ഷഹബാനെയുടെ തന്ത്രങ്ങള്‍! ഫേസ്ബുക്ക് വഴി ചൂഷണം ചെയ്തത് ഇരുപതോളം സ്ത്രീകളെ; കെണിയില്‍പ്പെട്ടവരില്‍ വീട്ടമ്മമാരും; സ്ത്രീകളെ കുടുക്കുന്നത് ഇങ്ങനെ…

Shahabanaമട്ടാഞ്ചേരി: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് ഇരുപതോളം സ്ത്രീകളെ സാമ്പത്തികമായും ലൈംഗികമായും ചൂഷണം ചെയ്തയാളെ ഫോര്‍ട്ട്‌കൊച്ചി പോലീസ് പിടികൂടി. മട്ടാഞ്ചേരി ടൗണ്‍ ഹാള്‍ റോഡില്‍ കെ.എസ്. ഷഹബാനെ (26) ആണു ഫോര്‍ട്ട്‌കൊച്ചി എസ്‌ഐ എസ്. ദ്വിജേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.

ഫേസ് ബുക്കിലൂടെ ബന്ധം സ്ഥാപിച്ചശേഷം ഇവരുടെ വാട്ട്‌സ് ആപ്പ് നമ്പര്‍ കൈക്കലാക്കി ചാറ്റിംഗിലൂടെ അശ്ലീല വീഡിയോകളും സന്ദേശങ്ങളുമയച്ചു സ്ത്രീകളെ വരുതിയിലാക്കുകയാണ് ഇയാളുടെ രീതിയെന്നു പോലീസ് പറഞ്ഞു. സ്ത്രീകളുടെ വിവിധതരത്തിലുള്ള ചിത്രങ്ങളും കൈവശപ്പെടുത്തും. പിന്നീടു സൗഹൃദത്തിന്റെ പേരില്‍ സ്വര്‍ണവും പണവും കടം ചോദിക്കും. നല്കിയതു തിരിച്ചു ചോദിക്കുകയോ നല്‍കാതിരിക്കുകയോ ചെയ്താല്‍ നഗ്‌ന ഫോട്ടോകളും വീഡിയോകളും നവമാധ്യമങ്ങള്‍ വഴി പ്രചരിപ്പിക്കുമെന്നു പറഞ്ഞു ഭീഷണിപ്പെടുത്തും.

തൃപ്പൂണിത്തുറ സ്വദേശിനിയായ വീട്ടമ്മ ഡെപ്യൂട്ടി കമ്മീഷണര്‍ക്കു നല്‍കിയ പരാതിയെത്തുടര്‍ന്നു ഫോര്‍ട്ട്‌കൊച്ചി പോലീസ് നടത്തിയ അന്വേഷണത്തിലാണു പ്രതി പിടിയിലായത്. കൂടുതല്‍ പണം നല്‍കാമെന്നു വാഗ്ദാനം ചെയ്തു മരട് ന്യൂക്ലിയസ് മാളില്‍ വിളിച്ചുവരുത്തി പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. വിശദമായ അന്വേഷണത്തില്‍ പ്രതി ഇത്തരത്തില്‍ ഇരുപതോളം സ്ത്രീകളെ ചൂഷണം ചെയ്തതായി തെളിഞ്ഞിട്ടുണ്ടെന്നു പോലീസ് വ്യക്തമാക്കി.

ഇയാള്‍ വധശ്രമത്തിനുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ മനാഫ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ എം.എ. ജോണ്‍, ജി. രാജേഷ്, ശ്രീനാഥ് എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Related posts