കോട്ടയം: സിനിമ സ്വപ്നമായി കൊണ്ടുനടന്നവർ ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചപ്പോൾ ‘മിറക്കിൾ’എന്ന ഹോം സിനിമ ആദ്യം പിറവിയെടുത്തു. ഇപ്പോഴിതാ മിറക്കിളിനുശേഷം ഫേസ്ബുക്ക് കൂട്ടായ്മ ‘മഴയ്ക്കു മുന്നെ’ എന്ന ഹ്രസ്വചിത്രവുമായി വീണ്ടും മലയാളി പ്രേക്ഷകർക്കു മുന്നിലെത്തുന്നു. ഫേസ്ബുക്ക് കൂട്ടായ്മയിലൂടെ ഒന്നിച്ചവർ രൂപീകരിച്ച ഗോഡ്സ് ഓണ്‍ സിനിമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയാണ് ‘മഴയ്ക്കു മുന്നെ’യുടെ അണിയറ ശിൽപികൾ.
നാളെ രാവിലെ പത്തിന് എറണാകുളം ബോട്ട് ജെട്ടിയിൽ കൂട്ടായ്മയിലുള്ളവർ ഒന്നിച്ചുചേരും. പിന്നീട് മട്ടാഞ്ചേരിയിലേക്ക് ജലഗതാഗതവകുപ്പിന്റെ യാത്രാ ബോട്ടിൽ ഒരു യാത്ര. ഈ യാത്രയിൽ സഹയാത്രികരായ നാട്ടുകാർക്ക് ചിത്ര ത്തിന്റെ ബ്രോഷർ നൽകും. തുടർന്ന് യാത്രക്കാർക്കു മുന്നി ൽ സിനിമയുടെ റിലീസിംഗ് ചടങ്ങ് നടക്കും.
കഴിഞ്ഞ മഴക്കാലത്ത് കണ്ണൂരിലെ വിവിധ ലൊക്കേഷനുകളിലായി മൂന്നു ദിവസം ഷൂട്ട് ചെയ്താണ് ചിത്രം പൂർത്തിയാക്കിയത്. 20മിനിട്ട് നീളുന്നതാണ് ഹ്രസ്വചിത്രം. ജീവി തത്തെ വളരെ വേഗത്തിൽ സമീപിക്കുന്നയാൾക്കുണ്ടാകുന്ന അനുഭവങ്ങളാണ് ചിത്രം പറയുന്നത്.
മാധ്യമപ്രവർത്തകൻ കൂടിയായ സോണി ജോസഫ് കല്ലറയ്ക്കലാണ് ഗോഡ്സ് ഓണ്‍ സിനിമ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ രക്ഷാധികാരി. രഞ്ജിത് പൂമുറ്റമാണ് ഹ്രസ്വചിത്രത്തിന്റെ സംവിധായകൻ.
ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നതും അണിയറയിൽ പ്രവർത്തിച്ചിരിക്കുന്നവരും പണം മുടക്കിയിരിക്കുന്നതു മെല്ലാം കൂട്ടായ്മയിലെ അംഗങ്ങളെല്ലാം ചേർന്നാണ്.റിലീസിംഗിനുശേഷം ഉച്ചയ്ക്ക് രണ്ടിന് കൊച്ചി ഡോൺ ബോസ്കോ സ്കൂൾ തിയറ്ററിൽ പ്രത്യേക പ്രദർശനം നട ക്കും.