ഹാക്കിംഗ് അറിയാവുന്ന ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടില്‍ കയറിപ്പറ്റാം! ഫേസ്ബുക്കിനെ പിഴവ് ചൂണ്ടിക്കാട്ടി കൊട്ടാരക്കര സ്വദേശി; പാരിതോഷികം 7500 ഡോളര്‍

തെറ്റുകള്‍ വലുതായാലും ചെറുതായാലും ഒരുപോലെ അസ്വീകാര്യമാണ്. ഇത്തരത്തില്‍ ചെറിയ ചെറിയ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവര്‍ക്ക് ഫേസ്ബുക്ക് പോലുള്ള വന്‍കിട സോഫ്റ്റ്‌വെയര്‍ കമ്പനികള്‍ വലിയ തുകകള്‍ പാരിതോഷികമായി നല്‍കുന്നത് പതിവാണ്. മലയാളികള്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ കോണുകളില്‍ നിന്നുള്ളവര്‍ പലതരത്തിലുള്ള തെറ്റുകള്‍ ചൂണ്ടികാണിച്ചുകൊണ്ട് ഇത്തരം കമ്പനികളുടെ പ്രീതിയ്ക്ക് കാരണമായിട്ടുണ്ട്. കൊട്ടാരക്കര സ്വദേശി ജോണ്‍സ് സൈമണാണ് ഇപ്പോള്‍ ഇത്തരത്തിലൊരു നേട്ടം കൈവരിച്ചിരിക്കുന്നത്.

ചെറിയൊരു തെറ്റ് ചൂണ്ടിക്കാട്ടിയതിനു ഫേസ്ബുക്കിന്റെ പ്രതിഫലമാകട്ടെ, 7500 ഡോളറും(4.8 ലക്ഷം രൂപ). ‘ക്രോസ് സൈറ്റ് സ്‌ക്രിപ്റ്റിങ്’ എന്ന പിഴവാണ് (ബഗ്) ഫേസ്ബുക് മൊബൈല്‍ ലോഗിന്‍ പേജില്‍ ജോണ്‍സ് കണ്ടെത്തിയത്. അല്‍പം ഹാക്കിംഗ് ബുദ്ധിയുള്ള ആര്‍ക്കും മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ഐഡിയും പാസ്‌വേഡും കണ്ടെത്തി നുഴഞ്ഞുകയറാമായിരുന്നു. പിഴവ് ഗുരുതരമായിരുന്നതിനാല്‍ സമ്മാനത്തുകയും കൂടി. ഫേസ്ബുക് 2013ല്‍ ആരംഭിച്ച ‘വൈറ്റ് ഹാറ്റ് ഹാക്കേഴ്‌സ്’ (നല്ല കാര്യങ്ങള്‍ക്കായി ഹാക്കിങ് ഉപയോഗിക്കുന്നവരുടെ കൂട്ടായ്മ) എന്ന ഫോറത്തില്‍ അംഗമാണ് ജോണ്‍സ്.

ഫേസ്ബുക് സോഫ്റ്റ്‌വെയറിന്റെയും മറ്റും പിഴവുകള്‍ കമ്പനിയെ അറിക്കാനായാണ് ഇത്തരമൊരു ഫോറം രൂപീകരിച്ചത്. ആദ്യമായല്ല ജോണ്‍സ് ‘ബഗ്’ ചൂണ്ടിക്കാട്ടി സമ്മാനം നേടുന്നത്. മൈക്രോസോഫ്റ്റ്, പേടിഎം, ഫ്‌ളിപ്കാര്‍ട്ട്, ഇ– ബേ തുടങ്ങിയ കമ്പനികളുടെയൊക്കെ ഹാള്‍ ഓഫ് ഫെയിമില്‍ ജോണ്‍സുണ്ട്. ഇത്തരത്തില്‍ പിഴവുകള്‍ ചൂണ്ടിക്കാട്ടി സഹായിക്കുന്നവരെയാണ് കമ്പനികള്‍ ഹാള്‍ ഓഫ് ഫെയിമില്‍ ഉള്‍പ്പെടുത്തുന്നത്. ശാസ്താംകോട്ട ബസേലിയോസ് മാത്യൂസ് സെക്കന്‍ഡ് എന്‍ജിനീറിംഗ് കോളജില്‍ നിന്നു ബിടെക് കഴിഞ്ഞ ജോണ്‍സ് ഇപ്പോള്‍ നെറ്റ്‌വര്‍ക്കിംഗ് മേഖലയില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.

 

 

Related posts