ഈരാറ്റുപേട്ട: പനയ്ക്കപ്പാലത്ത് കഴിഞ്ഞ ദിവസം ബൈക്കപകടത്തിൽ യുവാവ് മരിച്ച സംഭവത്തിൽ, പോലീസുകാരനായ ജോസ് കുര്യൻ എഴുതിയ കുറിപ്പ് വൈറലായി. പാലാ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനാണ് പെരിങ്ങുളം സ്വദേശിയായ ജോസ് കുര്യൻ.
അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ ആരും തയാറാകാതിരുന്ന സാഹചര്യത്തിൽ വിൽപ്പനയ്ക്കുള്ള മത്സ്യം എടുക്കാനായി പോവുകയായിരുന്ന ഈരാറ്റുപേട്ട സ്വദേശികളായ അഫ്സലും ഷാനവാസുമാണ് സഹായവുമായെത്തിയത്.
തങ്ങളുടെ ആവശ്യം മാറ്റിവച്ച് സഹായിക്കാനെത്തിയ ഇരുവരെയും കുറിച്ചായിരുന്നു പോലീസ് ഉദ്യോഗസ്ഥന്റെ ഫേസ്ബുക്ക് കുറിപ്പ്. അപകടത്തിൽപ്പെട്ടവരെ സഹായിക്കാൻ മനസ് കാണിച്ച ഇരുവരെയും ഹീറോസ് എന്നാണ് ജോസ് മാത്യു വിശേഷിപ്പിച്ചത്.
ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ: വെളുപ്പിന് പനയ്ക്കപ്പാലത്ത് ഉണ്ടായ ബൈക്ക് അപകടത്തിൽ തലയോട് തകർന്ന് ചോര വാർന്നുകിടക്കുന്ന സ്വന്തം ചേട്ടന്റെ ജീവന് വേണ്ടി കരഞ്ഞുനിലവിളിച്ച ഒരു പതിനേഴുകാരന്റെ കണ്ണീരിൽ കുതിർന്ന യാചന അതുവഴി കടന്നുപോയ പല യാത്രക്കാരും കണ്ടില്ലെന്ന് നടിച്ചു.
ഞങ്ങൾ എത്തുന്പോൾ മനസിൽ ഒത്തിരി നന്മയുള്ള രണ്ടു ചെറുപ്പക്കാർ, ഈരാറ്റുപേട്ടയിലെ മത്സ്യ വ്യാപാരികളായ ഷാനവാസ് ചന്പക്കരയും അഫ്സലും തങ്ങളുടെ വാഹനത്തിൽ അവസാന ശ്വാസംപിടയുന്ന ആ ചെറുപ്പക്കാരനെ കയറ്റുന്പോൾ അഫ്സൽ, നീ പറഞ്ഞത് ഞാൻ കേട്ടു. സാറെ ഈ പയ്യന് അനക്കമുണ്ട് എന്ന വാക്ക്.
പക്ഷേ ആ വാക്കിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ആശുപത്രി വരാന്തയിൽ ഞാൻ കണ്ടു, അഫ്സൽ നിന്റെ കണ്ണ് നിറയുന്നത്. ശ്വാസം നിലച്ച ആ ചെറുപ്പക്കാരന്റെ ജീവൻ രക്ഷിക്കാൻ പറ്റാത്ത സങ്കടം നിന്നിൽ ആഴ്ന്നിറങ്ങുന്നത്. പ്രിയപ്പെട്ട അഫ്സൽ, ഷാനവാസ് നിങ്ങളാണ് യഥാർഥ ഹീറോസ്.
ഒരിക്കലും കണ്ടിട്ടില്ലാത്ത ഇനി ഒരിക്കലും കാണാൻ ഇടയില്ലാത്ത ഒരു ചെറുപ്പക്കാരന് വേണ്ടി നിങ്ങൾ മാറ്റിവച്ച നിങ്ങളുടെ വാഹനവും യാത്രയും. നിങ്ങൾക്ക് ഒരു പോലീസ്കാരന്റെ ബിഗ് സല്യൂട്ട്. ലോകം അറിയട്ടെ നിങ്ങളുടെ നന്മ. അമിത വേഗത്തിൽ മരണത്തിലേക്ക് വാഹനങ്ങൾ ഓടിക്കുന്ന പ്രിയ യുവത്വമെ, നിങ്ങൾ കണ്ണീരിലാഴ്ത്തുന്നത് ആയുസിന്റെ പകുതിയിലധികം നിങ്ങൾക്ക് വേണ്ടി ജീവിച്ച നിങ്ങളുടെ മാതാപിതാക്കളെയാണ്.