കരിമണ്ണൂർ: ഫേസ് ബുക്ക് പോസ്റ്റിനു കമന്റിട്ടതിന്റെ പേരിൽ ഹോട്ടൽ തൊഴിലാളിയുടെ കൈയും കാലും സിപിഎം പ്രവർത്തകർ തല്ലിയൊടിച്ച സംഭവത്തിൽ പോലീസ് കൂടുതൽ പ്രതികൾക്കായി അന്വേഷണം തുടങ്ങി.
കേസുമായി ബന്ധപ്പെട്ട് രണ്ടുപേരെയാണ് പോലീസ് ഇതുവരെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.കരിമണ്ണൂർ കന്പിപാലം വെച്ചൂർ ജോസഫ്(51)നെയാണ് കന്പിവടിയുൾപ്പെടെയുള്ള മാരകായുധങ്ങളുമായി സംഘംചേർന്ന് ക്രൂരമായി മർദിച്ച് കാലും കൈയും തല്ലിയൊടിച്ചത്.
ഡിവൈഎഫ്ഐ കരിമണ്ണൂർ ബ്ലോക്ക് പ്രസിഡന്റ് കൊടുവേലി പുളിയംപള്ളിൽ സോണി സോമി (26), ഉടുന്പന്നൂർ മേഖലാ ട്രഷറർ പുത്തൻപുരയ്ക്കൽ അനന്ദു സന്തോഷ് (26) എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇവരാണ് ബൈക്കിലെത്തി ജോസഫിനെ കന്പിവടിക്ക് ക്രൂരമായി ആക്രമിച്ചതെന്ന് കരിമണ്ണൂർ എസ്എച്ച്ഒ സുമേഷ് സുധാകരൻ പറഞ്ഞു. ഇവരും സിപിഎം ഏരിയ സെക്രട്ടറി പി.പി. സുമേഷടക്കം നാലു പേർക്കെതിരെയും കണ്ടാലറിയാവുന്ന 25 പേർക്കെതിരെയുമാണ് കേസ്. പി.പി.സുമേഷ് കേസിൽ മൂന്നാം പ്രതിയാണ്.
തികച്ചും ആസൂത്രിതമായാണ് പ്രതികൾ ജോസഫിനെ ആക്രമിച്ചത്. കരിമണ്ണൂരിൽ കേരള കോണ്‍ഗ്രസ്-എം മണ്ഡലം പ്രസിഡന്റായി പുതിയതായി തെരഞ്ഞെടുക്കപ്പെട്ടയാളുടെ ഫോട്ടോ സ്വകാര്യവ്യക്തി ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇതിനുതാഴെ സമീപനാളിൽ തെരഞ്ഞെടുക്കപ്പെട്ട സിപിഎം ഏരിയ സെക്രട്ടറിയെ സംബന്ധിച്ച് ജോസഫ് എഴുതിയ കമന്റാണ് മർദനത്തിനു കാരണമായത്. കമന്റിട്ടതിനുശേഷം ജോസഫിന് നിരന്തരം ഭീഷണി ഉണ്ടായിരുന്നു.
ഭീഷണിയെത്തുടർന്നു ചൊവ്വാഴ്ച ഉച്ചയോടെ ഫേസ്ബുക്ക് പോസ്റ്റ് നീക്കംചെയ്തിരുന്നു.സംഭവദിവസം ഭീഷണിയുണ്ടായതിനെത്തുടർന്ന് മകനെ വിളിച്ചുവരുത്തി ഒന്നിച്ചു പോകാനാണ് ജോസഫ് തീരുമാനിച്ചത്.
കോണ്‍ഗ്രസ് നേതാവിന്റെ പേരിൽ ജോസഫ് ഫോണിൽ വിളിച്ച് നിൽക്കുന്ന സ്ഥലം തിരിച്ചറിയുകയും അവിടെയെത്തി മർദിക്കുകയുമായിരുന്നു.
ജോസഫിന്റെ മകൻ ജോജോ നാലുവർഷം മുന്‍പ് ഡിവൈഎഫ്ഐ വിട്ട് യൂത്ത് കോണ്‍ഗ്രസിൽ ചേർന്നിരുന്നു.ജോസഫിന് തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തി.
ഇതിനിടെ മുഴുവൻ പ്രതികളെയും അറസ്റ്റ് ചെയ്യണമെന്ന് കോണ്‍ഗ്രസും ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ ഡിവൈഎഫ്ഐ പ്രവർത്തകരെ ആക്രമിച്ചപ്പോഴാണ് ജോസഫിന് പരിക്കേറ്റതെന്നാണ് സിപിഎം നേതൃത്വത്തിന്റെ വിശദീകരണം.