കൊയിലാണ്ടി: സോഷ്യല്‍മീഡിയയില്‍ ആശുപത്രിയിലെ പ്രശ്നങ്ങള്‍ തത്സമയം പോസ്റ്റിട്ടതിന്റെ പേരില്‍ റിമാന്‍ഡിലായ യുവാവിന് ജാമ്യം. പത്ത് ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് ഉള്ള്യേരി അരിമ്പ മലയില്‍ ഷൈജു ജാമ്യത്തിലിറങ്ങിയത്. ബിജെപി പ്രവര്‍ത്തകരും കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഷൈജുവിനു സ്വീകരണം നല്കി.
ഇക്കഴിഞ്ഞ എട്ടിനാണ് കേസിനാസ്പദമായ സംഭവം. മകന് ചികത്സയ്ക്ക് വേണ്ടി താലൂക്ക് ആശുപത്രിയിലെത്തിയതായിരുന്നു ഷൈജു. ഉച്ചയ്ക്ക് 3.30 ഓടെ മകന് കടുത്ത പനിയെ തുടര്‍ന്നാണ് ആശുപത്രിയിലെത്തിയത്. എന്നാല്‍ 6.30 ഓടെയാണ് ചികിത്സ ലഭിച്ചത്. ഇതിനിടയില്‍ വാക്ക് തര്‍ക്കമുണ്ടാകുകയും ഷൈജു ആശുപത്രിയിലെ സംഭവങ്ങള്‍ ഫെയ്സ്ബുക്കില്‍ ലൈവിടുകയായിരുന്നു.
എന്നാല്‍ അഞ്ച് ദിവസത്തിനു ശേഷമാണ് കൊയിലാണ്ടി പോലീസ് എത്തി പരാതി ഉണ്ടെന്നും സ്റ്റേഷനില്‍ എത്തണമെന്നും ആവശ്യപ്പെട്ടു. സ്റ്റേഷനിലെത്തിയ ഷൈജുവിനെ നാദാപുരം കോടതിയില്‍ ഹാജരാക്കി റിമാന്‍ഡു ചെയ്യുകയായിരുന്നു. സംഭവത്തെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഡ്യൂട്ടി ഡോക്ടറും പോലീസും ഒത്തുകളിച്ചാണ് നിരപരാധിയായ തന്നെ ജയിലടച്ചതെന്ന് ഷൈജു പറഞ്ഞു.
ഡോക്ടറെ ചീത്ത വിളിച്ചിട്ടില്ലെന്നും ഷൈജു പറഞ്ഞു. എസ്ഐ വൈരാഗ്യ ബുദ്ധിയോടെയാണ് പെരുമാറിയതെന്ന് ഷൈജു പറഞ്ഞു. കഴിഞ്ഞ ദിവസം ഷൈജുവിന്റെ കുടുംബം ജില്ലാ കളക്ടര്‍ വി.സാംബശിവറാവുവിന് പരാതി നല്‍കിയിരുന്നു ഇതെ തുടര്‍ന്ന് കളക്ടര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. ജില്ലാ കളക്ടറില്‍നിന്ന് നീതി ലഭിച്ചില്ലെങ്കില്‍ നിയമപരമായി മുന്നോട്ടു പോകുമെന്ന് ഷൈജു പറഞ്ഞു. ഇന്ന് ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി യോഗം ചേരുന്നുണ്ട്. യോഗത്തില്‍ ഷൈജുവിന്റെ സംഭവം ചര്‍ച്ചയാകും.