ന്യൂഡൽഹി: ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനായി യുവാവ് മാതാപിതാക്കളെ കൊലപ്പെടുത്തി. തെക്കുകിഴക്കൻ ഡൽഹിയിലെ ജാമിയ നഗറിലാണു സംഭവം. അബ്ദുൾ റഹ്മാൻ എന്ന 26-കാരനാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയത്. ഇയാൾ മാതാപിതാക്കളുടെ ഒറ്റ മകനായിരുന്നു.
റഹ്മാന്റെ ആദ്യ വിവാഹം ബന്ധം വേർപെടുത്തിയിരുന്നു. ഇതിനുശേഷം, രണ്ടു വർഷംമുന്പ് കാണ്‍പൂരിൽനിന്നുള്ള ഒരു യുവതിയുമായി അബ്ദുൾ റഹ്മാൻ ഫേസ്ബുക്കിലൂടെ ബന്ധം സ്ഥാപിച്ചു. ഇതിനിടെ മറ്റൊരു സ്ത്രീയെ ഇയാൾ വിവാഹം ചെയ്യുകയും ചെയ്തു. എന്നിരുന്നാലും കാണ്‍പുർ സ്വദേശിനിയുമായുള്ള ബന്ധം തുടർന്നു. വിവാഹ വാഗ്ദാനത്തിൻമേലാണ് ഈ ബന്ധം തുടർന്നത്.
അടുത്തിടെ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട യുവതിയെ വിവാഹം ചെയ്യണമെന്ന് ഇയാൾ മാതാപിതാക്കളോടു നിർബന്ധം പിടിച്ചു. എന്നാൽ മാതാപിതാക്കൾ ഇതിനെ എതിർത്തു.
ലഹരിക്ക് അടിമയായിരുന്ന അബ്ദുൾ റഹ്മാനെ ഇതിനിടെ ജോലി ചെയ്തിരുന്ന സ്ഥാപനത്തിൽനിന്നു പിരിച്ചുവിടുകയും ചെയ്തു. ഇതോടെയാണ് സുഹൃത്തുക്കളെ കൂട്ടുപിടിച്ച് മാതാപിതാക്കളെ കൊലപ്പെടുത്തി സ്വത്ത് കൈവശപ്പെടുത്താൻ അബ്ദുൾ റഹ്മാൻ പദ്ധതിയിട്ടത്.
നദീം ഖാൻ, ഗുഡ്ഡു എന്നീ പരിചയക്കാരെ ഒപ്പം കൂട്ടിയ അബ്ദുൾ റഹ്മാൻ കൊലപാതകത്തിനു പ്രതിഫലമായി 2.5 ലക്ഷം രൂപ വാഗ്ദാനം ചെയ്തു. കഴിഞ്ഞ മാസം മാതാപിതാക്കൾ ഉറങ്ങിക്കിടക്കവെ അബ്ദുൾ റഹ്മാൻ കൂട്ടുപ്രതികളെ വിളിച്ചുവരുത്തി കൊലപാതകം നടത്തുകയായിരുന്നു. ഏപ്രിൽ 28ന് വീടിന്റെ ഒന്നാം നിലയിലാണ് തസ്ലിം ബാനു(50), ഷമിം അഹമ്മദ്(55) എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.
സംശയം തോന്നി പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണു കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. കുറ്റം സമ്മതിച്ചതോടെ പോലീസ് അബ്ദുൾ റഹ്മാന്റെയും കൂട്ടാളികളുടെയും അറസ്റ്റ് രേഖപ്പെടുത്തി.