സീമ മോഹന്‍ലാല്‍
സമൂഹമാധ്യമങ്ങളിലൂടെ സൗഹൃദം സ്ഥാപിച്ചു പെണ്‍കുട്ടികളെ ചതിക്കുഴിയില്‍ പെടുത്തുന്ന കേസുകള്‍ ഇന്നു നിത്യസംഭവങ്ങളായി മാറിയിരിക്കുകയാണ്.
ഇത്തരം കേസുകള്‍ തുടര്‍ക്കഥയായി മാറുമ്പോഴും നമ്മുടെ പെണ്‍കുട്ടികള്‍ വീണ്ടും വീണ്ടും അപകടത്തില്പ്പെടുന്നുവെന്നതാണ് വാസ്തവം.
ഇത്തരത്തിലുള്ള ഒരു സംഭവമാണ് കോഴിക്കോട് പന്തീരങ്കാവ് പോലീസ് സ്റ്റേഷനില്‍ കഴിഞ്ഞ ദിവസം നടന്നത്.
പതിനാറുകാരിയെ കാണാനില്ല
കഴിഞ്ഞ ദിവസം കോഴിക്കോട് സ്വദേശിനിയായ പതിനാറുകാരിയുടെ ബന്ധുക്കള്‍ പരാതിയുമായി പോലീസ് സ്റ്റേഷനിലെത്തിയത്.
അനിയത്തിക്കൊപ്പം സ്കൂളിലേക്കെന്നു പറഞ്ഞ് പോയ തങ്ങളുടെ മകളെ കാണാനില്ലെന്നാണ് പരാതിയിലുണ്ടായിരുന്നത്. പോലീസ് മാതാപിതാക്കളോടു കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു.
പെണ്‍കുട്ടിക്ക് പുരുഷ സുഹൃത്തുക്കള്‍ ഇല്ലെന്നു മാതാപിതാക്കള്‍ ഉറപ്പിച്ചു പറഞ്ഞു. കുട്ടിക്ക് മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കിലും അത് വീട്ടില്‍ തന്നെ ഇരിപ്പുണ്ടായിരുന്നു. മറ്റു തരത്തില്‍ സംശയിക്കേണ്ട ഒരു വസ്തുതയും ഉണ്ടായിരുന്നില്ല.
പരാതിയിൽ പോലീസ് അന്വേഷണം
പോലീസ് അന്വേഷണം ആരംഭിച്ചു. ഫോണ്‍ കൊണ്ടു പോകാത്തതിനാല്‍ അത്തരത്തിലുള്ള ഒരന്വേഷണം അസാധ്യമായിരുന്നു.
തുടര്‍ന്ന് പോലീസ് നഗരത്തിലെയും പന്തീരാങ്കാവിലെയും സിസിടിവി ദൃശ്യങ്ങള്‍ പലതും പരിശോധിച്ചെങ്കിലും പെണ്‍കുട്ടിയെക്കുറിച്ച് വിവരമൊന്നും ലഭിച്ചില്ല.
തുടര്‍ന്ന് റെയില്‍വേ സ്റ്റേഷനിലെയും കെഎസ്ആര്‍ടിസി, മൊഫ്യുസില്‍ ബസ് സ്റ്റാന്‍ഡ് തുടങ്ങിയ സ്ഥലങ്ങളിലെയും സിസിടിവി പരിശോധിച്ചു.
അതിനിടെ റെയില്‍വേ സ്റ്റേഷനിലെ സിസിടിവിയില്‍ പെണ്‍കുട്ടിയെ കണ്ടു. ഒപ്പം ഒരു യുവാവും ഉണ്ടായിരുന്നു. പക്ഷേ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കോ സുഹൃത്തുക്കള്‍ക്കോ അങ്ങനെയൊരു യുവാവിനെക്കുറിച്ച് അറിയില്ല.
ഇരുവരും ട്രെയിനിയില്‍ നാടുവിടാനായിരുന്നു പദ്ധതിയെന്നു പോലീസിനു മനസിലായി. അടുത്തതായി ഇരുവരെയും കണ്ടെത്തുക എന്ന ദൗത്യമായിരുന്നു പോലീസിനു മുന്നിലുണ്ടായിരുന്നത്.
യുവാവ് ടിക്കറ്റെടുത്ത സമയം പോലീസ് സിസിടിവി ദൃശ്യത്തില്‍ നിന്നു മനസിലാക്കി. ആ സമയം റെയില്‍വേയുടെ കംപ്യൂട്ടറില്‍ പരിശോധിച്ച് എങ്ങോട്ടാണ് യാത്രയെന്നു കണ്ടെത്തുകയായിരുന്നു പോലീസിന്റെ ലക്ഷ്യം.
പരിശോധനയില്‍ ആ സമയത്തെടുത്ത മൂന്ന് ടിക്കറ്റുകളില്‍ രണ്ടെണ്ണം കൊല്ലത്തേക്കാണ് പോലീസ് സംഘം മനസിലാക്കി. ചാര്‍ട്ട് ലിസ്റ്റ് നോക്കി കംപാര്‍ട്ടുമെന്റില്‍ പോലീസ് സംഘം അന്വേഷിച്ചു.
