നിങ്ങള്‍ സ്വന്തം നഗ്നചിത്രം ഫേസ്ബുക്കിന് അയച്ചുകൊടുക്കൂ അവര്‍ നിങ്ങളുടെ സുരക്ഷ ഉറപ്പാക്കും; റിവഞ്ച് പോണ്‍ തടയാന്‍ പുതിയ പദ്ധതിയുമായി ഫേസ്ബുക്ക്

റിവഞ്ച് പോണ്‍(പ്രതികാരം തീര്‍ക്കുന്നതിനായി നഗ്നചിത്രം പ്രചരിപ്പിക്കുന്നത്) തടയാന്‍ സമഗ്രമായ പദ്ധതി ആവിഷ്‌കരിച്ച് ഫേസ്ബുക്ക്. ഇതിനായി സ്വന്തം നഗ്നചിത്രം മെസഞ്ചര്‍ വഴി സ്വന്തം അക്കൗണ്ടിലേക്ക് തന്നെ സന്ദേശമായി അയയ്ക്കാനാണ് ഫേസ്ബുക്ക് നിര്‍ദേശിക്കുന്നത്. ഇപ്രകാരം ചെയ്യുമ്പോള്‍ കമ്പനി ഈ ചിത്രം ഒരു പ്രത്യേക ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റിന്റെ രൂപത്തിലേക്ക് മാറ്റും.

പിന്നീട് ഏതെങ്കിലും അക്കൗണ്ടില്‍ നിന്ന് ഇതേ ചിത്രം പ്രചരിപ്പിക്കാന്‍ ശ്രമിച്ചാല്‍ ഫെയ്‌സ്ബുക്ക് ഇത് തിരിച്ചറിഞ്ഞ് ബ്ലോക്ക് ചെയ്യും. സര്‍ക്കാര്‍ ഏജന്‍സിയുമായി ചേര്‍ന്ന് ഓസ്‌ട്രേലിയയില്‍ ഈ പദ്ധതിയുടെ സാങ്കേതികവിദ്യ വികസിപ്പിക്കുകയാണ് ഇപ്പോള്‍ ഫേസ്ബുക്ക് അധികൃതര്‍. ഫേസ്ബുക്ക്, മെസഞ്ചര്‍, ഇന്‍സ്റ്റഗ്രാം എന്നിവയിലൂടെ ചിത്രം ഉപയോഗിച്ചുളള പീഡനം തടയാന്‍ പുതിയ സാങ്കേതികവിദ്യ സഹായകമാകും.

ചിത്രം മെസഞ്ചറില്‍ അയക്കുമ്പോള്‍ ഇ- കമ്മീഷണറുടെ ഓഫീസ് ഇത് ഫേസ്ബുക്കിനെ അറിയിക്കും. പിന്നാലെ ഫേസ്ബുക്കിന്റെ കമ്മ്യൂണിറ്റി ഓപ്പറേഷന്‍ അനലിസ്റ്റ് ചിത്രം വിശകലനം ചെയ്ത് സുരക്ഷിതമാക്കും. ഒരു നിശ്ചിത കാലയളവിലേക്ക് മാത്രമായി ഫേസ്ബുക്ക് ഈ ചിത്രം സൂക്ഷിച്ച് വയ്ക്കും. 2016ലെ ഒരു റിപ്പോര്‍ട്ട് പ്രകാരം അമേരിക്കയില്‍ നാലു ശതമാനം പേര്‍ റിവഞ്ച് പോണിന്റെ ഇരകളാണ്. 30 വയസിന് താഴെയുളള 10 ശതമാനം പെണ്‍കുട്ടികളാണ് ഇതിന് ഇരയാവുന്നത്. എന്തായാലും ഇപ്പോള്‍ അല്‍പം ധൈര്യം കാട്ടിയാല്‍ പിന്നെ ദുഖിക്കേണ്ടയെന്നാണ് ഫേസ്ബുക്ക് പറയുന്നത്.

 

Related posts