ചാത്തന്നൂർ: കൊട്ടിയത്തെ പോലീസ് സ്റ്റേഷൻ ഇനി അവിടെ വേണ്ടെന്നും ചെറുപ്പക്കാരെ സംഘടിപ്പിച്ച് നാല് വശവും വളഞ്ഞ് പെട്രോൾ ഒഴിച്ച് കത്തിക്കണമെന്നും ഫേസ്ബുക്കിലൂടെ ആഹ്വാനം.
അന്വേഷണം നടത്തിയ പോലീസ് രണ്ടു പേർക്കെതിരേ കേസെടുത്തു. ഗൾഫിലായിരുന്ന പുതുച്ചിറ സ്വദേശി അലിയാരുകുഞ്ഞ്, സനൽ പുതുച്ചിറ എന്നിവർക്കെതിരേയാണ് കേസ്.
കേരളാ പോലീസിലെ കൊടും ക്രിമിനലുകളാന്ന് കൊട്ടിയത്തെ പോലീസ് സ്റ്റേഷനിൽ ഉള്ളതെന്നാണ് ഫേസ് ബുക്ക് പോസ്റ്റിലെ ആരോപണം.
ഷിഹാബ് അലിയാരു കുഞ്ഞിന്റെ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ കലാപമുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ പോലീസ് സ്റ്റേഷൻ കത്തിക്കാൻ ആഹ്വാനം ചെയ്തുവെന്നാണ് കേസ്. സനൽ പുതുച്ചിറയാണ് കലാപ ആഹ്വാനത്തിന് പോസ്റ്റിടാൻ പ്രേരിപ്പിച്ചതെന്നാണ് പോലീസിന്റെ വിലയിരുത്തൽ.
ചെന്താപ്പൂർ സ്വദേശിയായ ഒരു ജവാനെ അടുത്ത കാലത്ത് കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈ സംഭവത്തിലെ പ്രതിഷേധമാണ് ഇത്തരമൊരു പോസ്റ്റിന് പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
സാമൂഹിക മാധ്യമങ്ങളിലൂടെ ഇത് പ്രചരിപ്പിച്ചവരെ കണ്ടെത്തുന്നതിന് അന്വേഷണം വ്യാപിപ്പിച്ചതായി പോലീസ് പറഞ്ഞു. കലാപ ആഹ്വാനത്തിന് ഫേസ്ബുക്കിലൂടെ ആഹ്വാനം ചെയ്ത് പോസ്റ്റിട്ടവർ, മാപ്പ് അപേക്ഷയുമായി പോലീസിനെ സമീപിച്ചതായും അറിയുന്നു.