പണം എത്ര കിട്ടിയാലും തികയാത്ത, മതിവരാത്ത, പണത്തിനുവേണ്ടി എന്ത് കൊള്ളരുതായ്മകളും കാട്ടിക്കൂട്ടാന്‍ മടിയില്ലാത്ത ആളുകള്‍ കൂടിവരുന്ന കാലഘട്ടമാണിത്. അതേസമയം സമാധാനവും സന്തോഷവും ജീവിതത്തില്‍ നിറയ്ക്കാന്‍ പണം ആവശ്യമില്ലെന്ന് മനസിലാക്കിയിട്ടുള്ളവരും ലോകത്തിലുണ്ട്. മറ്റുള്ളവരുടെ മുഖത്ത് കാണുന്ന പുഞ്ചിരിയാണ്, അല്ലെങ്കില്‍ സന്തോഷത്തോടെയുള്ള ഒരു വാക്കാണ് അവരെ സംബന്ധിച്ചിടത്തോളം വലിയ സമ്പത്ത്. ഇത്തരത്തില്‍ പണത്തെ ദൈവമായി കരുതാതെതന്നെ പൂര്‍ണ്ണ സന്തുഷ്ടമായ ജീവിതം നയിക്കുന്ന ഒരു വൃദ്ധയെ പരിചയപ്പെടാന്‍ സാധിച്ചതിന്റെ സന്തോഷം സുഹൃത്തുക്കളുമായി പങ്കുവച്ചിരിക്കുകയാണ് പേര് വ്യക്തമല്ലാത്ത ഒരു ഫേസ്ബുക്ക് ഉപയോക്താവ്. യുവാക്കളടക്കമുള്ള ആധുനിക ലോകം നിര്‍ബന്ധമായും വായിച്ചിരിക്കേണ്ട ഒന്നാണ് ഈ അനുഭവക്കുറിപ്പ്. അതിങ്ങനെയാണ്…
5 രൂപയ്ക്കാണ് സാധാരണ ദിവസങ്ങളില്‍ പത്രം വാങ്ങാറ് പതിവ്. ഇടയ്‌ക്കൊരു ഞായറാഴ്ച ദിവസം കൈയിലിരുന്ന ചില്ലറ 5 രൂപ കൊടുത്തതിനു ശേഷമാണ് പത്രത്തിനു മുകളില്‍ 5.50 (വാരാന്ത്യ സ്‌പെഷ്യല്‍ കൂടി ഉള്ളതിനാല്‍) എന്നെഴുതിയിരിക്കുന്നത് കണ്ടത്. അത് വാങ്ങിയെങ്കിലും ഒന്നും പറയാത്തതിനാല്‍ ഇതിന്റെ വിലയെന്തെന്ന് ചോദിച്ചപ്പോള്‍ ‘6 രൂപയ്ക്കാണ് കൊടുക്കക്കണത്, എങ്കിലും മക്കള് ഒള്ളത് തന്നല്ല, അത് മതി’ എന്നായിരുന്നു മറുപടി. അത് വേണ്ട, ഇതെടുത്തിട്ടു ബാക്കി തരൂ എന്ന് പറഞ്ഞു ചില്ലറയില്ലാത്തതിനാല്‍ 100 ന്റെ നോട്ടു കൊടുത്തുനോക്കി. വേണ്ട മോനെ, എന്റെ കയ്യില്‍ അതിനു ബാക്കി തരാന്‍ തെകയൂല്ല. ഞാന്‍ പറഞ്ഞു: അത് സാരമില്ല, ബാക്കി അമ്മയുടെ കയ്യില്‍ ഇരിക്കട്ടെ, ഞാന്‍ പിന്നെ വാങ്ങിച്ചോളാം. സമ്മതിക്കുന്നില്ല.
കൊടുത്തത് മതിയെന്ന നിലപാടില്‍ തന്നെ. ശരി എന്നാല്‍ ബാക്കി നാളെ തരാം എന്ന് പറഞ്ഞു ഞാന്‍ പോയി. പിറ്റേന്ന് പത്തുരൂപ കൊടുത്തപ്പോള്‍ ബാക്കി അഞ്ചു തന്നു. ഇന്നലത്തെ ഒരു രൂപ കൂടി എടുക്കാന്‍ ഓര്‍മ്മപ്പെടുത്തിയപ്പോള്‍ ‘അത് വേണ്ട മോനെ, ഇന്നലെ ഞാന്‍ പറഞ്ഞതല്ലേ’ എന്നു പറഞ്ഞ് അടുത്ത ആളിലേക്ക് തിരിഞ്ഞു. ബാക്കി കിട്ടിയ അഞ്ചു രൂപയുടെ നാണയം പിടിച്ചു കുറച്ചു നേരം നോക്കി നിന്ന് ഞാന്‍ മടങ്ങി. തിരുവനന്തപുരം കോസ്‌മോപോളിറ്റന്‍ ആശുപത്രിക്ക് മുന്നിലുള്ള റോഡരികില്‍ എന്നും രാവിലെ കാണുന്ന ദൃശ്യമാണ് ചിത്രത്തില്‍. ആര്‍ത്തി നിറഞ്ഞ ലോകത്തിനു മുന്നില്‍ ഈ പത്രങ്ങളും മാഗസിനുകളും വിറ്റുകിട്ടുന്ന ചില്ലറത്തുട്ടുകള്‍ കൊണ്ട് സന്തോഷത്തോടെ കഴിഞ്ഞുകൂടുന്ന ഒരു പുഞ്ചിരിയുണ്ട് ഈ മുഖത്ത് എപ്പോഴും.
8 ദിവസം ഞാനും ഈ അമ്മൂമ്മയുടെ കസ്റ്റമര്‍ ആയിരുന്നു. ഡിസ്ചാര്‍ജ് ചെയ്യുന്നതിന്റെ തലേന്ന് ഒരു ഫോട്ടോ എടുക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ എന്റെ മുഖം അതിനൊക്കെ കൊള്ളാമോ മോനെ എന്ന നിഷ്‌കളങ്കമായ മറുചോദ്യം കേട്ട് ഒരുനിമിഷം ഞാന്‍ തരിച്ചുപോയി. വെച്ചുകെട്ടും മുഖത്തെഴുത്തുമായി ആര്‍ഭാടപൂര്‍വ്വം നിന്നു തരുന്ന ‘കൊള്ളാവുന്ന’വരുടെ ലോകത്തിനു നേര്‍ക്ക് ഇതുപോലുള്ള ‘കൊള്ളരുതാത്ത’വരുടെ ചോദ്യങ്ങള്‍ പ്രകമ്പനങ്ങളോ പ്രകോപനങ്ങളോ ആയിത്തീരുന്നുണ്ട്. അനുഭവങ്ങളില്‍ നിന്ന് കരുപ്പിടിപ്പിച്ച കരുത്തില്‍ നിന്ന് സരളമായി ചോദിക്കുന്ന ചോദ്യം നമ്മുടെ എല്ലാ വിധ ജാഡകളെയും വിയര്‍പ്പിച്ചു വെയിലത്ത് നിര്‍ത്തും. ഒടുവില്‍, ‘വേണ്ടെന്നു പറഞ്ഞാല്‍ മോന് വിഷമമാവൂലേ, അതുകൊണ്ട് എടുത്തോ’ എന്ന ആനുകൂല്യത്തില്‍ നിന്നുണ്ടായ ക്ലിക്ക്