ഫേസ്ബുക്കിന്റെ സ്വപ്നപദ്ധതികളിലൊന്നായ ഉപഗ്രഹം കത്തിച്ചാമ്പലായതിനു പിന്നില്‍ അന്യഗ്രഹജീവികളോ. ലോകമാധ്യമങ്ങളിലും ശാസ്ത്രകുതുകികളുടെയിടയിലും ഇതുസംബന്ധിച്ച് തര്‍ക്കം തുടരുകയാണ്. സെപ്റ്റംബര്‍ ഒന്നിനാണ് ഫ്ളോറിഡയിലെ കേപ് കനാവെറലിലെ യുഎസ് എയര്‍ഫോഴ്സ് സ്റ്റേഷനില്‍ വിക്ഷേപിക്കുംമുമ്പേ കത്തിച്ചാമ്പലായത്. അജ്ഞാതശക്തിയുടെ സാന്നിധ്യമാണ് റോക്കറ്റ് കത്തിയമരാന്‍ കാരണമായതെന്ന വാദവും പിന്നാലെ ഉയര്‍ന്നു. ഉപഗ്രഹം ആകാശത്തെത്തിച്ച് തിരികെ ഭൂമിയിലേക്ക് സുരക്ഷിതമായിറക്കുന്ന സ്പേസ് എക്സ് കമ്പനിയുടെ ഫാല്‍ക്കന്‍-9 റോക്കറ്റാണ് പൊട്ടിത്തെറിച്ചത്.
അന്യഗ്രഹജീവികളുടെ ലേസര്‍ ആക്രമണത്തിലാണ് ഫേസ്ബുക്ക് സാറ്റലൈറ്റ് തകര്‍ന്നതെന്ന വാദവുമായി ഒരുകൂട്ടര്‍ രംഗത്തെത്തിക്കഴിഞ്ഞു. ഇതിനു തെളിവും അവര്‍ നിരത്തുന്നു. പറക്കുംതളിക റോക്കറ്റിനെ തകര്‍ത്ത് അതിവേഗം പാഞ്ഞുപോകുന്നതിന്റെ വീഡിയോയും യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ബിബസി അടക്കമുള്ള ലോകമാധ്യമങ്ങളും ഈ വാര്‍ത്തയ്ക്കു വന്‍പ്രാധാന്യം നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ ശ്രദ്ധിച്ച് നോക്കിയാല്‍ ഒരു അജ്ഞാതവസ്തു വരുന്നതും റോക്കറ്റ് പൊട്ടിത്തകരുന്നതും കാണാനാകും. പൊട്ടിത്തെറിക്ക് സെക്കന്‍ഡുകള്‍ മുമ്പേ പറന്നുവരുന്ന അജ്ഞാതവസ്തു ലോഞ്ച്പാഡിന്റെ വലതുവശത്തുനിന്ന് ഇടതുവശത്തേക്ക് ആകാശത്തിലൂടെ അതിവേഗം പാഞ്ഞുപോകുന്നു. റോക്കറ്റിന്റെ തൊട്ടുമുകളിലെത്തിയതും സ്ഫോടനം നടക്കുകയും ചെയ്യുന്നു. തീപടരുന്നതിനിടെ ഈ വസ്തു അപ്രത്യക്ഷമാകുകയും ചെയ്യുന്നു.
അജ്ഞാതവസ്തുവിന്റെ ചര്‍ച്ച നടക്കുന്നതിനിടെ മറ്റൊരു വെളിപ്പെടുത്തലുമായി കെന്നഡി സ്പേസ് സെന്ററിലെ ഒരു ജീവനക്കാരനുമെത്തി. റോക്കറ്റ് വിക്ഷേപിക്കുന്നതിനു തൊട്ടുമുമ്പേ ആകാശത്തൊപു അജ്ഞാതവെളിച്ചം കണ്ടത്രേ. മേഘങ്ങള്‍ക്കിടയില്‍ ദീര്‍ഘചതുരാകൃതിയിലുള്ള വസ്തുവാണ് ദൃശ്യമായത്. 20 സെക്കന്‍ഡുകള്‍ മാത്രം പ്രത്യക്ഷപ്പെട്ട വസ്തു നിമിഷങ്ങള്‍ക്കകം അപ്രത്യക്ഷമായി. കുറച്ചുമിനിറ്റുകള്ക്കം സ്ഫോടനവും നടന്നു.
അന്യഗ്രഹജീവികളുടെ സാന്നിധ്യത്തെ എതിര്‍ക്കുന്നവരും എതിര്‍വാദവുമായി രംഗത്തുണ്ട്. ഏതെങ്കിലും പക്ഷിയായിരിക്കാം പറന്നുപോയതെന്നാണ് ഇവര്‍ പറയുന്നത്. എന്നാല്‍, മണിക്കൂറില്‍ 3600 കിലോമീറ്റര്‍ വേഗത്തില്‍ പായുന്ന ഏതു പക്ഷിയാണുള്ളതെന്ന ചോദ്യത്തിന് അവര്‍ക്കു മറുപടിയില്ല. അതേസമയം ബഹിരാകാശത്ത് ലേസര്‍ ബീം ആയുധം സ്ഥാപിക്കാനുള്ള ശ്രമത്തിനിടെയാണ് റോക്കറ്റ് തകര്‍ന്നതെന്ന വാദവും ശ്കതമാണ്. വരുംദിവസങ്ങള്‍ തര്‍ക്കം മുറുകുമെന്ന കാര്യത്തില്‍ സംശയമില്ല.