കൊച്ചി: നവജാതശിശുവിനെ ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്തുനിന്നു കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവത്തിൽ മതസ്പർധ വളർത്തുന്ന തരത്തിൽ ഫേസ്ബുക്കിൽ പോസ്റ്റിട്ടയാൾ ഒളിവിൽ. ഇയാളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ തേടുന്നതായും പ്രാഥമിക അന്വേഷണത്തിൽ ഇയാൾ ഒളിവിലാണെന്ന വിവരമാണ് ലഭിച്ചിട്ടുള്ളതെന്നും അധികൃതർ പറഞ്ഞു.
സംഭവത്തിൽ കോതമംഗലം പൈങ്ങോട്ടൂർ കടവൂർ കോനാസറന്പത്ത്(ബ്ലാവിൽ) സോമസുന്ദരത്തിന്റെ മകൻ ബിനിൽ സോമസുന്ദരത്തിനെതിരേ എറണാകുളം സെൻട്രൽ പോലീസാണു കേസെടുത്തിട്ടുള്ളത്. ഐപിസി 153എ(മതവിദ്വേഷം ജനിപ്പിക്കൽ) പ്രകാരമാണു കേസ്. ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറി അഡ്വ. എ.എ. അൻഷാദ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണു പോലീസ് നടപടി.
ഇയാളെ സംബന്ധിച്ച് നടത്തിയ പരിശോധനയിൽ ഇയാൾ പലപ്പോഴും വീട്ടിലെത്താറില്ലെന്ന വിവരമാണു ലഭിച്ചതെന്നും പോലീസ് പറഞ്ഞു. പോസ്റ്റിനെതിരേ വ്യാപകപ്രതിഷേധമുയർന്നതോടെ മദ്യ ലഹരിയിലാണ് പോസ്റ്റിട്ടതെന്ന് പറഞ്ഞ് ഇയാൾ മാപ്പപേക്ഷയും നടത്തി.
ഹൃദയത്തിനു ഗുരുതര തകരാർ സംഭവിച്ച 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് മംഗലാപുരത്തുനിന്ന് ആംബുലൻസിൽ അമൃത ആശുപത്രിയിലെത്തിച്ചത്. തിരുവനന്തപുരത്തേക്കു കൊണ്ടുപോയ കുഞ്ഞിനെ മന്ത്രി കെ.കെ. ശൈലജ ഇടപെട്ട് അമൃത ആശുപത്രിയിൽ ചികിത്സാസൗകര്യമൊരുക്കുകയായിരുന്നു.
ഇതിനെതിരേയാണു മതസ്പർധ വളർത്തുന്ന തരത്തിൽ ഇയാൾ ഫേസ്ബുക്കിൽ പോസ്റ്റിട്ടത്. അതിനിടെ, ഐസിയുവിൽ നിരീക്ഷണത്തിൽ കഴിഞ്ഞുവന്ന കുഞ്ഞിന്റെ ശസ്ത്രക്രിയ രാവിലെ ആരംഭിച്ചു. ഏറെ അപകടസാധ്യതയുള്ള ശസ്ത്രക്രിയയാണു നടക്കുന്നതെന്നും സർജറിക്കുശേഷം കുഞ്ഞിനെ ഐസിയുവിൽ പൂർണ നിരീക്ഷത്തിലാക്കുമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയ മണിക്കൂറുകൾ നീണ്ടുനിൽക്കാനാണു സാധ്യത.
കാസർഗോഡ് വിദ്യാനഗർ പാറക്കട്ട സ്വദേശികളായ സാനിയ-മിത്താഹ് ദന്പതികളുടെ 15 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയാണു കഴിഞ്ഞദിവസം ശസ്ത്രക്രിയയ്ക്കായി അമൃതയിൽ പ്രവേശിപ്പിച്ചത്. മംഗലാപുരത്തുനിന്നു റോഡ് മാർഗം ആംബുലൻസിൽ 400 കിലോമീറ്റർ അഞ്ചര മണിക്കൂർ കൊണ്ടു പിന്നീട്ടാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്.
ഹൃദയത്തിന്റെ അറകളിലേക്കു രക്തം പന്പ് ചെയ്യുന്ന വെൻട്രിക്കിളിലുണ്ടാകുന്ന ദ്വാരവും അയോർട്ടിക് വാൾവ് ചുരുങ്ങുന്നതുമാണു തകരാർ. ഹൃദയ തകരാറിനു പുറമെ ഭാവിയിൽ കുഞ്ഞിന്റെ ആരോഗ്യത്തെ ബാധിക്കുന്ന തരത്തിലുള്ള മറ്റു വൈകല്യങ്ങളും പരിശോധനയിൽ കണ്ടെത്തിയതായി ആശുപത്രി അധികൃതർ അറിയിച്ചിരുന്നു.