പഴയങ്ങാടി(കണ്ണൂർ): ഫേസ്ബുക്ക് വഴി പരിചയപ്പെട്ട ആൺ സുഹൃത്തിനെ തേടി വീടു വിട്ടിറങ്ങിയ കോഴിക്കോടുകാരിയായ വിദ്യാർഥിനിയെ കണ്ണപുരം സ്വദേശിനി തന്ത്രപൂർവം രക്ഷപ്പെടുത്തി. വിദ്യാർഥിനി കഴിഞ്ഞ ദിവസമാണു വീട് വിട്ടിറങ്ങിയത്.
ബസ് മാർഗം കണ്ണൂരിലെത്തിയ വിദ്യാർഥിനി റെയിൽവേ സ്റ്റേഷനിലേക്കുള്ള വഴി അന്വേഷിച്ചു. ബസ് സ്റ്റാൻഡിനടുത്തുവച്ചു കണ്ണപുരം സ്വദേശിനി ബി. റംസിനയെ പരിചയപ്പെട്ടാണ് വഴി ചോദിച്ചത്. എന്നാൽ, വിദ്യാർഥിനിയുടെ സംഭാഷണത്തിൽ സംശയം തോന്നിയ റംസീന കൂടുതൽ കാര്യങ്ങൾ ചോദിച്ചു.
എന്നാൽ, ഒന്നിനും കൃത്യമായ മറുപടി പറയാതെ വിദ്യാർഥിനി ഒഴിഞ്ഞു മാറി. എന്നാൽ, നിർബന്ധിച്ചതോടെ കാര്യങ്ങൾ തുറന്നു പറയുകയായിരുന്നു. തനിക്കു ബംഗളൂരുവിലേക്കാണു പോകേണ്ടത്. ഫേസ്ബുക്ക് വഴി ഒരാളെ പരിചയപ്പെട്ടിരുന്നു. അയാളെ കാണാനാണു വീടു വിട്ട് ഇറങ്ങിയത്. പോരുന്ന കാര്യം ഫേസ്ബുക്ക് വഴി കാമുകനെ അറിയിച്ചു. എന്നാൽ, അപ്പോൾ അയാൾ എന്നെ വേണ്ടെന്നു പറഞ്ഞതായും വിദ്യാർഥിനി അറിയിച്ചു.
തിരികെ വീട്ടിലേക്കു പോകാൻ റംസീന ഉപദേശിച്ചപ്പോൾ ഞാൻ ഇനി അങ്ങോട്ട് ഇല്ലെന്നും ചേച്ചിയുടെ വീട്ടിൽ ഒരു ദിവസം തങ്ങാൻ അനുവദിക്കണമെന്നും പെൺകുട്ടി ആവശ്യപ്പെട്ടു.കണ്ണൂരിലെ ഒരു ഫാൻസി കടയിൽ ജോലി ചെയ്യുന്ന റംസീന കൂടുതലൊന്നും ആലോചിക്കാതെ കൂടെ കൂട്ടി.
വൈകുന്നേരത്തോടെ കണ്ണപുരത്ത് എത്തിയ റംസീന കണ്ണപുരം എസ് ഐ ധനഞ്ജയദാസിനെ വിവരമറിയിക്കുകയും തുടർന്ന് പോലീസ് സ്റ്റേഷനിലെത്തിക്കുകയും ചെയ്തു. പിന്നീട് തന്ത്രത്തിൽ വിദ്യാർഥിനിയുടെ ഫോൺ ചോദിച്ചു വാങ്ങി ബന്ധുക്കളെ വിവരമറിയിച്ചു. വീട്ടുകാർ ഞായറാഴ്ച രാത്രിതന്നെ സ്റ്റേഷനിലെത്തി വിദ്യാർഥിനിയെ കൂട്ടികൊണ്ടുപോയി. നാടുവിട്ടെത്തിയ വിദ്യാർഥിനിയുടെ പക്കൽ 200 രൂപയാണ് ഉണ്ടായിരുന്നതെന്നു പോലീസ് പറഞ്ഞു.
കാമുകൻ പ്രവാസിയാണെന്നാണു വിദ്യാർഥിനിയുടെ സംസാരത്തിൽനിന്ന് മനസിലാക്കാൻ സാധിച്ചതെന്നും പോലീസ് കൂട്ടിച്ചേർത്തു.