നെടുംകുന്നം: പുനഃസമാഗമത്തിന്റെ ആഹ്ളാദ വേളയിൽ കൊച്ചോലിക്കൽ കുടുംബവും നാട്ടുകാരും. നെടുംകുന്നം എട്ടാം വാർഡിൽ കൊച്ചോലിക്കൽ വർഗീസ് കുര്യാക്കോസി (പാപ്പച്ചി -73) നെയാണ് ഫേസ്ബുക്കിന്റെ സഹായത്തോടെ തിരുവനന്തപുരം മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയത്.
നാലു മാസം മുന്പു കാണാതായ തങ്ങളുടെ പ്രിയപ്പെട്ട അപ്പച്ചനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഇവർ. സെപ്റ്റംബർ രണ്ടിന് കുമളി അണക്കരയിൽ നിന്നുമാണ് പാപ്പച്ചിയെ കാണാതായത്. ഇതിനെത്തുടർന്ന് വണ്ടൻമേട് പോലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ പലയിടത്തും അന്വേഷണം നടത്തി വരികയായിരുന്നു. പത്രപരസ്യവും, വിവിധ ജില്ലകളിൽ പോസ്റ്ററുകളും പതിച്ചിട്ടും ആളെ കണ്ടെത്താനായില്ല. നാലു ദിവസം മുന്പു തിരുവനന്തപുരം മെഡിക്കൽ കോളജിനു സമീപം വഴിയരികിൽ അവശനായി കിടന്ന ഇയാളെ പോലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഓർമ ഇല്ലാത്തതിനാൽ പാപ്പച്ചിയിൽനിന്നും യാതൊരു വിവരങ്ങളും പോലീസിനും ആശുപത്രി അധികൃതർക്കും കിട്ടയില്ല. ഇയാളെ പ്രവേശിപ്പിച്ച അതേവാർഡിൽ മറ്റൊരു രോഗിയുടെ കൂടെ എത്തിയ അനസ് മുംതാസ് എന്ന യുവാവ് പാപ്പച്ചിയുടെ ഫോട്ടോയും, വീഡിയോയും ഫേസ്ബുക്കിൽ ഷെയർ ചെയ്യുകയായിരുന്നു.
അനസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട നെടുംകുന്നം സ്വദേശിയായ യുവാവ്, പഞ്ചായത്ത് മെംബർ സി.ജെ. ബീനയെ വിവരം അറിയിച്ചു. തുടർന്നാണ് വിവരം പാപ്പച്ചിയുടെ കുടുംബം അറിയുന്നത്. കുടുംബാംഗങ്ങൾ തിങ്കളാഴ്ച രാത്രിയിൽത്തന്നെ തിരുവനന്തപുരത്ത് എത്തി പാപ്പച്ചിയെ വീട്ടിലേക്കു മടക്കി കൊണ്ടുവന്നു.