ന്യൂഡൽഹി: ഫേസ്ബുക്കിൽ അക്കൗണ്ട് ആരംഭിക്കാനും ആധാർ കാർഡ് നിർബന്ധമാക്കുന്നു. പുതുതായി അക്കൗണ്ട് ആരംഭിക്കുന്നവരോട് ആധാർ വിവരങ്ങൾ ആവശ്യപ്പെടാൻ തീരുമാനിച്ചെന്ന റിപ്പോർട്ടുകൾ ഫേസ്ബുക്ക് സ്ഥിരീകരിച്ചു. പുതിയ അക്കൗണ്ട് ആരംഭിക്കുന്നവർ ആധാർ കാർഡിലെ പേരുതന്നെ അക്കൗണ്ടിൽ നൽകണമെന്നാണ് ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്.
ഫേസ്ബുക്കിലെ വ്യാജ അക്കൗണ്ടുകൾ നശിപ്പിക്കുന്നതിന്റെ ഭാഗമായാണ് നീക്കമെന്നാണ് ഫേസ്ബുക്കിന്റെ ഒൗദ്യോഗിക വിശദീകരണം. മൊബൈൽ ഫോണിലൂടെ അക്കൗണ്ട് ആരംഭിക്കുന്നവരോടാണ് ആധാറിലെ പേരുതന്നെ നൽകാൻ ഫേസ്ബുക്ക് ആവശ്യപ്പെടുന്നത്. ആധാർ നന്പർ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചോദിക്കുന്നില്ലെങ്കിലും ഭാവിയിൽ ഇതു സംഭവിക്കുമെന്നാണ് കന്പനിവൃത്തങ്ങൾ നൽകുന്ന സൂചന.
യുഎസ് കഴിഞ്ഞാൽ ഫേസ്ബുക്കിന് ഏറ്റവും കൂടുതൽ അംഗങ്ങളുള്ള രാജ്യമാണ് ഇന്ത്യ. 24.1 കോടി അക്കൗണ്ടുകളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ നിരവധി വ്യാജ അക്കൗണ്ടുകളുമുണ്ട്. ഫേസ്ബുക്കിൽ അക്കൗണ്ട് തുടങ്ങുന്നതിന് ആധാർ വിവരങ്ങൾ ആവശ്യപ്പെടുന്ന വിവരം മറ്റൊരു സമൂഹമാധ്യമമായ ട്വിറ്ററിലാണ് പ്രത്യക്ഷപ്പെട്ടത് എന്നതാണ് വൈരുദ്ധ്യം.