സാൻഫ്രാൻസിസ്കോ: തങ്ങളുടെ കോർപറേറ്റ് മുഖം കൂടുതൽ വ്യക്തമാക്കി ഫേസ്ബുക്ക്. സിലിക്കണ്‍വാലി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫേസ്ബുക്ക് കന്പനിയെ പ്രതിനിധീകരിക്കുന്ന കോർപറേറ്റ് ലോഗോ കന്പനി അവതരിപ്പിച്ചു. സോഷ്യൽമീഡിയ ആപ്പായ ഫേസ്ബുക്കിൽനിന്നു ഫേസ്ബുക്ക് കന്പനിയെ വേർതിരിച്ചുകാട്ടുകയാണു ലക്ഷ്യം.
ഫേസ്ബുക്ക് കന്പനിക്കു കീഴിലുള്ള വാട്സ് ആപ്പ്, മെസഞ്ചർ, ഇൻസ്റ്റഗ്രാം, ഓകലസ്, വർക്പ്ലെസ്, കലിബ്ര തുടങ്ങിയവയിൽ വരുദിവസങ്ങളിൽ പുതിയ ലോഗോ ചേർക്കും. ഓരോ ഉത്പന്നത്തിലും അതിന്റെതന്നെ പ്രധാനനിറത്തിലാകും ഫേസ്ബുക്ക് ലോഗോ പ്രത്യക്ഷപ്പെടുക. അതായത്്, വാട്സ് ആപ്പിലെ ഫേസ്ബുക്ക് ലോഗോ പച്ചനിറത്തിലായിരിക്കും. ഇൻസ്റ്റഗ്രാമിൽ പിങ്ക് നിറത്തിലും.
ഫേസ്ബുക്കുമായി ബന്ധപ്പെട്ട കാര്യങ്ങളിലെല്ലാം ഫേസ്ബുക്ക് സോഷ്യൽമീഡിയ ആപ്പിന്റെ ലോഗോ വ്യാപകമായി ഉപയോഗിക്കുന്ന പ്രവണതയ്ക്ക് ഇതോടെ അന്ത്യമാകും.
തങ്ങളുടെ ഉത്പന്നങ്ങൾ ഏതൊക്കെയെന്നു കൃത്യമായി അടയാളപ്പെടുത്താൻ പുതിയ ലോഗോ ഉപകരിക്കുമെന്ന് ഫേസ്ബുക്ക് മാർക്കറ്റിംഗ് ഓഫീസർ അന്റോണിയോ ലൂസിയൊ പറഞ്ഞു. “എല്ലാക്കാര്യത്തിലും സുതാര്യത വേണമെന്ന് കന്പനിക്ക് നിർബന്ധമുണ്ട്.
വാട്സ് ആപ്പും ഇൻസ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയിലാണെന്ന വിവരം അറിയാവുന്നത് 29 ശതമാനം അമേരിക്കക്കാർക്കു മാത്രമാണെന്ന് അടുത്തിടെ ഒരു സർവേ റിപ്പോർട്ടിൽ കണ്ടിരുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങൾ ഒഴിവാക്കി ആളുകൾക്ക് വ്യക്തത പകരുകയാണു ലക്ഷ്യം’’ -ലൂസിയോ കൂട്ടിച്ചേർത്തു.