വടകര: മുഖ്യമന്ത്രി പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റിനെതിരെ പ്രതികരിച്ച ആർഎംപിഐ പ്രവർത്തകന്റെ പേരിൽ കേസ്. ഓർക്കാട്ടേരി പുതിയേടത്ത് കുനി ചേതനയിൽ സി.എസ്.അർജുനനെതിരെയാണ് (25) എടച്ചേരി പോലീസ് കേസെടുത്തത്. ഇതു സംബന്ധിച്ച് കോടതിയിൽ നിന്ന് അർജുനന്റെ വീട്ടിൽ രണ്ടു ദിവസം മുന്പ് സമൻസ് എത്തിയപ്പോഴാണ് കേസിന്റെ കാര്യം അറിയുന്നത്. ഒരു വർഷത്തിലേറെയായി മധുരയിലാണ് അർജുൻ ജോലി ചെയ്യുന്നത്.
’’തങ്ങൾക്ക് ഇഷ്ടപ്പെടാത്ത അഭിപ്രായം പറയുന്നവരോട് രാജ്യം വിട്ടുപോകാൻ പറയാൻ ആർഎസ്എസുകാർക്ക് എന്തവകാശം? ഇവിടെ എല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട്. അത് മനസിലാക്കാൻ തയാറാകാതെ ആർഎസ്എസ് പ്രകോപനം സൃഷ്ടിക്കുകയാണ്.’’ എന്ന പിണറായി വിജയന്റെ ഫേസ് ബുക്ക് പോസ്റ്റിനെ വിമർശിച്ചതിനാണ് അർജുനന്റെ പേരിൽ കേസ് എടുത്തത്. ആർഎംപിഐക്കാരെ തെരഞ്ഞുപിടിച്ച് ദ്രോഹിക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടിയെന്നാണ് ആക്ഷേപം.
കഴിഞ്ഞ ജനുവരിയിലാണ് അർജുൻ പിണറായി വിജയനെ വിമർശിച്ച് പോസ്റ്റിട്ടത്. ഭിന്നാഭിപ്രായം പറഞ്ഞവനെ ജീവിതത്തിൽ നിന്നു പറഞ്ഞുവിട്ടവന്റെ ഉപദേശിപ്രസംഗം എന്നതായിരുന്നു അർജുനന്റെ കമന്റ്. ടി.പി.ചന്ദ്രശേഖരന്റെ ചിത്രം സഹിതം അതെ സർ ഇവിടെ അല്ലാവർക്കും ജീവിക്കാൻ അവകാശമുണ്ട് എന്നും എഴുതി. ഇതിനെയാണ് അപകീർത്തികരമെന്നു പറഞ്ഞ് പോലീസ് കേസെടുത്തത്.
ഡിവൈഎഫ്ഐ പ്രവർത്തകൻ നൽകിയ പരാതിയിൽ ഐപിസി സെക്ഷൻ 500 പ്രകാരം കേസ് രജിസ്റ്റർ ചെയ്ത പോലീസ് കോടതിയിൽ കുറ്റപത്രവും നൽകി. തുടർന്നാണ് കോടതിയിൽ നിന്നു രണ്ടു ദിവസം മുന്പ് അർജുനന്റെ വീട്ടിൽ സമൻസ് എത്തിയത്. മധുരയിൽ കഴിയുന്ന അർജുനനെ നാലു മാസം മുന്പ് തിരുവനന്തപുരത്തെ പോലീസ് ആസ്ഥാനത്ത് നിന്നു ഫേസ് ബുക്ക് പോസ്റ്റ് സംബന്ധിച്ച് വിളിച്ചിരുന്നു. ഫേസ് ബുക്കിൽ സജീവമായി പോസ്റ്റ് ഇടാറുണ്ടെങ്കിലും അപകീർത്തിക്ക് ഇടയാക്കുന്ന കമന്റ് ഇട്ടിട്ടില്ലെന്ന് മറുപടി നൽകുകയും ചെയ്തു. പിന്നീട് യാതൊരു നടപടിയും ഉണ്ടായതുമില്ല. കഴിഞ്ഞ ദിവസം വീട്ടിൽ സമൻസുമായി ആൾ വന്നപ്പാഴാണ് കേസ് കോടതിയിൽ എത്തിയതൊക്കെ അർജുൻ അറിയുന്നത്.
രാഷ്ട്രീയ വിമർശനങ്ങളെ അപകീർത്തികേസ് കൊണ്ട് നേരിടുന്നവർ തങ്ങളുടെ നിലപാടുകളുടെ പൊള്ളത്തരം തന്നെയാണ് സത്യത്തിൽ വെളിപ്പെടുത്തുന്നതെന്ന് അർജുൻ പ്രതികരിച്ചു. തങ്ങൾക്ക് ഇഷ്ടമില്ലാത്ത അഭിപ്രായങ്ങളെ കേസ് ചുമത്തിയും ഭരണാധികാരമുപയോഗിച്ച് ഭീഷണിപ്പെടുത്തിയും ഉൻമൂലനം ചെയ്തും നേരിടുന്നവർ തീർച്ചയായും ഫാസിസ്റ്റ് സമീപനങ്ങളിൽ ആർഎസ്എസിനോട് തന്നെയാണ് മത്സരിക്കുന്നത്. ചന്ദ്രശേഖരന്റെ ചോരയുണങ്ങാത്ത മണ്ണിൽ കാലൂന്നി നിന്ന് ഭിന്നാഭിപ്രായങ്ങളെ മാനിക്കാൻ പിണറായിയെ പോലൊരാൾ ഉപദേശിക്കുന്നതിലും വലിയ കാപട്യവും പരിഹാസ്യതയും മറ്റെന്താണുള്ളത്?-അർജുനൻ ചോദിക്കുന്നു. ഏതായാലും അപകീർത്തി കേസിനെ നിയമപരമായി നേരിടാൻ തന്നെയാണ് അർജൂനന്റെ തീരുമാനം.