വടകര: സമൂഹ മാധ്യമമായ ഫേസ്ബുക്കിന്റെ ഗുരുതരമായ സുരക്ഷാ പിഴവുകൾ കണ്ടെത്തി റിപ്പോർട്ട് ചെയ്ത യുവാവിനു സ്വപ്നജോലി നൽകി ഫേസ്ബുക്കിന്റെ പ്രത്യുപകാരം. വടകര മണിയൂർ സ്വദേശി നീരജ് ഗോപാലാണ് ഫേസ്ബുക്ക് തെരഞ്ഞെടുത്ത യുവഎഞ്ചിനിയർ.
ഫേസ്ബുക്ക് ലണ്ടനിൽ പ്രോഡക്ട് സെക്യൂരിറ്റി അസ്സസ്മെന്റ്സ് ആൻഡ് അനാലിസിസ് വിഭാഗത്തിൽ സെക്യൂരിറ്റി അനലിസ്റ്റ് ഫോർ വൈറ്റ് ഹാറ്റ് എന്ന പദവിയിലാണ് നീരജിന് നിയമനം ലഭിച്ചത്. കഴിഞ്ഞ നാല് വർഷമായി സോഷ്യൽ മീഡിയ ആപ്ലിക്കേഷനായ ഫേസ്ബുക്കിന്റെ ഗുരുതര സെക്യൂരിറ്റി പിഴവുകൾ കണ്ടെത്തി നീരജ് അത് റിപ്പോർട്ട് ചെയ്തിരുന്നു. പിന്നീട് ഫേസ്ബുക്കിൽ നിന്നും ഇന്റർവ്യൂവിനുള്ള വിളിയെത്തി.
5 റൗണ്ടുകളായിരുന്നു ഇന്റർവ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയർ ചെയ്തു.ജോലി ലഭിച്ചു. ഇതുവരെയും സെക്യൂരിറ്റിയുമായി ബന്ധപ്പെട്ട ഒരു കോഴ്സും ചെയ്തിട്ടില്ല. ഒരു സർട്ടിഫിക്കറ്റുമില്ല. ഗൂഗിളിൽ സേർച്ച് ചെയ്തും ഫേസ്ബുക്കിന്റെ സെക്യൂരിറ്റി പിഴവുകളെക്കുറിച്ചുള്ള ബ്ലോഗുകൾ വായിച്ചുമാണ് നീരജ് ഇവിടെ വരെ എത്തിയത്.
പത്താം ക്ലാസിൽ കംന്പ്യൂട്ടറിന് നല്ല മാർക്കുണ്ടായിരുന്നു. അതിന് ശേഷമാണ് വീട്ടിൽ കന്പൂട്ടർ വാങ്ങുന്നത്. ആദ്യമെല്ലാം ഗെയിം കളിക്കാൻ മാത്രമാണ് കന്പൂട്ടർ ഉപയോഗിച്ചത്. പിന്നീട് പ്ലസ് ടു പൂർത്തിയാക്കിയ ശേഷം ഐടിയിൽ ഡിപ്ലോമ കോഴ്സ് ചെയ്തു.
അതിന് ശേഷം ക്യാന്പസ് സെലക്ഷൻ വഴി വിപ്രോയിൽ ജോലിയിൽ പ്രവേശിച്ചു. ബാംഗ്ലൂരിൽ വിപ്രോയിലെ ജോലിക്ക് ഒപ്പം തന്നെ സിസ്റ്റംസ് എഞ്ചിനിയറിംഗിൽ എംഎസ് ചെയ്തു. ആ സമയത്താണ് ഫേസ്ബുക്കിന്റെ ബഗ്ഗ് ഹണ്ടിങ് ആരംഭിക്കുന്നത്. 2016 ലായിരുന്നു ഇത്. തുടർന്ന് 2019 വരെയുള്ള വർഷങ്ങളിൽ നീരജ് ഫേസ്ബുക് ഹാൾ ഓഫ് ഫെയിമിൽ ഇടം നേടി.
കണ്ടുപിടിക്കുന്ന സെക്യൂരിറ്റി പിഴവ് എത്രത്തോളം ഗൗരവം ഏറിയതാണെന്നതും റിപ്പോർട്സിന്റെ ക്വാളിറ്റിയെയും അടിസ്ഥാനപ്പെടുത്തിയാണ് ഫേസ്ബുക്കിന്റെ ഹാൾ ഓഫ് ഫെയിം റാങ്കിംഗ് നടത്തുന്നത്. എല്ലാ വർഷങ്ങളിലും ഹാൾ ഓഫ് ഫെയിമിൽ റാങ്കിംഗിൽ ആദ്യ 15 -ൽ ഇടം പിടിച്ചിരുന്നു നീരജ്.
മികച്ച പ്രകടനം പുറത്തെടുത്തതോടെയാണ് ഫേസ്ബുക് അവരുടെ എല്ലാ ലൈവ് ഹാക്കിങ് ഇവന്റ്സുകൾക്കും പ്രൈവറ്റ് ബഗ്ഗ് ബൗണ്ടി മീറ്റിംഗുകൾക്കും നീരജിനെ സ്പോണ്സർഷിപ്പോടു കൂടി ക്ഷണിക്കാൻ ആരംഭിച്ചത്. 2018, 2019 വർഷങ്ങളിൽ ലണ്ടനിലും സിങ്കപ്പൂരിലും നടന്ന പ്രോഗ്രാമുകളിൽ പങ്കെടുത്തിരുന്നു. പിന്നീട് 2019 -ൽ ഫേസ്ബുക്കിൽ നിന്നും ഇന്റർവ്യൂവിനുള്ള വിളിയുമെത്തി. അഞ്ച് റൗണ്ടുകളായിരുന്നു ഇന്റർവ്യൂവിന് ഉണ്ടായിരുന്നത്. അത് ക്ലിയർ ചെയ്തു.
വെബ് ആപ്ലിക്കേഷൻ സെക്യൂരിറ്റിയിലെ സാധ്യതകളെക്കുറിച്ചും താൻ കണ്ടെത്തിയ ബഗ്ഗുകളിൽ ചിലതിനെകുറിച്ചും നീരജ് ബ്ലോഗും എഴുതിയിട്ടുണ്ട്. ഇതുപോലുള്ള ബ്ലോഗുകൾ വായിച്ചാണ് പഠിച്ചതും ഫേസ്ബുക്കിൽ ജോലി ലഭിച്ചതുമെന്ന് നീരജ് പറയുന്നു. മണിയൂർ തുറശ്ശേരിക്കടവ് സ്വദേശിയായ നീരജ് റിട്ടയേർഡ് അധ്യാപകരായ പി കെ ഗോപാലന്റെയും നിർമ്മലയുടേയും മകനാണ്. ആയുർവേദ ഡോക്ടറായ അഞ്ജുഷയാണ് ഭാര്യ.