ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും! ഫേസ്ബുക്കിലൂടെ സ്വയം വിവാഹപരസ്യം നല്‍കിയ യുവാവിന് വധുവിനെ ലഭിച്ചു; മലയാളി യുവാവിന്റെ ജീവിതത്തില്‍ ഫേസ്ബുക്ക്, മാട്രിമോണി സൈറ്റായതിങ്ങനെ

ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരെയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം നന്ദി. ഫേസ്ബുക്ക് മാട്രിമോണി ഉപകാരപ്പെടട്ടെ’ രഞ്ജിഷ് മഞ്‌ജേരി എന്ന യുവാവ് ഫേസ്ബുക്കില്‍ കുറിച്ചതാണിത്. ഏതാനും മാസങ്ങള്‍ക്കുമുമ്പ് കൃത്യമായി പറഞ്ഞാല്‍ ജൂലൈ 28ന് മറ്റൊരു കുറിപ്പ് രഞ്ജിഷ് ഫേസ്ബുക്കില്‍ ഇട്ടിരുന്നു. അതിങ്ങനെയായിരുന്നു.

‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. എന്റെ നമ്പര്‍: 8593917111. എനിക്ക് 34 വയസ്. കണ്ടിഷ്ടപ്പെടണം, മറ്റ് ഡിമാന്റുകളില്ല. ജോലി: പ്രൊഫഷണല്‍ ഫോട്ടോഗ്രാഫര്‍ ( ranjishmanjeri.com ). ഹിന്ദു. ജാതി വിഷയമല്ല. അച്ഛനും അമ്മയും വിവാഹിതയായ സഹോദരിയും ഉണ്ട്. FacebookMatrimony ഇങ്ങനെ പ്രയോജനപ്പെടുത്താം എന്ന ആശയം എന്റേതല്ല. അദ്ദേഹത്തിന്റെ പേര് പിന്നീട് പറയാം.”

അതോടെ ഫേസ്ബുക്ക് വഴി വിവാഹ പരസ്യം നല്‍കിയ രഞ്ജിഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. രഞ്ജിഷിന്റെ വിവാഹ പരസ്യം സോഷ്യല്‍ മീഡിയ ഏറ്റെടുത്തതോടെ നിരവധി ആലോചനകള്‍ എത്തിയതായി രഞ്ജിഷ് അന്നു തന്നെ വ്യക്തമാക്കിയിരുന്നു. ഫേസ്ബുക്ക് വഴി കണ്ടെത്തിയ പെണ്‍കുട്ടിയെ കുറിച്ച് രഞ്ജിഷ് പറഞ്ഞിരിക്കുന്നത് ഒരു ടീച്ചറാണെന്ന് മാത്രമാണ്. പെണ്‍കുട്ടിയെ കണ്ടെത്തിയ വിവരം ഫേസ്ബുക്കില്‍ തന്നെ അറിയിച്ച രഞ്ജിഷ് ഫേസ്ബുക്ക് മാട്രിമോണി കൂടുതല്‍ ആളുകള്‍ക്ക് ഉപകാരപ്പെടട്ടെ എന്നും ആശംസിച്ചിട്ടുണ്ട്. ഏതായാലും ഫേസ്ബുക്കിലൂടെയുള്ള ആദ്യ ജീവിതപങ്കാളിയെ കണ്ടെത്തല്‍ വന്‍വിജയമായ സ്ഥിതിയ്ക്ക് കൂടുതല്‍ യുവതീയുവാക്കള്‍ ഈ ആശയം പരീക്ഷിക്കുമെന്ന് വേണം കരുതാന്‍. അങ്ങനെയായാല്‍ പണി പോവുന്നതും കഞ്ഞി മുട്ടുന്നതും ഏതുകൂട്ടരുടെയാണെന്ന് പറയേണ്ടതില്ലല്ലോ.


Related posts