കോഴിക്കോട്ടെത്തിച്ച ഇരുവരെയും പോലീസിനു മുന്നില്‍ ഹാജരാക്കി. ആദ്യമായാണ് നേരില്‍ കണ്ടതെന്നും ഒരുമിച്ച് ജീവിക്കാനായാണ് നാടുവിട്ടതെന്നും ഇരുവരും പോലീസിനു മൊഴി നല്കി.
പക്ഷേ പിന്നീട് യുവാവ് പറഞ്ഞ കാര്യങ്ങള്‍ പോലീസിനെപ്പോലും ഞെട്ടിച്ചു കളഞ്ഞു.
ആ പ്രണയ കഥയിങ്ങനെ…
രണ്ടാമത്തെ ലോക്ഡൗണ്‍ സമയത്താണ് കോഴിക്കോട് സ്വദേശിയായ പതിനാറുകാരിക്ക് ഫേസ്ബുക്കില്‍ ഒരു ഫ്രണ്ട് റിക്വസ്റ്റ് വന്നത്.
വില കൂടിയ ആഢംബര ബൈക്കില്‍ നില്ക്കുന്ന 19കാരനായിരുന്നു അത്. ഏറെ ആലോചിച്ചില്ല. പെണ്‍കുട്ടി കണ്ണൂര്‍കാരനായ ആ യുവാവുമായി സൗഹൃദത്തിലായി.
ബൈക്ക് സ്റ്റന്‍ഡര്‍ ആണെന്നാണ് പെണ്‍കുട്ടിയോട് യുവാവ് പറഞ്ഞത്. വില കൂടിയ ബൈക്കുമായി യുവാവ് നില്ക്കുന്ന ഒട്ടേറെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യാറുണ്ടായിരുന്നു.
കുറച്ചു ദിവസങ്ങള്‍ക്കൊണ്ടുതന്നെ പെണ്‍കുട്ടിയുടെ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി.
ടെലിഗ്രാം, ഇന്‍സ്റ്റഗ്രാം എന്നിവ ഇരുവരുടെയും പ്രണയവാഹകരായി മാറി. വീഡിയോ കോളുകളിലൂടെ ഇരുവരും സംസാരിച്ചു.
എങ്കിലും ഒരിക്കല്‍പ്പോലും നേരില്‍ കണ്ടില്ല. 47,000 രൂപയാണ് തന്റെ പ്രതിമാസ വരുമാനം എന്നാണ് അയാള്‍ പെണ്‍കുട്ടിയോടു പറഞ്ഞത്.
ആദ്യം പത്തു ലക്ഷത്തിന്റെ ബൈക്കിന്റെ ഫോട്ടോ അയച്ചുകൊടുത്തു. പിന്നെ യുവാവ് ഹെല്‍മറ്റ് വച്ചുകൊണ്ടു പല തരത്തിലുള്ള ബൈക്കില്‍ ഇരുന്നും നിന്നുമൊക്കെയുള്ള ഫോട്ടോകള്‍ പെണ്‍കുട്ടിക്കു കൈമാറി.
പക്ഷേ ഒരിക്കല്‍പ്പോലും തന്റെ മുഖം കാണിക്കാന്‍ അയാള്‍ തയാറായിരുന്നില്ല. പെണ്‍കുട്ടി വീഡിയോകോള്‍ വിളിക്കുമ്പോഴെല്ലാം താന്‍ ബൈക്ക് സ്റ്റന്ഡിലാണ് പിന്നെ അങ്ങോട്ടു വിളിച്ചോളാമെന്നു പറയുമായിരുന്നു.
തിരക്കു കഴിഞ്ഞുവെന്നു പറഞ്ഞ് അയാള്‍ തിരിച്ചുവിളിക്കുമായിരുന്നു. തന്നെക്കുറിച്ച് കൂട്ടുകാരോടു പോലും പറയരുതെന്നും തന്റെ ഫോണ്‍ നമ്പര്‍ ആര്‍ക്കും കൈമാറരുതെന്നും അയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു. പ്രണയം തലക്കു പിടിച്ച ആ പെണ്‍കുട്ടി അത് അനുസരിച്ചു.
നാടുവിടാനൊരുങ്ങി
സ്കൂള്‍ ഇല്ലാത്തതിനാല്‍ പെണ്‍കുട്ടിക്ക് വീട്ടില്‍നിന്ന് പുറത്തിറങ്ങാന്‍ മറ്റു വഴിയൊന്നും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ ആദ്യമായി തന്റെ പ്രണയിയെക്കാണാന് അവള് മാസങ്ങളോളം കാത്തിരുന്നു.
