തിരുവല്ല: അയല്വീടുകള്ക്കുനേരെ ആക്രമണം നടത്തുകയും സ്ത്രീകളെ സ്ഥിരമായി ശല്യപ്പെടുത്തുകയും ചെയ്യുന്ന ആള്‍ക്കെതിരെ നിരവധി തവണ പോലീസില്‍ പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ല.
തുടരെയുള്ള ആക്രമണം ശനിയാഴ്ച രാത്രിയിലും തുടര്‍ന്നപ്പോള്‍ നവമാധ്യമങ്ങളിലൂടെ ലൈവ് നല്കിയതു പോലീസിന് നാണക്കേടാകുമെന്നു കണ്ട് ഉദ്യോഗസ്ഥസംഘം എത്തി ആളെ അറസ്റ്റ് ചെയ്തു.
തിരുവല്ല മീന്തലക്കര പൂതിരിക്കാട്ട് മലയില്‍ ചാമക്കാലായില്‍ ജോണ്‍ ചാക്കോ (65)യെയാണ് അറസ്റ്റ് ചെയ്തത്.ശനിയാഴ്ച രാത്രിയാണ് ജോണ്‍ ചാക്കോയുടെ വീടിനു സമീപത്തുള്ള ചില വീടുകള്‍ക്കു നേരെ ആക്രമണമുണ്ടായത്.
പൂതിരിക്കാട്ട് മുല്ലശേരി മലയില്‍ ശ്രീധരന്, തോമ്പില്‍ പുത്തന്‍പുരയില്‍ പ്രകാശ്, പുത്തന്‍പറമ്പില്‍ തോമസ് എന്നിവരുടെ വീടുകള്‍ക്കുനേരെയാണ് ആക്രമണമുണ്ടായത്.
ഇന്നലെ രാവിലെയും ചില വീടുകള്‍ക്കുനേരെ ആക്രമണമുണ്ടാകുകയും സ്ത്രീകളെ അസഭ്യം പറയുകയും അശ്ലീല പ്രദര്‍ശനം നടത്തുകയും ചെയ്തതോടെ പരാതികൾ ഏറി.
പോലീസില്‍ അറിയിച്ചിട്ടും നടപടി ഇല്ലെന്നു കണ്ടതോടെയാണ് സമീപവാസികള്‍ ഫേസ്ബുക്ക് ലൈവില്‍ വന്നത്. തുടര്‍ന്ന് ഉച്ചയോടെ സ്ഥലത്തെത്തിയ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു.
അവിവാഹിതനായ ശ്രീധരനും സഹോദരി ചെല്ലമ്മയും കഴിയുന്ന വീടിന്റെ ജനല്‍ച്ചില്ലകള്‍ തല്ലിത്തകര്‍ത്തിരുന്നു. ഇവരുടെ നിലവിളി കേട്ട് ഓടിക്കൂടിയ സമീപവാസികള്‍ക്കെതിരെ ജോണ്‍ ചാക്കോ ഭീഷണി മുഴക്കി.
നേരത്തെ ഇയാള്‍ക്കെതിരെ നിരവധി പരാതികളുണ്ടായതാണ്. സ്ത്രീകളെ വഴിനടക്കാന്‍ അനുവദിക്കില്ലെന്നും അടക്കമുള്ള പരാതിയില്‍ പോലീസ് നടപടി ഉണ്ടാകാതെ വന്നതോടെ കോടതിയിൽ പരാതികള്‍ എത്തി.
സമീപവാസികളായ സ്ത്രീകളുടെ ദേഹത്തേക്ക് ചൂടുവെള്ളം ഒഴിച്ചതടക്കമുള്ള പരാതികളുണ്ട്. വസ്ത്രങ്ങള്‍ എടുത്തു മാറ്റുക, കിടപ്പുമുറികളുടെ ജനല്‍ച്ചില്ലകള്‍ തകര്‍ക്കുക തുടങ്ങിയ പരാതികളുമുണ്ടായി.
അയല്‍വാസികള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നതെന്ന് തിരുവല്ല പോലീസ് പറഞ്ഞു.