഖേന പോലീസ് ശാസ്ത്രീയ അന്വേഷണം ആരംഭിച്ചു. രേഷ്മയ്ക്ക് 14 ഫേസ്ബുക്ക് അക്കൗണ്ടുകളുണ്ടായിരുന്നതായി കണ്ടെത്തി.
(തുടരും)