പത്തു വര്‍ഷം മുമ്പ് നടന്ന ഒരു യഥാര്‍ത്ഥ സംഭവത്തിന്റെ തുടര്‍ക്കഥ സാഹിത്യത്തില്‍ ചാലിച്ച് എഴുതിയപ്പോള്‍ അത് വായനക്കാരന് നവ്യാനുഭവമായി മാറി. ഹയ്ഫ ഫാത്തിം ഷസ്‌നി എന്ന ഫേസ്ബുക്ക് പേജിലാണ് ഈ വ്യത്യസ്തമായ വായനാനുഭവം പങ്കുവച്ചിരിക്കുന്നത്. ‘എഴുതിയത് റിയാസ് ടി അലി…വായിച്ചപ്പോള്‍ രോമം പോലും അഭിമാനം കൊണ്ട് എഴുന്നേറ്റു. ഇത് ഒന്നു പോസ്റ്റ് ചെയ്യണമെന്ന് തോന്നി.. അതുകൊണ്ട് പോസ്റ്റ് ചെയ്യുന്നു…കേരളീയനന്മയുടെ അടയാളപ്പെടുത്തല്‍’ എന്നാണ് പോസ്റ്റിന് മുമ്പായി കൊടുത്തിരിക്കുന്ന ആമുഖം. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…
വായനക്കാര്‍ മറന്നുകാണില്ല. 4 വര്‍ഷം മുമ്പ് മലപ്പുറം ജില്ലയിലെ കാളികാവിലാണ് സംഭവം നടന്നത്. ചില തട്ടിപ്പുകേസുകളില്‍െപ്പട്ട മുജീബ് റഹ്മാന്‍ എന്ന വ്യക്തിയെ അറസ്റ്റ്‌ചെയ്യാനെത്തിയ എസ്.ഐ വിജയകൃഷ്ണനെ പ്രതി വെടിവെച്ചുകൊന്നു. തികച്ചും ദുരൂഹമായ ഒരുജീവിതം നയിക്കുന്ന വ്യക്തിയായിരുന്നു മുജീബ്. ഭാര്യയും പത്തു വയസ്സായ ദില്ഷാദ്എന്ന മകനും നാലുവയസ്സുകാരി മുഹ്‌സിനയുമടങ്ങുന്ന കുടുംബം. ഏതോ ഒരു നിമിഷത്തില്‍ തോന്നിയ കുബുദ്ധി, കൃത്യനിര്വ്വഹണത്തിനെത്തിയ നിയമപാലകന്റെ നേര നിറയൊഴിക്കുന്നതില്‍ കലാശിച്ചു. നിഷ്‌കളങ്കരായ രണ്ടു മക്കളേയും കൈ പിടിച്ച് ഭാര്യയെയും കൂട്ടി പ്രതി നിലമ്പൂര്‍ കാടുകളിലേക്ക് ഓടിയൊളിച്ചു. പ്രതിക്കു വേണ്ടി വലിയൊരു പോലീസ് സന്നാഹം തെരച്ചില്‍ ആരംഭിച്ചു. പശ്ചിമഘട്ട താഴ്‌വരകള്‍ അരിച്ചു പെറുക്കുന്ന പോലീസിനു മുന്നില്‍ ശ്വാസമടക്കിപ്പിടിച്ചു ഒരു കുറ്റിക്കാട്ടില് രണ്ടു പിഞ്ചുങ്ങളെ ചേര്‍ത്തുപിടിച്ചൊരു മാതാവും പ്രതിയായ പിതാവും ഒളിച്ചു നിന്നു.