ഒടുവില്‍ സ്കൂള്‍ തുറക്കാന്‍ പോകുന്നുവെന്ന തീരുമാനമുണ്ടായി. പഠനത്തില്‍ അതീവ സമര്‍ഥയായ ആ പെണ്‍കുട്ടി അടുത്ത കോഴ്സിലേക്ക് പ്രവേശനം കാത്തിരിക്കുകയായിരുന്നു.
അതുകൊണ്ടുതന്നെ കഴിഞ്ഞ ദിവസം അവള് അനുജത്തിയെ സ്കൂളിലാക്കാനെന്ന വ്യാജേന വീട്ടില്‍ നിന്നിറങ്ങി. അനുജത്തിയെ സ്കൂളിലാക്കിയിട്ട് അവള് യുവാവിനൊപ്പം നാടുവിട്ടു.
യുവാവിനെക്കുറിച്ച് പരാതി വരില്ലെന്നും ഇരുവരുടെയും അടുപ്പം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് അറിയാത്തതുകൊണ്ട് യുവാവിനെ ചുറ്റിപ്പറ്റി അന്വേഷണം വരില്ലെന്നും ഇരുവരും കരുതി. എന്നാല്‍ നാടുവിട്ട് മണിക്കൂറുകള്‍ക്കുള്ളില്‍തന്നെ പന്തീരങ്കാവ് പോലീസ് ഇരുവരെയും പൊക്കി.
എല്ലാം തുറന്നു പറഞ്ഞ് യുവാവ്
പെണ്‍കുട്ടിയുടെ സാന്നിധ്യത്തില്‍ പോലീസിന്റെ ചോദ്യം ചെയ്യലില്‍ യുവാവ് എല്ലാം തുറന്നു പറഞ്ഞു. കടകളിലേക്ക് കോഴി എത്തിച്ചുക്കൊടുക്കുന്ന വണ്ടിയിലെ സഹായിയായിട്ടാണ് ഇയാള്‍ ജോലി ചെയ്തിരുന്നത്.
പതിനായിരം രൂപയായിരുന്നു മാസവരുമാനം. ബൈക്ക് തന്റെ സ്വന്തമാണെന്നും ഒരു വര്‍ഷമായി അത് ഉപയോഗിക്കുന്നുണ്ടെന്നുമാണ് യുവാവ് ആദ്യം പോലീസിനോടു പറഞ്ഞത്. വണ്ടിയുടെ നമ്പര്‍ പറയാന്‍ പോലീസ് ആവശ്യപ്പെട്ടപ്പോള്‍ യുവാവ് സത്യാവസ്ഥ വെളിപ്പെടുത്തി.
യുട്യൂബില്‍നിന്ന് വില കൂടിയ റേസിംഗ് ബൈക്കുകളുടെ വീഡിയോയെടുത്ത് പെണ്‍കുട്ടിക്ക് അയച്ചുകൊടുത്തതായും ഇയാള്‍ പറഞ്ഞു.
ഹെല്‍മറ്റ് വച്ച് ബൈക്കിനടുത്ത് നില്ക്കുന്ന ഫോട്ടോ അയച്ചുകൊടുത്തത് തന്റെ സുഹൃത്തിന്റെതായിരുന്നുവെന്നും യുവാവ് പോലീസിനോടു സമ്മതിച്ചു.
ഒരു തെളിവും ലഭിക്കാതിരിക്കാനാണ് ഫോണ്‍ നമ്പര്‍ ആര്‍ക്കും കൊടുക്കരുതെന്ന് പെണ്‍കുട്ടിയോട് നിര്‍ബന്ധിച്ചതെന്നും എവിടെയെങ്കിലും പോയി സുഖമായി ജീവിക്കാനായിരുന്നു പദ്ധതിയെന്നും ഇയാള്‍ പറഞ്ഞു. ആ ശ്രമമാണ് പോലീസ് പൊളിച്ചതെന്നു പറഞ്ഞ് അയാള്‍ വിലപിച്ചു.
പെണ്‍കുട്ടി പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പോലീസ് യുവാവിന്റെ പേരില്‍ കേസെടുത്തു. കണ്ണൂര്‍ ഉളിക്കല്‍ സ്വദേശി അജാസ് (19) നെയാണ് പോലീസ് അറസ്റ്റു ചെയ്തത്. പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
(അവസാനിച്ചു)