ഫേസ്ബുക്ക് പ്രണയത്തിലൂടെ കാമുകനെ തേടിയെത്തിയ പതിനെട്ടുകാരി പോലീസ് കസ്റ്റഡിയിലായി. പേരാവൂര്‍ സ്വദേശിനിയായ പെണ്‍കുട്ടിയാണ് ഞായറാഴ്ച രാത്രി ഏഴരയോടെ കൊല്ലത്തെത്തിയത്. ഫേസ്ബുക്കിലും വാട്‌സാപ്പിലും ചാറ്റ് ചെയ്താണ് യുവാവുമായി പരിചയത്തിലായതെന്നും പിന്നീട് പ്രണയത്തിലാകുകയായിരുന്നുവെന്നും പെണ്‍കുട്ടി പറയുന്നു. എന്നാല്‍ പെണ്‍കുട്ടി യുവാവിന്റെ നാട്ടിലെത്തിയപ്പോള്‍ കാമുകന്‍ മുങ്ങി. നമ്പറില്‍ ബന്ധപ്പെട്ടപ്പോള്‍ സ്വിച്ച് ഓഫ്. കിണവക്കലിലുള്ളവര്‍ പോലീസില്‍ വിവരമറിയിച്ച് സ്‌റ്റേഷനില്‍ എത്തിക്കുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാതായതോടെ ബന്ധുക്കള്‍ പോലീസില്‍ പരാതി നല്കിയിരുന്നു. സൈബല്‍സെല്‍ നടത്തിയ പരിശോധനയില്‍ കൊല്ലത്തുണ്ടെന്ന് വ്യക്തമാക്കിയതിനെ തുടര്‍ന്ന് ഷാഡോ എസ്‌ഐ ടി ബാബുകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ തെരച്ചിലിലാണ് കൊല്ലം റെയില്‍വേസ്‌റ്റേഷനിലെ രണ്ടാംക്ലാസ് വിശ്രമമുറിയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയത്. തുടര്‍ന്ന് പെണ്‍കുട്ടിയെ വനിതാ പോലീസിന് കൈമാറി. ചെര്‍പ്പുളശേരിയില്‍ നിന്ന് ബന്ധുക്കള്‍ കൊല്ലത്തേക്ക് തിരിച്ചിട്ടുണ്ട്.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ശാസ്താംകോട്ട സ്വദേശി രാജേഷ് എന്നയാളിനെ തേടിയാണ് കൊല്ലത്തെത്തിയതെന്നാണ് പെണ്‍കുട്ടി നല്‍കുന്ന വിശദീകരണം. മൂന്ന് ദിവസമായി കൊല്ലത്ത് തന്നെയായിരുന്നുവെന്നും പെണ്‍കുട്ടി പോലീസിനോട് പറഞ്ഞു. കൈയ്യില്‍ പണം കുറവായതിനാല്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താണ് കൊല്ലത്തെത്തിയതെന്നാണ് പെണ്‍കുട്ടി പറയുന്നത്. കാമുകനെ കാണാതെ പോകില്ലെന്ന് പെണ്‍കുട്ടി പറഞ്ഞതോടെ സംഭവം അറിഞ്ഞെത്തിയ നാട്ടുകാരും കാമുകനെ തപ്പാന്‍ കൂടെയിറങ്ങി. എന്നാല്‍ ഇതുവരെ നാട്ടുകാരുടെ ശ്രമം വിജയിച്ചിട്ടില്ലെന്നാണ് വിവരം.