ലണ്ടൻ: ഫേസ്ബുക്ക് തങ്ങളുടെ ഉപയോക്താക്കളുടെ വിവരങ്ങൾ രാഷ്ട്രീയ ആവശ്യത്തിന് ഉപയോഗിക്കാൻ നല്കിയതിനെ ചൊല്ലിയുള്ള വിവാദം രൂക്ഷമാകുന്നു. സ്ട്രാറ്റജിക് കമ്യൂണിക്കേഷൻസ് ലബോറട്ടറീസ് (എസ്സിഎൽ) ഗ്രൂപ്പും അതിന്റെ കീഴിലുള്ള കേംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനവുമാണ് അഞ്ചു കോടിയിലേറെപ്പേരുടെ സ്വകാര്യ വിവരങ്ങൾ കൈവശപ്പെടുത്തിയത്. അമേരിക്കയിൽ ഡോണൾഡ് ട്രംപിന്റെ തെരഞ്ഞെടുപ്പു പ്രചാരണത്തിന് ഈ വിവരങ്ങൾ ഉപയോഗിച്ചു.
വിവരം പുറത്തായതോടെ ഫേസ്ബുക്ക് ഓഹരികളുടെ വില എട്ടു ശതമാനം ഇടിഞ്ഞു. ഉടമ മാർക്ക് സുക്കർബർഗിന്റെ സന്പത്ത് 600 കോടി ഡോളർ കുറഞ്ഞു. ഫേസ്ബുക്ക് ഓഹരികളുടെ വിപണിമൂല്യത്തിൽ 3600 കോടി ഡോളർ (2.34 ലക്ഷം കോടി രൂപ) നഷ്ടമായി. കന്പനിയുടെ ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ അലക്സ് സ്റ്റാമോസ് ഇന്നലെ രാജിവച്ചതായി റിപ്പോർട്ടുണ്ട്.
റഷ്യൻ വംശജൻ
അലക്സാണ്ടർ കോഗൻ എന്ന റഷ്യൻ വംശജനായ അമേരിക്കൻ മനഃശാസ്ത്രജ്ഞനാണ് ഒരു ആപ് ഫേസ് ബുക്കിലൂടെ നല്കാൻ അനുമതി തേടിയത്. ആപ് വാങ്ങുന്നവരുടെ സ്വകാര്യവിവരങ്ങൾ അയാൾ മുന്നറിയിപ്പു നല്കി നേടിയെടുത്തു. എന്നാൽ, ഇതിനു ലഭിച്ച സാങ്കേതികസൗകര്യം ഉപയോഗിച്ച് മറ്റാൾക്കാരുടെയും വിവരങ്ങൾ ശേഖരിച്ച് എസ്സിഎലിനും അനലിറ്റിക്കയ്ക്കും നല്കി.
അനലിറ്റിക്ക എന്ന സ്ഥാപനത്തിന് ഒന്നരക്കോടി ഡോളർ (97.5 കോടി രൂപ) നല്കിയത് ട്രംപിനെ പിന്താങ്ങുന്ന കോടീശ്വരൻ റോബർട്ട് മെർസറാണ്. ട്രംപിന്റെ പ്രചാരണതന്ത്ര മേധാവി സ്റ്റീവ് ബാനനും പണം മുടക്കി. അനലിറ്റിക്കയ്ക്കു ലഭിച്ച വിവരങ്ങൾ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ട്രംപിന് അനുകൂലമായ ജനാഭിപ്രായം സൃഷ്ടിക്കാനുള്ള പ്രചാരണത്തിന് ഉപയോഗിച്ചു.
ഇന്ത്യയിലും
അനലിറ്റിക്കയുടെ മാതൃകന്പനി എസ്സിഎൽ 2010-ലെ ബിഹാർ തെരഞ്ഞെടുപ്പിൽ ജെഡി-യു-ബിജെപി സഖ്യത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. സഖ്യം വൻ വിജയം നേടുകയും ചെയ്തു. ജെഡിയു നേതാവ് കെ.സി. ത്യാഗിയുടെ പുത്രൻ അമ്രീഷ് ത്യാഗിയുടെ ഓവ്ലീൻ ബിസിനസ് ഇന്റലിജൻസുമായി സഹകരിച്ചായിരുന്നു പ്രവർത്തനം.
