തിരുവനന്തപുരം: ഫേസ്ബുക്ക് വഴി സൗഹൃദം നടിച്ചു യുവതിയെ ഭീഷണിപ്പെടുത്തി പിഡീപ്പിക്കാൻ ശ്രമിച്ച യുവാവിനെ സിറ്റി ഷാഡോ പോലീസും മ്യൂസിയം പോലീസും ചേർന്നു പിടികൂടി. വയനാട് മാനന്തവാടി ഇടത്തട്ടേൽ വീട്ടിൽ ആർ. ഷിറിൽരാജി (29) നെയാണ് അറസ്റ്റ് ചെയ്തത്.
പരാതിക്കാരിയുടെ ഫേസ്ബുക്ക് മെസഞ്ചറിൽ അവരുടെ ഭർത്താവിനെതിരേയുള്ള തെളിവു നൽകാമെന്ന് സന്ദേശം അയച്ചു ഭീഷണിപ്പെടുത്തിയശേഷം ഹോട്ടൽ മുറിയിൽ ഒറ്റയ്ക്കു വന്നാൽ തെളിവുകൾ കാണിച്ചുതരാമെന്നും പറഞ്ഞാണ് ഇയാൾ യുവതിയെ നിരന്തരം ശല്യപ്പെടുത്തിയിരുന്നത്. തുടർന്നു നിരവധി മെസേജുകൾ അയച്ച് ശല്യപ്പെടുത്തി പാളയം ബസ് സ്റ്റാൻഡിൽ വന്നാൽ നേരിട്ട് കാണാമെന്ന് അറിയിച്ചു.
തുടർന്ന് യുവതിയും ഭർത്താവും സിറ്റി പോലീസ് കമ്മീഷണർ സുരേന്ദ്രനു നൽകിയ പരാതിയെ തുടർന്ന് കമ്മീഷണറുടെ നിർദേശ പ്രകാരം നടത്തിയ അന്വേഷണത്തിൽ സിറ്റി ഷാഡോ പോലീസിന്റെ സഹായത്തോടെ പാളയം ബസ് സ്റ്റാൻഡിന് സമീപത്തുനിന്ന് മ്യൂസിയം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രായമാകാത്ത പ്ലസ്ടു വിദ്യാർഥിനിയെ പീഡിപ്പിച്ചതിന് വയനാട് തിരുനെല്ലി സ്റ്റേഷനിൽ ഇയാൾക്കെതിരേ കേസ് നിലവിലുണ്ടെന്നും പോലീസ് അറിയിച്ചു. കണ്ട്രോൾ റൂം എസിപി ശിവസുതൻപിള്ള, മ്യൂസിയം സിഐ പ്രശാന്ത്, ഷാഡോ എസ്ഐ സുനിൽലാൽ, ഷാഡോ ടീം അംഗങ്ങൾ എന്നിവർ ചേർന്നാണ് അറസ്റ്റ്.