ചങ്ങരംകുളം: ഫേസ്ബുക്ക് വഴി പ്രണയത്തിലായ കാമുകിയെ കാണാൻ കൊല്ലം സ്വദേശിയായ യുവാവ് എടപ്പാളിലെത്തിയത് പുലിവാലായി. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് എടപ്പാളിൽ നാടകീയ സംഭവങ്ങൾ നടന്നത്. ഏതാനും മാസങ്ങളായി ഫേസ്ബുക്ക് വഴി പരിചയത്തിലായ എടപ്പാൾ സ്വദേശിനിയായ പ്രണയിനിയെ കാണാനാണ് കൊല്ലം സ്വദേശിയായ യുവാവ് സുഹൃത്തുമൊത്ത് എടപ്പാളിൽ ലോഡ്ജിൽ മുറിയെടുത്തത്.
ഡിഗ്രി വിദ്യാർഥിനിയായ പ്രണയിനി തന്റെ ഫേസ്ബുക്ക് കാമുകനെ ഒന്നു നേരിൽ കാണാൻ എടപ്പാളിലെത്തിയത് യൂണിഫോമിലും. പ്രണയിനിയെ കാണാൻ സുഹൃത്തുമൊത്തു ലോഡ്ജിൽ മുറിയെടുത്തു കാത്തിരുന്ന യുവാക്കളാകട്ടെ മദ്യത്തിന്റെ ലഹരിയിലായിരുന്നു. കാത്തിരിപ്പിനൊടുവിൽ തമ്മിൽ കാണാത്ത പ്രണയിനി എടപ്പാളിൽ ബസിറങ്ങി റൂമിലേക്ക് നടന്നടുത്തു.
യൂണിഫോമിട്ട വിദ്യാർഥിനി ലോഡ്ജിൽ കയറുന്നത് ശ്രദ്ധയിൽ പെട്ട നാട്ടുകാർ ഇവരെ പിന്തുടർന്നു. മദ്യപിച്ച് ലക്കു കെട്ട യുവാക്കൾ വിദ്യാർഥിനിയുമായി സംസാരം തുടങ്ങിയതോടെ പന്തികേടു തോന്നിയ നാട്ടുകാർ ഇടപെട്ടു. ഇതോടെ യുവാക്കൾ നാട്ടുകാരുമായി തർക്കമായി.
ഇതിനിടെ നാട്ടുകാരിൽ ചിലർ യുവാക്കളെ കൈകാര്യം ചെയ്തു. തുടർന്നു യുവാവ് ചങ്ങരംകുളം പോലീസ് സ്റ്റേഷനിലെത്തി. സംഭവം അറിഞ്ഞു പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രണയിനി സ്ഥലം കാലിയാക്കിയിരുന്നു. യുവാക്കളെ ചോദ്യം ചെയ്തതോടെയാണ് ഫേസ്്ബുക്ക് പ്രണയിനിയെ കാണാനാണ് സുഹൃത്തുമൊത്ത് എടപ്പാളിൽ മുറിയെടുത്തതെന്ന് ഇരുപത്തിയഞ്ചുകാരനായ യുവാവ് പോലീസിനു മൊഴി നൽകിയത്.
സംഭവം ഏറെ നേരം പോലീസിനെ വട്ടം കറക്കിയെങ്കിലും കാര്യമായി മർദനമേറ്റ യുവാക്കൾക്ക് പരാതിയൊന്നുമില്ല എന്നറിഞ്ഞതോടെ യുവാക്കളെ പറഞ്ഞു വിട്ടു പോലീസും മെല്ലെ തടിയൂരുകയായിരുന്നു.