കുറ്റിയാടി: സാമൂഹ്യസാംസ്കാരിക രംഗങ്ങളിലും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും നവ മാധ്യമങ്ങളുടെ അര്‍പ്പണവും സേവനവും കാട്ടിത്തരികയാണ് കുറ്റിയാടി ഫേസ്ബുക്ക് കൂട്ടായ്മ. ഇന്ത്യയ്ക്ക് അകത്തും പുറത്തുമുള്ള 13,300 അംഗങ്ങള്‍ കൂടിച്ചേര്‍ന്ന “കുറ്റിയാടിക്കാര്‍’ എന്ന ഫേസ്ബുക്ക് കൂട്ടായ്മയാണ് ജീവകാരുണ്യത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തരുന്നത്.
കുറ്റിയാടി ഗവ. താലൂക്ക് ആശുപത്രിയില്‍ രണ്ടു ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങളാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ നേതൃത്വത്തില്‍ ആശുപത്രിക്ക് കൈമാറിയത്. ശസ്ത്രക്രിയയ്ക്കും മറ്റും ആവശ്യമായ ഉപകരണങ്ങള്‍, വീല്‍ ചെയര്‍, സ്ട്രച്ചര്‍, മറ്റുപകരണങ്ങള്‍ എന്നിവയാണ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വിതരണം ചെയ്തത്. ജാതി-മത-രാഷ്ട്രീയ ചായ്വുകളില്ലാതെ 2013ല്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്കി രംഗത്തുവന്ന ഈ കൂട്ടായ്മ അടിയന്തിര ശസ്ത്രക്രിയയ്ക്ക് സാമ്പത്തിക സഹായം, പാവപ്പെട്ട രോഗികള്‍ക്ക് ചികിത്സാ സഹായം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങള്‍ ഇക്കാലയളവില്‍ ചെയ്തിട്ടുണ്ട്.
കുറ്റിയാടി താലൂക്ക് ആശുപത്രിക്കുളള സ്നേഹോപഹാരം പാറയ്ക്കല്‍ അബ്ദുള്ള എംഎല്‍എ ആശുപത്രി സൂപ്രണ്ട് ഡോ. എം. ജമീലയ്ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.എന്‍. ബാലകൃഷന് അധ്യക്ഷത വഹിച്ചു. എ.കെ. ഷംസീര്‍, എം.എ. ഗഫൂര്‍, ടി.എം. സൂപ്പി, ഒ.എസ്, അബ്ദുള്‍ സലാം, ശ്രീജേഷ് ഊരത്ത്, വി.പി. മൊയ്തു, കിണറ്റുംകണ്ടി അഹമ്മദ്, ജാഫര്‍ നരിക്കാട്ടേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.