‘കുമരകം: ദുരിതാശ്വാസ കിറ്റ് വിതരണത്തിൽ രാഷ്ട്രീയ താൽപര്യങ്ങൾ സംരക്ഷിച്ചതായുള്ള ഫേസ് ബുക്ക് പോസ്റ്റിന്റെ പേരിൽ കുമരകത്ത് രണ്ടു ദിവസമായി തുടരുന്ന സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പോലീസ് നിരീക്ഷണം ശക്തമാക്കി. കുമരകത്ത് ഒരു സംഘടന നൽകിയ പ്രളയദുരിതാശ്വാസ കിറ്റ് വിതരണത്തെച്ചൊല്ലിയാണ് സംഘർഷം ഉടലെടുത്തത്. സംഘർഷത്തിൽ ഗർഭിണിയായ യുവതിക്ക് ഉൾപ്പെടെ മർദ്ദനമേറ്റിരുന്നു.
കുമരകം ചൂളഭാഗത്തിന് സമീപമാണ് ഇന്നലെ സംഘർഷമുണ്ടായത്. രണ്ട് ദിവസങ്ങളിലായാണു മൂന്നു വ്യത്യസ്ത ആക്രമണങ്ങൾ ഉണ്ടായത്. ഫേസ്ബുക്ക് പോസ്റ്റ് ഇട്ട ചൂളഭാഗം കുരിശുംമൂട്ടിൽ മനോജിനെ പൂങ്കശേരിൽ സുധീർ, സുഹൃത്തുക്കളായ ഗിരീഷ്, ജിബി എന്നിവർ വീട്ടിൽ കയറി ആക്രമിച്ചു. മനോജിന്റെ ഗർഭിണിയായ ഭാര്യ ചൈതന്യക്ക് ചെവിക്കു പിന്നിൽ മർദ്ദനമേറ്റു.
നിലത്തു വീണ ഭാര്യയെ രക്ഷിക്കാൻ ശ്രമിച്ച മനോജിനെ സുധീറും സംഘവും ക്രൂരമായി മർദ്ദിച്ചെന്നും തന്റെ വസ്ത്രം കീറിയെന്നും ചൈതന്യ പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. 5000 രൂപ വരുന്ന ദുരിതാശ്വാസ കിറ്റുകൾ വേൾഡ് വിഷൻ എന്ന സംഘടന കുമരകത്ത് ചൊവ്വാഴ്ച വിതരണം ചെയ്തിരുന്നു. പൊതുപ്രവർത്തകർ വഴി രണ്ടാം വാർഡിലേയും മൂന്നാം വാർഡിലേയും വീട്ടുകാർക്ക് കൂപ്പണുകൾ നൽകിയാണു കിറ്റുകൾ വിതരണം ചെയ്തത്.
കൂപ്പണുകൾ രാഷ്ട്രീയം കണക്കാക്കി വിതരണം ചെയ്തുവെന്ന് മനോജ് ഫേസ് ബുക്കിൽ പോസ്റ്റു ചർച്ച ചെയ്തതാണ് സംഘർഷമുണ്ടാക്കിയത്. ബുധനാഴ്ച രാത്രി 9.45നു പൂങ്കശേരി സുധീറിന്റെ വീടിനുനേരെ ആക്രമണം നടന്നു. സംഭവത്തിൽ സുധീറിന്റെ വീടിന്റെ ജനൽച്ചില്ലുകൾ തകർന്നു.കണ്ടാൽ അറിയാവുന്ന നാല് പേരാണ് ആക്രമണത്തിനു പിന്നിലെന്ന് ചൂണ്ടിക്കാട്ടി സുധീറിന്റെ മാതാവ് പാർവതി പോലീസിൽ പരാതി നൽകി.
പിന്നീട് രാത്രി 10നു സുധീറിന് എതിരേ കള്ളക്കേസ് കൊടുത്തുവെന്നു പറഞ്ഞ് കവണാറ്റിൻകര സാംജി, പള്ളിച്ചിറ ഉണ്ണി എന്നിവർ ചേർന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതായി മനോജിന്റെ ഭാര്യ ചൈതന്യയും പോലീസിൽ പരാതി നൽകി. ഇരു വിഭാഗത്തിനുമെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തതായി കുമരകം എസ്ഐ ജി. രജൻ കുമാർ പറഞ്ഞു.