വികാലാംഗരായ ആളുകള്‍ക്ക് പ്രത്യേക പരിഗണന എല്ലായിടത്തും നല്കാന് മാറിമാറി വരുന്ന കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ മത്സരിച്ച് കാണാറുണ്ട്. പഠനത്തിലും ജോലിയിലും തുടങ്ങി ഒട്ടുമിക്കയിടങ്ങളിലും അവര്‍ക്ക് പരിഗണനയും സംവരണവുമുണ്ട്. എന്നാല്‍ ചില പ്രത്യേക സാഹചര്യത്തില്‍ ചില ആളുകളുടെ വികലാംഗരോടുള്ള സമീപനം വളരെ മോശമായി പരിണമിക്കാറുണ്ട്. ഇത്തരത്തില്‍ ഒരു യൂബര്‍ ടാക്സി ഡ്രൈവറില്‍ നിന്ന് തനിക്ക് നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഡല്‍ഹി സ്വദേശിനിയായ ഒരു പെണ്‍കുട്ടി ഫേസ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പ് ഇപ്പോള്‍ വൈറലായി മാറിയിരിക്കുകയാണ്. എന്റെ ശാരീരികാവസ്ഥയെക്കുറിച്ചോര്ത്ത് എനിക്കു തെല്ലും വിഷമമില്ല. അംഗപരിമിതകൂടിയായ ഡല്‍ഹി സ്വദേശിനി പ്രീതി സിങാണ് തനിക്കുണ്ടായമോശം അനുഭവത്തെക്കുറിച്ച് ഫേസ്്ബുക്കില്‍ പങ്കുവച്ചിരിക്കുന്നത്. യൂബറിനെ അഭിസംബോധന ചെയ്തുകൊണ്ടെഴുതിയ കുറിപ്പില്‍ പ്രീതി എഴുതിയിരിക്കുന്നതിങ്ങനെയാണ്.
‘വീല്‍ചെയര്‍ സൂക്ഷിക്കാനുള്ള സ്ഥലം മിക്കയൂബറിലും കാണില്ല. പിന്നെ എന്റെ മുന്നിലുള്ള ഒരേയൊരു പോംവഴി കാറില്‍ എന്റെയരുകില്ത്തന്നെ വീല്‍ച്ചെയര്‍ ഫോള്‍ഡ് ചെയ്തു സൂക്ഷിക്കുകയെന്നതു മാത്രമാണ്. അങ്ങനെ ചെയ്തതിനു രണ്ടു യൂബര്‍ ഡ്രൈവര്‍മാരും എന്നോടു ബഹളമുണ്ടാക്കി. യാത്ര അവസാനിച്ചു കഴിഞ്ഞപ്പോള്‍ ടൗവലുപയോഗിച്ച് വീല്ച്ചെയര്വച്ചിരുന്ന സ്ഥലം എനിക്കു വൃത്തിയാക്കിക്കൊടുക്കേണ്ടി വന്നു.ഇതുവരെ എനിക്കിതുപോലെ ഒരനുഭവമുണ്ടായിട്ടില്ല. സാധാരണ വാഹനങ്ങളുടെ മുകളിലോ പുറകിലോ ഒക്കെ സാധനങ്ങള്‍ വയ്ക്കാനുള്ള സ്ഥലമുണ്ടാകും. ഇവിടെ ഞാന്‍ കയറിയ രണ്ടു യൂബറുകളിലും അങ്ങനെയുള്ള സൗകര്യമില്ലാത്തതുകൊണ്ടു മാത്രമാണ് വീല്‍ചെയര്‍ യൂബറിനുള്ളില്ത്തന്നെ വയ്ക്കേണ്ടി വന്നത്. അതു മനസ്സിലാക്കാന്‍ തയാറാവാതെയാണ് അവര്‍ എന്നോടു ബഹളംവെച്ചത്. എല്ലാവരെയും പോലെ തന്നെ പണം നല്‍കിയാണ് ഞാനും യൂബറിന്റെ സേവനം പ്രയോജനപ്പെടുത്തിയത്. പക്ഷെ യൂബര്‍ ഡ്രൈവര്‍മാരില്‍ നിന്നും വളരെ മോശം പരിഗണനയാണെനിക്കു ലഭിച്ചത്. കാലുപുറത്തുവെച്ചു യാത്ര ചെയ്യാന്‍ നിങ്ങള്‍ മറ്റുള്ള യാത്രക്കാരോട് ആവശ്യപ്പെടുമോ? പിന്നെന്തുകൊണ്ട് എന്നോടിങ്ങനെ പെരുമാറി’- പ്രീതി ചോദിക്കുന്നു. ‘ആദ്യത്തെ സംഭവം ക്ഷമിക്കാന്‍ ഞാനൊരുക്കമായിരുന്നു. പക്ഷെ ഒരു ദിവസം തന്നെ രണ്ടു പ്രാവശ്യം മോശം സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെട്ടപ്പോള്‍ എനിക്കെന്തോ വല്ലായ്മ തോന്നി. അതുകൊണ്ടാണ് ഈ സംഭവങ്ങളെക്കുറിച്ചു തുറന്നു പറയാന്‍ ഞാന്‍ തയാറായത്’.
യുവതിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനെത്തുടര്‍ന്ന് യൂബര്‍ അധികൃതര്‍ പ്രശ്നത്തില്‍ ഇടപെട്ടു. യാത്രക്കോരോടു യൂബര്‍ ഡ്രൈവര്‍മാര്‍ ഇത്തരത്തില്‍ വിവേചനം കാട്ടിയിട്ടുണ്ടെങ്കില്‍ അതുവെച്ചു പൊറുപ്പിക്കാന്‍ പറ്റില്ലെന്നും സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കുന്നുണ്ടെന്നും സത്യാവസ്ഥബോധ്യപ്പെട്ടാല് ഉടനടി നടപടിയെടുക്കുമെന്നും അവര്‍ മറുപടിയും നല്കി. ആ യാത്രകള്‍ക്ക് അവര്‍ ഉപയോഗിച്ച പണം തിരികെ നല്‍കുമെന്നും യൂബര്‍ അധികൃതര്‍ അറിയിച്ചിട്ടുണ്ട്. കുറ്റം ചെയ്തതിനുശേഷം അവരെ ശിക്ഷിക്കുക എന്നതല്ല താന്‍ ആഗ്രഹിക്കുന്നതെന്നും ഇത്തരത്തിലുള്ള ജോലിക്കാര്‍ക്ക് പരുശീലനം നല്കുന്ന അവസരങ്ങളില്‍ ഉപഭോക്താക്കളോട് കുറച്ചുകൂടി മാനുഷിക പരിഗണന കാട്ടണമെന്ന കാര്യമാണ് തനിക്ക് അറിയിക്കാനുള്ളതെന്നും പ്രീതി വ്യക്തമാക്കുന്നു.