തൊണ്ടപോലും അനക്കാന്‍ സാധിക്കാത്ത മക്കള്‍. പോലീസ് മുന്നിലൂടെ ജാഗ്രതയോടെ നീങ്ങുന്നത് മക്കള് ഭീതിയോടെ കാണുന്നുണ്ട്. പോലീസിന്റെ കണ്ണില്‍ പെടാതെ ഒരു രാത്രി വെളുക്കുവോളം അവിടെ കഴിച്ചുകൂട്ടി. നേരം പുലല്‍ന്നപ്പോള്‍ കാട്ടരുവിയിലെ വെള്ളം കൈക്കുടന്നയില്‍് നിറച്ച് ഉമ്മയും ഉപ്പയും ആ മക്കള്‍ക്കു നല്കി. ഇന്നലെ ഭക്ഷണം കഴിച്ചതാണ്. കാട്ടില്‍ നിന്നെന്തു കിട്ടാനാ..! വിശന്നും ക്ഷീണിച്ചും തളര്‍ന്ന മക്കളോടു ഉമ്മയും ഉപ്പയും ”ഞങ്ങള്‍ മരിക്കാന്‍ പോവുകയാണെന്നും നിങ്ങള്‍ വീട്ടിലേക്കു പൊയ്‌ക്കോളൂ. മൂത്താപ്പ നോക്കുമെന്നും” പറഞ്ഞ് വീട്ടിലേക്കയക്കുന്നു. ഉമ്മയെയും ഉപ്പയെയും തിരിഞ്ഞു നോക്കി മനസില്ലാ മനസ്സോടെ വീട്ടിലേക്കു പോകുന്ന മക്കള്‍… നടന്നു നീങ്ങുമ്പോള്‍ പുറകില്‍ വെടിയൊച്ച. പ്രിയമാതാവു വെടിയേറ്റു വീഴുന്നു. ഉടന്‍ തന്നെ രണ്ടാമത്തെ വെടിശബ്ദവും. സ്വയമുതിര്‍ത്ത വെടിയില് ഉപ്പയും മറിഞ്ഞുവീഴുന്ന, പിടഞ്ഞുമരിക്കുന്ന രംഗം കണ്ടു പകച്ചു കൊണ്ട് മക്കള്‍ വീട്ടിലേക്കുതിരിക്കുന്നു….
*********************************
വെടിയേറ്റു മരിച്ച എസ്.ഐ വിജയകൃഷണന്റെ വീട്ടില്‍ ദുഃഖാര്‍ത്തരായ അമ്മ ജാനകിയും ഭാര്യ ശോഭനയും മക്കള്‍ വിജിനയും വിനൂപും… കുടുംബത്തിന്റെ ഏക അത്താണിയെ നഷ്ടപ്പെട്ട വ്യഥയില്‍ കണ്ണീരുമായി അവര്‍ ഇഴുകിച്ചേര്‍ന്നു. വണ്ടൂര്‍ പോലീസ് സ്റ്റേഷന്‍ പരിസരത്ത് നൂറുക്കണക്കിനാളുകള്‍ മനുഷ്യസ്‌നേഹിയായ ആ നിയമപാലകന്റെ മൃതദേഹം കാണാന്‍ കോരിച്ചൊരിയുന്ന പേമാരിയെ വകവെക്കാതെ ഒത്തുകൂടി. തിമര്‍ത്തുപെയ്യുന്ന മഴയത്ത് ജയകൃഷണന്റെ മൃതദേഹം വഹിച്ച് സ്വഗൃഹത്തിലെത്തിയ ആംബുലന്‍സിനെ കണ്ടതോടെ നാട്ടുകാരുടെയും വീട്ടുകാരുടെയും നിയന്ത്രണം വിട്ടു. ഒടുവില്‍ ആ നല്ല മനുഷ്യനും കുടുംബത്തെ വേദനയിലും കണ്ണീരിലുമാഴ്ത്തി ഓര്‍മയായി…
**************************************
ദില്‍ഷാദും മുഹ്‌സിനയും ഉത്സവപ്പറമ്പിലൊറ്റപ്പെട്ട പ്രതീതി…! ഉപ്പയുടെയും ഉമ്മയുടെയും വിശാലമായ മൈതാനത്ത് വിരലില് നിന്നൂര്‍ന്നു പോയ ഇളംവിരലുകള്‍…. ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കരുവാരക്കുണ്ട് ദാറുന്നജാത്ത് ഓര്‍ഫനേജ് കുട്ടികളെ ഏറ്റെടുത്തു. പഠനവും ഭക്ഷണവും വസ്ത്രവും നജാത് കമ്മിറ്റി വഹിക്കാമെന്നേറ്റു. ബാല്യത്തിന്റെ രണ്ടു വേദനകള്‍ നജാതിലേക്ക് യാത്രയായി. പഠന മേഖലയിലേക്കും. അവിടെ ഒരു കുടുംബം പോലെ മക്കള്‍ കഴിച്ചുകൂട്ടി.
