ഫേസ്ബുക്കില്‍ ഈ വാക്കുകളും ചിത്രങ്ങളും ഉപയോഗിക്കുന്നവര്‍ക്ക് പിടിവീഴും! ഫേസ്ബുക്കില്‍ ചെയ്യരുതാത്ത കാര്യങ്ങളുടെ പട്ടികയുമായി അധികൃതര്‍; നിയമവിരുദ്ധ ഉള്ളടക്കങ്ങളില്‍ പെടുന്നവ ഇവയൊക്കെ

ഫേസ്ബുക്കിലൂടെ വംശീയ, വര്‍ഗീയ അധിക്ഷേപങ്ങളും ജാതിയുടെയും മതത്തിന്റെയും പേരിലുള്ള വിവേചനങ്ങളും സമൂഹമാധ്യമങ്ങളിലൂടെ വര്‍ധിച്ചു വരുന്ന കാലമാണിത്. ഇപ്പോഴിതാ അതിന് പൂട്ടിടാന്‍ ഫേസ്ബുക്ക് ഒരുങ്ങിയിരിക്കുന്നു. ഫേസ്ബുക്കില്‍ ദൈവങ്ങളെ അപമാനിച്ചു കൊണ്ടുള്ള പോസ്റ്റുകള്‍ വലിയ പ്രതിഷേധങ്ങള്‍ക്ക് വഴിയൊരുക്കുന്ന സാഹചര്യത്തിലാണ് പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നിലവില്‍ വന്നിരിക്കുന്നത്.

ഫേസ്ബുക്കില്‍ ഇനി എന്തൊക്കെയാണ് നിയമ വിരുദ്ധം എന്നത് സംബന്ധിച്ചുള്ള വിവരം കമ്പനി പുറത്തു വിട്ടു. ദൈവങ്ങളെ അപമാനിച്ചു കൊണ്ടും കാഷ്മീര്‍ വിഘടനവാദം അവതരിപ്പിച്ചുള്ള പോസ്റ്റുകളും ഇന്ത്യന്‍ ത്രിവര്‍ണ പതാകയുടെ നിറങ്ങള്‍ അരയ്ക്ക് താഴെയുള്ള വസ്ത്രങ്ങളില്‍ പതിപ്പിച്ചുള്ള ചിത്രങ്ങളും ഇനി മുതല്‍ ഫേസ്ബുക്കില്‍ ‘പ്രാദേശികമായി നിയമവിരുദ്ധ ഉള്ളടക്കമായി’ അടയാളപ്പെടുത്തും.

നിലവില്‍ ഓരോ ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ കാണുന്ന ദൈവങ്ങളെ താരതമ്യം ചെയ്യുകയും മുഹമ്മദ് നബിയെ ചിത്രീകരിക്കുകയും കളിയാക്കുകയും ചെയ്യുന്ന പോസ്റ്റുകള്‍, ത്രിവര്‍ണ പതാകയിലെ അശോക ചക്രത്തിന് പകരം ഗാന്ധിയെ പ്രതിഷ്ഠിക്കുന്ന ചിത്രങ്ങള്‍, ഇന്ത്യയില്‍ കാഷ്മീരിന്റേയും അക്‌സായ് ചിനിന്റേയും ഭൂപടങ്ങള്‍ തുടങ്ങിയവ നിയമവിരുദ്ധ ഉള്ളടക്കങ്ങളില്‍ പെടും.

കൂടാതെ കാഷ്മീര്‍ വിഭജനത്തെ കുറിച്ചുള്ള പോസ്റ്റുകളും, കാഷ്മീരും സിയാച്ചിനും പാകിസ്താന്റേതാണെന്ന അവകാശവാദം എന്നിവയും നിയമവിരുദ്ധമാണ്. അക്‌സായ് ചിന്‍, അരുണാചല്‍ പ്രദേശ്, അസം, നാഗാലാന്‍ഡ്, ത്രിപുര എന്നിവിടങ്ങളില്‍ ചൈന ഉയര്‍ത്തുന്ന അവകാശവാദം എന്നിവയെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും ഫേസ്ബുക്കില്‍ നിയമവിരുദ്ധമാണ്.

ആസാദ് കാഷ്മീര്‍, ഫ്രീ കാഷ്മീര്‍, കാഷ്മീര്‍ പാകിസ്ഥാന്റേത് പോലുള്ള വാചകങ്ങളും ഫേസ്ബുക്ക് നീക്കം ചെയ്യും. ഇത്തരം ഉള്ളടക്കങ്ങള്‍ ശ്രദ്ധയില്‍ പെടുമ്പോള്‍ വിശദ പരിശോധനകള്‍ക്ക് ശേഷം അവ ഫേസ്ബുക്കില്‍ അനുവദിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കും.

പ്രാദേശികമായി നിയമവിരുദ്ധമായ വിഷയങ്ങളുടെ അടിസ്ഥാനത്തിലാണ് ഫേസ്ബുക്ക് പോസ്റ്റുകള്‍ ഉന്നത പരിശോധനയ്ക്കായി നല്‍കുന്നത്. ഈ നടപടികള്‍ ഉപയോക്താക്കളോ പ്രാദേശിക നിയമ നിര്‍വഹണ സംവിധാനങ്ങളോ അറിയില്ല. കൃത്യമായ പരിശോധനകള്‍ കൂടാതെ ഉള്ളടക്കങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുകയുമില്ല.

Related posts