കൊടകര: നിർധന കുടുംബത്തിന്റെ ചോർന്നൊലിക്കുന്ന വീട് അറ്റകുറ്റപണി നടത്തി വാസയോഗ്യമാക്കി നൽകി മാതൃകയാകുകയാണ് കൊടകരയിലെ എഴുത്തുകാർ എന്ന ഫേസ്ബുക്ക് കൂട്ടായ്മ. കഥയും കവിതയും കളിചിരികൾക്കുമൊപ്പം സഹജീവികളോടുള്ള സാമൂഹിക ഉത്തരവാദിത്വം നിറവേറ്റുന്നതിലൂടെ ശ്രദ്ധേയമായമാവുകയാണ് ഈ കൂട്ടായ്മ.
മറ്റത്തൂർ ഗ്രാമപഞ്ചായത്തിലെ മൂന്നാംവാർഡിലുള്ള കൊരേച്ചാൽ വെട്ടിയാടൻ ചിറയിൽ താമസിക്കുന്ന പതിയാരി സുലോചന ബാബുവിന്റെ ചോർന്നൊലിക്കുന്ന വീടാണ് കൊടകരയിലെ എഴുത്തുകാരുടെ കൂട്ടായ്മയിൽ പുതുക്കിപണിയുന്നത്. കുറച്ചുഭാഗം കോണ്ക്രീറ്റുമേൽക്കൂരയും ബാക്കി ഓടിട്ടതുമായ ഇവരുടെ വീട് അറ്റകുറ്റപണി നടത്താത്തിനാൽ ജീർണാവസ്ഥയിലായിരുന്നു.
ഭർത്താവ് ബാബു മരണപ്പെട്ടതോടെ സുലോചന കൂലിപ്പണിക്കുപോയാണ് ഏകമകളെ സംരക്ഷിച്ചുപോരുന്നത്. സാന്പത്തിക പ്രയാസം മൂലം വീടിന്റെ തേപ്പും തുടർപണികളും നടത്താൻ ഇവർക്ക് കഴിഞ്ഞില്ല. കനത്തമഴയിൽ മരം വീണ്് വീട് ഭാഗികമായി തകർന്നതോടെ വീട് വാസയോഗ്യമല്ലാതായി. സുലോചനയും മകളും ബന്ധുവീട്ടിലേക്ക് താമസം മാറി. ഈ കുടുംബത്തിന്റെ ദുരിതം കണ്ട റിഞ്ഞാണ് കൊടകരയിലെ എഴുത്തുകാർ ഫേസ് ബുക്ക് കൂട്ടായ്മ വീട് പുതുക്കിപണി നൽകാൻ തയ്യാറായി മുന്നോട്ടുവന്നിരിക്കുന്നത്.
മേൽക്കൂരയിൽ ട്രസ് നിർമിച്ചും തേപ്പുനടത്തി പെയിന്റടിച്ചും വാതിലുകൾക്കും ജനലുകൾക്കും കതകുകൾ പിടിപ്പിച്ചുമാണ് വീടിന്റെ പുനർനിർമാണം നടത്തുന്നത്. ഈ പണികൾ പൂർത്തീകരിച്ച ശേഷം തറയിൽ ടൈൽ വിരിച്ചുനൽകുമെന്നും കൊടകരയിലെ എഴുത്തുകാർ കൂട്ടായ്മയുടെ പ്രതിനിധി സജയൻ ഞാറേക്കാട്ടിൽ പറഞ്ഞു.
കൊടകര ഗ്രാമപഞ്ചായത്തിലെ കിടപ്പു രോഗികളുടേയും ഭിന്നശേഷിക്കാരുടേയും വീടുകളിൽ ഹോംലൈബ്രറികൾ സജ്ജമാക്കുന്നതിന് നേരത്തെ കൊടകരയിലെ എഴുത്തുകാർ കൂട്ടായ്്മ പുസ്തകങ്ങൾ സമാഹരിച്ചു നൽകിയിരുന്നു. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിലുള്ള സ്പർശം സാന്ത്വന പദ്ധതിയുമായി സഹകരിച്ചാണ് ഇവർ ഹോം ലൈബ്രറികളിലേക്ക് ആയിരത്തോളം പുസ്തകങ്ങൾ സമാഹരിച്ചു നൽകിയത്.