യഥാര്‍ഥ പ്രണയത്തിനു തടയിടാന്‍ ഒരു ശക്തിക്കും ആവില്ലെന്നതിന് ദൃഷ്ടാന്തമാകുന്ന നിരവധി ജീവിതങ്ങള്‍ നമ്മുടെ മുമ്പില്‍ത്തന്നെയുണ്ട്. അതിനുള്ള ഉത്തമ ഉദാഹരണമാണ് നാളുകളായി അരയ്ക്ക് താഴെ തളര്‍ന്ന ജീവിതം മുന്നോട്ടു കൊണ്ട് നീക്കിയിരുന്ന ശ്രീനാഥിനെ ജീവിതപങ്കാളി ആക്കിയ നീതു എന്ന പെണ്‍കുട്ടി.
മാസങ്ങള്‍ക്ക് മുന്‍പ് ഫേസ്ബുക്കിലൂടെയാണ് ശ്രീനാഥും നീതുവും പരിചയപ്പെട്ടത്. ഒടുവില്‍ പരിചയം പ്രണയമാവുകയായിരുന്നു. ഇപ്പോള്‍ പ്രണയസാക്ഷാത്കാരമായി വിവാഹവും. പത്തനംതിട്ട സീതത്തോട് കൊച്ചുകോയിക്കല്‍ പുഷ്പാകരന്റെ മകള്‍ നീതുവും നരിപ്പറ്റ റോഡില്‍ ചേലക്കാട് പനയുംപുറത്ത് നാണു വിന്റെ മകന് ശ്രീനാഥ് ആണ് വിവാഹിതരായത്.
ഫേസ്ബുക്കിലൂടെയുള്ള സൗഹൃദം പിന്നീട് പ്രണയമായി വളര്‍ന്നതിനെത്തുടര്‍ന്നാണ് നീതു എന്ന് 18 വയസ്സുകാരി ശ്രീനാഥിന് ജീവിതം സമ്മാനിച്ചത്. കോളേജ് വിദ്യാര്‍ഥിനിയാണ് നീതു.
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട സൗഹൃദം പ്രണയം ആയപ്പോള്‍ അരയ്ക്ക് കീഴ്പോട്ട് തളര്‍ന്ന കാര്യം അറിഞ്ഞു കൊണ്ട് തന്നെയാണ് ബിഎ എക്കണോമിക്സ് പഠിക്കുന്ന പത്തനംതിട്ട സീതത്തോട് സ്വദേശിയായ നീതു ശ്രീനാഥിന്റെ വീട്ടില്‍ എത്തിയത്.
രണ്ട് വര്‍ഷം മുന്‍പ് നടന്ന ബൈക്ക് അപകടത്തില്‍ ആണ് ശ്രീനാഥിന്റെ അരക്കു കീഴ്പ്പോട്ട് തളര്‍ന്നു പോയത്. ഏറെ ചികിത്സ നടത്തിയിട്ടും കാലിനു ചലനശേഷി തിരികെ കിട്ടിയില്ല. മകളെ കാണാനില്ല എന്ന് കാണിച്ചു പത്തനംതിട്ട ചിറ്റര്‍ പോലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.
തുടര്‍ന്നു നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് എബ്രഹാമിന്റെ നിര്‍ദ്ദേശപ്രകാരം വനിതാ പോലീസ് നീതുവിനെ ശ്രീനാഥിന്റെ വീട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്തു വനിത സെല്ലിലേക്ക് മാറ്റി. തുടര്‍ന്ന് പത്തനംതിട്ട പോലീസ് എത്തി റാന്നി കോടതിയിലേക്ക് മാറ്റി.
ശ്രീനാഥിന് ഒപ്പം കഴിയാനാണ് ആഗ്രഹമെന്ന് കോടതിയില്‍ പറഞ്ഞ നീതുവിനെ ബുധനാഴ്ച രാവിലെ താഴെ സുദര്‍ശന മഹാവിഷ്ണു ക്ഷേത്രമുറ്റത്ത് വച്ച് അടുത്ത ബന്ധുക്കളെയും സുഹൃത്തുക്കളെയും സാക്ഷിയാക്കി ശ്രീനാഥ് താലി ചാര്‍ത്തി. ഏവരും കൈയ്യടിക്കുകയാണ് ഈ വിവാഹത്തിന്.