ഫോട്ടോ ഷോപ്പില്‍ എഡിറ്റ് ചെയ്ത് സ്ത്രീയുടെ നഗ്ന ചിത്രമുണ്ടാക്കി പണം തട്ടാന്‍ ശ്രമിച്ചയാളെ കണ്ട് പരാതിക്കാരി ഞെട്ടി. തന്റെ നാട്ടുകാരനും നല്ല പരിചയക്കാരനുമായ യുവവാവ് ഇതിനു പിന്നിലെന്ന് പ്രതിയെ അറസ്റ്റു ചെയ്തപ്പോഴാണ് പരാതിക്കാരിക്ക് മനസിലായത്. നീണ്ടൂര്‍ പ്രാവട്ടം മഠത്തിപ്പറന്പില്‍ എം.വി. അനീഷ് (മുത്തു-29) ആണ് ഇന്നലെ പോലീസിന്റെ പിടിയിലായത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും. തനിക്ക് നല്ല പരിചയമുള്ള സ്ത്രീയുടെ ചിത്രം ഫേസ് ബുക്കില്‍ നിന്നെടുത്ത് മോര്‍ഫ് ചെയ്താണ് നഗ്നചിത്രമാക്കിയത്.
പിന്നീട് സ്ത്രിയുടെ വാര്‍ട്സ് ആപ്പിലേക്ക് അയച്ചുകൊടുത്തു. പിന്നീടുള്ള എല്ലാ നിര്‍ദേശങ്ങളും വാര്‍ട്സ് ആപ്പിലൂടെയായിരുന്നു. ഒരിക്കലും ഫോണില്‍ സംസാരിച്ചിരുന്നില്ല. പണം ചോദിച്ചതും എവിടെയാണ് വയ്ക്കേണ്ടതെന്നുമൊക്കെയുള്ള വിവരങ്ങള്‍ വാര്‍ട് ആപ്പിലൂടെയാണ് നല്‍കിയത്. അതിനാല്‍ ഒരിക്കല്‍ പോലും പരാതിക്കാരിക്ക് ആളെ തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല. കൂടുതല്‍ തട്ടിപ്പിനുള്ള തയാറെടുപ്പിലായിരുന്നു അനീഷ് എന്ന് പോലീസ് പറഞ്ഞു.
നിരവധി സ്ത്രീകളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ ഇയാളുടെ മൊബൈല്‍ ഫോണിലുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കോട്ടയം ഡിവൈഎസ്പി ആര്. ശ്രീകുമാറിന് വീട്ടമ്മ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാള്‍ പിടികൂടിയത്.
ഇന്റര്‍നെറ്റില്‍ നിന്നും വ്യാജ നമ്പര്‍ എടുത്ത് അതുപയോഗിച്ച് വാട്സ് ആപ് അക്കൗണ്ട് തുറക്കുന്ന ഇയാള്‍ പരിചയമുള്ള സ്തീകളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്ത് നഗ്നഫോട്ടോകളായി മാറ്റിയശേഷം അവരുടെ വാട്സ് ആപ് നമ്പരിലേയ്ക്ക് നഗ്ന ഫോട്ടോ അയയ്ക്കുകയും ഭര്‍ത്താവിനും ബന്ധുക്കള്‍ക്കും അയച്ചുകൊടുക്കുമെന്നും ഇന്റര്‍നെറ്റില്‍ അപ്പ് ലോഡ് ചെയ്യുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.
ഈ കേസിലെ പരാതിക്കാരിയ വീട്ടമ്മയില്‍ നിന്നും അഞ്ചു ലക്ഷം രൂപയാണ് ഇയാള്‍ ആവശ്യപ്പെട്ടത്. കോട്ടയം ഡിവൈഎസ്പിയ്ക്ക് പരാതി നല്കിയ വീട്ടമ്മ പിന്നീട് പോലീസിന്റെ നിര്‍ദ്ദേശമനുസരിച്ച് രൂപ തരാം എന്ന് സമ്മതിച്ചശേഷം രാവിലെ ഏറ്റുമാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ എത്താന്‍ ഇയാളോട് ആവശ്യപ്പെട്ടു. പിന്നീട് വാട്സ് ആപ് മേസേജുകളിലൂടെ വൈക്കം റോഡില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ എത്തി വലത്തേയ്ക്കുള്ള വഴിയില്‍ തിരിഞ്ഞ് കാണുന്ന കെട്ടിടത്തില്‍ സ്റ്റെപ്പിനടുത്ത് പണം വച്ചിട്ട് പോകാന്‍ ഇയാള്‍ നിര്‍ദ്ദേശിച്ചു.
ഇയാളുടെ നീക്കങ്ങള്‍ കൃത്യമായി പിന്തുടര്‍ന്ന പോലീസ് രംഗം നിരീക്ഷിച്ചുകൊണ്ടിരുന്ന ഇയാളെ ഫോണ്‍ സഹിതം പിടികൂടുകയായിരുന്നു. ഇയാള്‍ ഇതിനു മുമ്പു വധശ്രമക്കേസിലും പ്രതിയാണ്. ഏറ്റുമാനൂര്‍ വില്ലേജ് ഓഫീസിനു സമീപം കംപ്യൂട്ടര്‍ ഡിടിപി ഗ്രാഫിക്സ് ജോലികള്‍ ചെയ്ത് കൊടുക്കുന്ന സ്ഥാപനം നടത്തുകയാണ് ഇയാള്‍.