വൃദ്ധസദനത്തില്‍ നിന്ന് ഒരമ്മ തന്റെ മകനയച്ച കത്ത്! വായിച്ചിരിക്കണം ഓരോ മക്കളും, ഓരോ മാതാപിതാക്കളും; സോഷ്യല്‍മീഡിയയെ കണ്ണീരണിയിച്ച കത്തില്‍ പറയുന്നതിങ്ങനെ

വൃദ്ധ സദനങ്ങള്‍ കൂണുപോലെ മുളച്ചുപൊങ്ങുന്നതോടൊപ്പം വൃദ്ധസദനങ്ങളിലെ അംഗങ്ങളുടെ എണ്ണവും വര്‍ദ്ധിച്ചുവരികയാണ്. എത്രയൊക്കെ സന്ദേശങ്ങള്‍ ആരൊക്കെ ചേര്‍ന്ന് നല്‍കിയാലും സമൂഹത്തിന്റെ മനസ്ഥിതിയ്ക്ക് കാര്യമായ മാറ്റമൊന്നും ഉണ്ടാവുന്നുമില്ല. വൃദ്ധരായ മാതാപിതാക്കളെ വൃദ്ധസദനങ്ങളില്‍ തള്ളിയിട്ട് പോയിക്കഴിയുമ്പോള്‍ അവര്‍ക്ക് പറയാനുള്ളതെന്താണെന്ന് ഒരു മക്കളും ശ്രദ്ധിച്ചിട്ടുണ്ടാവില്ല. വൃദ്ധസദനത്തില്‍ ആരും തിരിഞ്ഞു നോക്കാനില്ലാതെ കഴിയുന്ന ഒരമ്മ തന്റെ മകനയച്ച കത്താണ് ഇപ്പോള്‍ സോഷ്യല്‍മീഡിയകളില്‍ വൈറലായിരിക്കുന്നത്. ഇത് ശരിക്കുള്ള അമ്മ എഴുതിയതാണെങ്കിലും മറിച്ച്, മറ്റാരെങ്കിലും തന്റെ സങ്കല്‍പ്പത്തില്‍ നിന്നെഴുതിയതാണെങ്കിലും വൃദ്ധസദനത്തില്‍ അനാഥയായി കഴിയുന്ന ഒരമ്മയ്ക്ക് ഇതൊക്കെ തന്നെയായിരിക്കും പറയാനുണ്ടാവുക എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. അതുകൊണ്ടുതന്നെയായിരിക്കണം, ഈ കുറിപ്പ് ഇത്രയും സ്വീകാര്യമായതും. വൃദ്ധ സദനത്തില്‍ നിന്നും ഒരമ്മ മകനയച്ച കത്ത് എന്ന പേരിലാണ് ഇപ്പോള്‍ ഈ ഫേസ്ബുക്ക് കുറിപ്പ് വൈറലാവുന്നത്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം വായിക്കാം…

വീട്ടില്‍ നിന്നും പോന്നപ്പോള്‍ മോന്റെ ഒരു പഴയ ഷര്‍ട്ട് അമ്മ എടുത്തോണ്ടു പോന്നാരുന്നു. നല്ല തണുപ്പുള്ളപ്പോള്‍ അമ്മ അതിട്ടോണ്ടാ കിടക്കാറ്. ഇവിടെ പുതപ്പില്ലാഞ്ഞിട്ടല്ല എന്റെ മോന്റെ ഷര്‍ട്ട്.,. അതിടുമ്പോള്‍ അമ്മയ്ക്ക് ഒരു ധൈര്യം പോലാ. മോന്റെ ഒന്നാം പിറന്നാളിന് അച്ഛന്‍ വാങ്ങിച്ചു തന്ന പുടവ അത് മാത്രമേ അമ്മ ഉടുത്തിട്ടുള്ളൂ . അത് അതുപോലെ തെക്കേ മുറിയിലെ അലമാരയില്‍ ഇരിക്കുവാ. അച്ഛന്റെ ഓര്‍മ്മയുടെ ബാക്കി കഷ്ണമാ അത്. അതുടുപ്പിച്ചു വേണം മോന് അമ്മയെ ചിതയില് വെയ്ക്കാന്. അതുടുത്ത് കാണാന് അച്ഛന് വല്യ ഇഷ്ട്ടായിരുന്നു . അച്ഛന്‍ കെട്ടിയ താലി മോന്‍ വീട് വച്ചപ്പോള്‍ പണയം വച്ചതാ. അത് എന്റെമോന്‍് മറന്നു കാണും. അത് തിരിച്ചെടുക്കണേ . അച്ഛന്റെ ഫോട്ടോ ഇരിക്കുന്ന മുറിയില്‍ അച്ഛന്റെ വെറ്റില പെട്ടിയില്‍ ഇട്ടു സൂക്ഷിച്ചു വെക്കണം. നന്ദു മോളുടെ കല്യാണത്തിനു അമ്മൂമ്മയുടെ വകയായി അത് കൊടുക്കണം. അമ്മേടെ ഒരാഗ്രഹമാ. അമ്മയ്ക്ക് തരാന്‍ വേറൊന്നുമില്ലല്ലോ …ഈ വൃദ്ധസദനത്തില്‍. അമ്മയെ കക്കൂസില്‍ കൊണ്ട് പോവേം കൊണ്ട് വരേം ചെയ്യുന്ന ഒരു ദേവൂ ഉണ്ട് .