പക്ഷേ, നിരാശയായിരുന്നു ഫലം. കൊല്ലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തെങ്കിലും ആ ട്രെയിനിയില്‍ ഇരുവരും യാത്ര ചെയ്തിട്ടില്ലെന്നു മനസിലായി.
ആരാണ് അയാള്‍?
നിരാശയായിരുന്നു ഫലം എങ്കിലും അന്വേഷണ സംഘം കൂടുതല്‍ അന്വേഷണത്തിനായി ഒരുങ്ങി. ഇരുവരും എങ്ങോട്ടുപോയിരിക്കാം എന്ന ചിന്ത പോലീസിനെ കുഴപ്പിച്ചു.
നാട്ടുകാരനുമല്ല, സഹപാഠിയുമല്ല… പിന്നെ കൂടെയുള്ള യുവാവ് ആരാണെന്ന ചോദ്യവും പോലീസിനു തലവേദനയായി.
ഒടുവില്‍ റെയില്‍വേ ടിക്കറ്റ് ബുക്ക് ചെയ്തതു നോക്കി ഒരന്വേഷണം നടത്താമെന്ന് അന്വേഷണ സംഘം തീരുമാനിച്ചു.
അത് ഫലം കണ്ടു. ടിക്കറ്റ് ബുക്ക് ചെയ്തപ്പോള്‍ യുവാവ് തന്റെ യഥാര്‍ഥ പേര് തന്നെയാണ് നല്‍കിയിരുന്നത്.
പെണ്‍കുട്ടി ഫ്രണ്ട്സ് ലിസ്റ്റില്‍
ഈ പേര് ഫേസ്ബുക്കില്‍ പരിശോധിച്ചപ്പോള്‍ പെണ്‍കുട്ടി ഫ്രണ്ട്സ് ലിസ്റ്റില്‍ ഉള്ളതായി കണ്ടെത്തി.
സിസിടിവി ദൃശ്യങ്ങളില്‍ പെണ്‍കുട്ടിക്കൊപ്പം കണ്ട യുവാവു തന്നെയാണ് അതെന്നു പോലീസിന് ഏകദേശം ധാരണയായി.
അയാളുടെ ഫേസ്ബുക്ക് അക്കൗണ്ട് പോലീസ് വീണ്ടും പരിശോധിച്ചപ്പോള്‍ അക്കൗണ്ട് ആരംഭിച്ചപ്പോള്‍ യുവാവ് നല്കിയ മൊബൈല്‍ഫോണ്‍ നമ്പര്‍ അതില്‍ ഉണ്ടായിരുന്നു.
ഈ നമ്പര്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോള്‍ അതു പ്രവര്‍ത്തിക്കുന്നുണ്ടെന്നു അന്വേഷണ സംഘത്തിനു മനസിലായി. ഇതോടെ പോലീസിന് ആശ്വാസമായി.
തങ്ങള്‍ ഇരുവരുമായി ബന്ധപ്പെട്ട ഒരു വിവരവും പോലീസിനു ലഭിക്കില്ലെന്ന ഉറച്ച വിശ്വാസത്തിലായിരുന്നു പെണ്‍കുട്ടിയും യുവാവും.
ആ ഉറച്ച വിശ്വാസമാണ് സൈബര്‍ സെല്‍ അന്വേഷണത്തില്‍ തകര്‍ന്നത്. സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തില്‍ ഫോണ്‍ നമ്പര്‍ ഉള്ളയാള്‍ കൊട്ടാരക്കര കെഎസ്ആര്‍ടിസി സ്റ്റാന്ഡിനടുത്തുകൂടെ യാത്ര ചെയ്യുന്നുണ്ടെന്നു കണ്ടെത്തി.
ഉടന്‍ തന്നെ കോഴിക്കോട് പോലീസ് കൊട്ടാരക്കര പോലീസിനു വിവരങ്ങള്‍ കൈമാറി. ഇരുവരുടെയും ചിത്രങ്ങളും അയച്ചുകൊടുത്തു.
തുടര്‍ന്നു കോഴിക്കോട് ഭാഗത്തുനിന്നു വരുന്ന ബസുകള്‍ കൊട്ടാരക്കര പോലീസ് പരിശോധിക്കാന്‍ തുടങ്ങി.
എങ്കിലും ഇരുവരേയും കണ്ടെത്താനായില്ല. തിരുവനന്തപുരത്തേക്കുള്ള ബസില്‍ ഇവര്‍ ഉണ്ടാകാമെന്ന ധാരണ പോലീസിനുണ്ടായി.
ചടയമംഗലം വഴിയാണ് തിരുവനന്തപുരം ബസുകള്‍ പോകുന്നത്. അതിനാല്‍ ഇക്കാര്യം ചടയമംഗലം പോലീസിനെ അറിയിച്ചു.
തുടര്‍ന്നു ഇതുവഴി മൂന്നു ബസുകളാണ് തിരുവനന്തപുരത്തേക്ക് വന്നത്. അതില്‍ അവസാനത്തെ ബസില്‍ യുവാവും പെണ്‍കുട്ടിയും ഉണ്ടായിരുന്നു.
(തുടരും)