****************************************
ദിവസങ്ങള്‍ കൊഴിഞ്ഞുവീണു. മധ്യവേനലവധി… സ്‌കൂളടച്ചു. അനാഥരും അഗതികളുമായ അനേകം മക്കള്‍ വീട്ടിലേക്ക് പോവുകയാണ്. ദില്‍ഷാദിനും മുഹ്‌സിനക്കും പോകാന്‍ സ്വന്തമായി ഒരു വീടില്ല. കാടിനരികില് ടാര്‍പോളിന്‍ കൊണ്ടു വലിച്ചുകെട്ടിയ ഒരു ഷെഡ് മാത്രം. അവിടെയാണെങ്കില്‍ ഓര്‍ക്കാനാവാത്ത ഒരുതരം ഭീതി തളംകെട്ടി നില്ക്കുന്നു. സന്മനസ്സുള്ള ഒരധ്യാപകനു മനസ്സില്‍ തോന്നിയ ആശയം സഹാധ്യാപകരോടും മറ്റു വിദ്യാര്‍ത്ഥികളോടും പങ്കുവെച്ചു. നാമെല്ലാവരും ഇന്നു മുതല്‍ ദിവസവും ഒരു ചെറിയ സംഖ്യ, നമ്മളാല്‍ കഴിയുന്ന ഒരു തുക മുഹ്‌സിനക്കും ദിലുവിനും വേണ്ടി ഒരു പെട്ടിയില്, അല്ലെങ്കില്‍ ഒരു കാശുകുടുക്ക വാങ്ങി അതില്‍ നിക്ഷേപിക്കുന്നു. ആര്‍ക്കാണ് കൂടുതലുള്ളതെന്നറിയാമല്ലോ… ഒരു വര്‍ഷം കഴിഞ്ഞ് അതു പൊട്ടിച്ചു കിട്ടുന്ന സംഖ്യ സ്വരൂപിച്ച് നമുക്ക് ദില്‍ഷാദിനും മുഹിസിനക്കും ഒരു വീടുണ്ടാക്കാം. നല്ലൊരാശയം കേട്ട വിദ്യാര്‍ത്ഥികളും സഹാധ്യാപകരും ”സ്വരൂക്കൂട്ടല്‍” ആരംഭിച്ചു. കുട്ടികളെല്ലാം ആവേശത്തോടെ രംഗത്തിറങ്ങി… 10 രൂപയുടെ പേന വാങ്ങുന്ന കുട്ടി 5 രൂപയുടെ പേന വാങ്ങി ബാക്കി 5 രൂപ കുടുക്കയിലിട്ടു… പുത്തനുടുപ്പു വാങ്ങുമ്പോഴും പഠനോപകരണങ്ങള് വാങ്ങുമ്പോഴും കുട്ടികള്‍ മിച്ചം വെച്ചു…
ഒരു വര്‍ഷമങ്ങനെ കടന്നുപോയി….
****************************************
നാളെ പെട്ടി പൊട്ടിക്കുകയാണ്…ആ സന്തോഷനിമിഷമാലോചിച്ച് നജാത്തിലെ കുട്ടികളാരും അന്നത്തെ രാത്രി ഉറങ്ങിക്കാണില്ല… പെട്ടികളെല്ലാം പൊട്ടിച്ചു… സ്വരൂക്കൂട്ടിയ അമൂല്യധനം ഒരു കൊച്ചുവീടായി രൂപാന്തരപ്പെട്ടു. വീടുപണികള് യുദ്ധകാലാടിസ്ഥാനത്തില് തന്നെ… ഇനി ഗൃഹപ്രവേശം…. അധ്യാപകരും വിദ്യാര്ത്ഥികളും എല്ലാ കാര്യത്തിനും മുന്നില് തന്നെ നിന്നു…. ഗൃഹപ്രേവേശത്തിനു ക്ഷണിയ്ക്കാനായി അധ്യാപകര് എസ്.ഐ ജയകൃഷ്ണന്റെ വീട്ടിലെത്തി.. തന്റെ പ്രിയതമനെ വെടിവെച്ചുകൊന്ന കൊലയാളികളുടെ മക്കള്‍ക്കു വേണ്ടി നിര്‍മ്മിച്ച വീടിന്റെ താക്കോല്ദാന ചടങ്ങിലേക്ക് ക്ഷണിയ്ക്കപ്പെടുന്ന ഭാര്യയും മക്കളും.. വല്ലാത്തൊരു വെല്ലുവിളിയാണത്…. ഒരര്‍ത്ഥത്തിലൊരു പരിഹാസമാണത്….. പക്ഷേ, ആ അമ്മ ശോഭന കണ്ണീരോടെ പ്രതികരിച്ചതിങ്ങനെ…
‘ഞാന്‍ പുറത്തെങ്ങും അങ്ങനെ പോകാറില്ല. ആ കുട്ടികളോടു നന്നായി പഠിയ്ക്കാന് പറയണം. എന്താവശ്യമുണ്ടെങ്കിലും ചോദിക്കാന് പറയണം. സാമ്പത്തിക പ്രശ്‌നം കൊണ്ട് പഠിക്കാതിരിക്കരുത്… എന്റെ വക എല്ലാ പ്രാര്ത്ഥനകളുമുണ്ട്…..” ക്ഷണിയ്ക്കാന് പോയ അധ്യാപകരും യാത്ര പറഞ്ഞിറങ്ങുമ്പോള് കണ്ണീരു തുടച്ചു… വീടിനു വെളിയിലിറങ്ങിയ അധ്യാപകര് പിന്നില് നിന്നുള്ള വിളി കേട്ട് തിരിഞ്ഞു നോക്കി. ”ഇനി ഞാന് വരാത്തതിനു മക്കള്‌ക്കൊരു വിഷമം വേണ്ട. എന്റെ മോന് വിനുവിനെ പറഞ്ഞയക്കാം….” അതുകൂടി കേട്ടപ്പോള് വല്ലാത്തൊരവസ്ഥയിലായി അധ്യാപകര്…. പി.ജി കഴിഞ്ഞതാണ് വിനു. പിതാവിന്റെ വഴിയേ പോലീസുകാരനാവാനാഗ്രഹിച്ച് നില്ക്കുകയാണ് മകനും….