ദേവൂന്റെ കയ്യില് അമ്മേടെ ഒരു പഴേ ഫോട്ടോ അമ്മ കൊടുത്തിട്ടുണ്ട് . അത് വലുതാക്കി അച്ഛന്റെ അടുത്തു തന്നെ വെക്കണം. മോന്റെ കയ്യില് അമ്മേടെ വേറെ ഫോട്ടോ കാണില്ലന്നറിയാം…ടി വി ക്കാര്‍ ഒരിക്കല്‍ ഇവിടെവന്നു എല്ലാരുടേം സംസാരമൊക്കെ പിടിച്ചു. അമ്മ സമ്മതിച്ചില്ല . ന്റെ മോന് അത് നാണക്കേടാവൂലെ…ഒരു വിഷമമേ അമ്മയ്ക്കുള്ളൂ. ഇതൊക്കെ അച്ഛന്റെ ആത്മാവ് കാണുന്നുണ്ടാവ്വോ…?വിഷമങ്ങളൊന്നും സഹിക്കാന്‍ മനസ്സിന് കട്ടിയുള്ള ആളല്ല. മോനറിയ്വോ ഇവിടെ എന്നെപ്പോലെ 28 അമ്മമാരുണ്ട് . ഓരോരുത്തര്‍ക്കും ഓരോരോ നമ്പര് ഉണ്ട്. അമ്മേടെ നമ്പര് 12 ആണ്. അമ്മേ ദഹിപ്പിചിട്ട് മോനിവിടെ വരണം. ദേവു മോന് ഒരു താക്കോല് തരും . അത് 12 ആം നമ്പര്‍ പെട്ടിയുടെതാ. അതില് മോന്ന്‌റെന്നു എടുത്തോണ്ട് വന്ന ഷര്‍ട്ടുണ്ട്. കഴുകി വെച്ചിരിക്കുവാ . മോനെടത്തില്ലെങ്കിലും മോന് അമ്മ അത് തിരിച്ചു തരുവാ . അമ്മേടതല്ലാത്ത ഒന്നും അമ്മക്ക് വേണ്ട .ആ പെട്ടീല്‍ അച്ഛന്റെ പഴേ മരുന്നിന്റെ തുണ്ടൊക്കെ ഇപ്പോഴും അമ്മ വെച്ചിട്ടുണ്ട്. എന്തിനാന്നറിയില്ല കളയാന്‍് മനസ്സ് വന്നില്ല .

പിന്നെ ഒരു കാണിക്കവഞ്ചിയില് കുറച്ചു പൈസ കാണും. അമ്മ ഇട്ടു കൂട്ടിയതാ. അച്ഛന് മരിച്ചിട്ടിപ്പോള്‍ പത്തു വര്‍ഷം തികയുകയല്ലേ . വിഷ്ണൂന്റെ അമ്പലത്തില്‍ നേര്‍ച്ച കൊടുക്കാന്‍ കൂട്ടി വെച്ചതാ. 200 രൂപ തെകയാന്‍ ഇനി 18 രൂപ കൂടി മതിയാരുന്നു . തികഞ്ഞില്ല. ഞാന്‍ ദേവൂന്റെടുത്തു പറഞ്ഞിട്ടുണ്ട് . അവള് 18 രൂപ മോന് തരും. അച്ഛന്റെ പേരില് അത് അമ്പലത്തില്‍ കൊടുത്തേരെ . മോന് സുഖം തന്നെ … അമ്മയ്‌ക്കൊന്നു കാണാന്‍ കൊതിയാകുവാ . എനിക്കറിയാം, മോന് തിരക്കാണ്, വരാന്‍ പറ്റില്ലാന്ന്. അമ്മയ്ക്ക് കാലു തീരെ വയ്യ .ആകുമായിരുന്നേല്‍ അമ്മ വന്നു ഒന്ന് മോനെ കണ്ടേനെ. അച്ഛന് ഉണ്ടായിരുന്നേ.. … എന്ന് ഓര്‍ത്തു പോകുവാ….വേറെന്താ…ഒന്നുമില്ല മോനെ… സുഖം. മോനുവേണ്ടി പ്രാര്‍ഥിച്ചു കൊണ്ട് അമ്മ ഉറങ്ങാന്‍ കിടക്കുവാ ….ഒരിക്കലും ഉണരാതിരുന്നെങ്കില്‍ …

 

Related posts