ഫേസ്ബുക്കിലെ ചാറ്റിംഗ് അടക്കമുള്ള പ്രവർത്തനങ്ങൾ വിശകലനം ചെയ്ത് ഒാരോ വോട്ടറെയും എങ്ങനെ സ്വാധീനിക്കാമെന്നു മനസിലാക്കുകയും അതനുസരിച്ചുള്ള സന്ദേശങ്ങൾ അയാൾക്കു നല്കുകയുമാണു കേംബ്രിജ് അനലിറ്റിക്കയും എസ്സിഎലും ചെയ്യുന്നത്.
ലണ്ടൻ ആസ്ഥാനമായുള്ള ഈ കന്പനികളുടെ പ്രവർത്തനരീതി ബ്രിട്ടനിലെ ചാനൽ ഫോർ ഒരു രഹസ്യ ഓപ്പറേഷനിലൂടെ ഞായറാഴ്ച വെളിപ്പെടുത്തി.
എതിരാളികളെ തകർക്കാൻ പെൺവിഷയമടക്കം എന്തും ഉണ്ടാക്കി പ്രചാരം കൊടുക്കുന്നതും ഇവർ ഏറ്റെടുക്കും. രണ്ടു കന്പനികളുടെയും തലവൻ അലക്സാണ്ടർ നിക്സ് എന്ന 42 വയസുകാരനിൽനിന്നാണു രഹസ്യം ചോർത്തിയത്.
രഹസ്യങ്ങൾ പുറത്തുവന്നതോടെ ബ്രിട്ടനിലും അമേരിക്കയിലും ഫേസ്ബുക്കിനും മറ്റു രണ്ടു കന്പനികൾക്കുമെതിരേ അന്വേഷണം തുടങ്ങി. തങ്ങൾ കേംബ്രിജ് അനലിറ്റിക്കയെയും ബന്ധപ്പെട്ടവരെയും ഫേസ്ബുക്കിൽ പ്രവേശിക്കുന്നതിൽനിന്നു വിലക്കിയെന്നും മറ്റും ഫേസ്ബുക്ക് അറിയിച്ചു.
സുക്കർബർഗ് ഹാജരാകണം
ഫേസ്ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗ് തങ്ങൾക്കു മുന്പാകെ ഹാജരായി മൊഴി നല്കണമെന്നു ബ്രിട്ടീഷ് പാർലമെന്റിന്റെ ഡിജിറ്റൽ-മാധ്യമ-സംസ്കാര-കായിക കമ്മിറ്റി ആവശ്യപ്പെട്ടു. വ്യാജവാർത്ത സംബന്ധിച്ച അന്വേഷണങ്ങളുടെ ഭാഗമായുള്ള തെളിവെടുപ്പിനാണിത്. ഗാർഡിയൻ, ന്യൂയോർക്ക് ടൈംസ് പത്രങ്ങളും ചാനൽ ഫോറും കേംബ്രിജ് അനലിറ്റിക്കയുടെ ഡാറ്റാമോഷണം പുറത്തുവിട്ടതോടെയാണ് അന്വേഷണം സുക്കർബർഗിലേക്കു തിരിഞ്ഞത്.
സ്വകാര്യത ലംഘിക്കപ്പെടുകയും ഡാറ്റ സുരക്ഷിതമല്ലാതിരിക്കുകയും ഓരോരുത്തരെയും സ്വാധീനിക്കാവുന്ന വിധം വ്യാജങ്ങളടങ്ങിയ സന്ദേശങ്ങൾ ഓരോരുത്തരിലേക്ക് എത്തുകയും ചെയ്യുന്ന സാഹചര്യത്തിന്റെ ഏറ്റവും വലിയ ഉദാഹരണമായാണു ഫേസ്ബുക്കിലെ വിവരംചോർത്തലിനെ കാണുന്നത്.