****************************************
വീടിന്റെ താക്കോല്‍ ദാന ചടങ്ങ്…. ഗ്രാമാന്തരീക്ഷത്തില്‍ ഉയര്‍ന്ന ചെറിയൊരു സ്റ്റേജ്… നാട്ടുപ്രമാണിമാരും എം.എല്‍.എയും ഓര്ഫനേജ് ഭാരവാഹികളും ഉള്ള വേദി… അധ്യാപകരും രക്ഷിതാക്കളും വിദ്യാര്ത്ഥികളും തിങ്ങി നിറഞ്ഞ സദസ്സ്….. പ്രാഥമിക യോഗ നടപടികള്ക്കു ശേഷം താക്കോല്ദാനം നിര്വ്വഹിക്കപ്പെടുന്നു….മൈക്കിലൂടെ അനൗണ്‍സ് കേട്ടു… ‘അടുത്തതായി വീടിന്റെ താക്കോല് ദാനമാണ്. താക്കോല് ഏറ്റുവാങ്ങാന് വേണ്ടി ദില്ഷാദിനെയും മുഹ്‌സിനയെയും ക്ഷണിച്ചു കൊള്ളുന്നു… ‘ ദില്ഷാദും മുഹ്‌സിനയും സദ്സ്സില് നിന്നെഴുന്നേറ്റു.. ആളുകളുടെ കണ്ണുകള് ആ നിഷ്‌കളങ്കബാല്യങ്ങളില് പതിഞ്ഞു… അവര് വേദിയിലേക്ക് നടക്കുമ്പേള് സദസ്സില് നിന്ന് മറ്റൊരാള് കൂടി എഴുന്നേറ്റു… വിനു… എസ്.ഐ ജയകൃഷ്ണന്റെ മകന്‍…. ദില്ഷാദിനെയും മുഹ്‌സിനയെയും തന്റെ ഇടത്തും വലത്തും ചേര്ത്തു പിടിച്ച് ഒരു വല്യേട്ടനായി വിനു വേദിയിലേക്ക്…. ആ രണ്ടു ഇളം കൈകളെയും വിനു ചേര്‍ത്തു പിടിച്ചു കൊണ്ട് താക്കോല്‍ ഏറ്റുവാങ്ങുന്നു… കണ്ടുനിന്നവരുടെ കണ്ഠമിടറുന്ന കാഴ്ച…. വീര്‍ടക്കിയാണ് സദസ്യര്‍ ഈ രംഗം കാണുന്നത്. വേദിയിലുള്ളവര്‍ കണ്ണീരു തുടക്കുന്നു…. വല്ലാത്തൊരു നിശബ്ദത…..താക്കോല്‍ വാങ്ങി ആ അനിയനെയും അനിയത്തിയെയും തോളില്‍ കൈയിട്ടു വിനു സദസ്സിലേക്ക്….. ഒന്നു കൈയടിക്കാന്‍ പോലും മറന്നു പോയ സദസ്യര്‍…. അവിടേക്കു പുഞ്ചിരി തൂകി കടന്നു വന്ന മൂന്നു വേദനകള്‍…… മലയാളമേ .. നിന്റെ ഉത്തമ സംസാകാരത്തിനേ ഈ നന്മ വിളയിക്കാനാവൂ… നീ വിതയ്ക്കുന്ന മഹത്വമാം സംസ്‌കൃതിയില്‍ ഞങ്ങള്‍ ആനന്ദതുന്ദിലരാവുന്നു.. ഹര്‍ഷപുളകിതരാവുന്നു…
കടപ്പാട് : റിയാസ് ടി അലി