തൊ ടുപുഴ: ഐപിഎസ് ഉദ്യോഗസ്ഥനെന്ന പേരിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് നിർമിച്ച് തട്ടിപ്പു നടത്തിയ കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയതു. പ്രധാനപ്രതി പത്തനംതിട്ട മലയാലപ്പുഴ ചീങ്കൽത്തടം മൈലപ്ര എബനേസർ ഹോമിലെ പ്രിൻസ് ജോണ്(24), സഹായികളായ മൈലപ്ര മുണ്ടുകോട്ടയ്ക്കൽ വലിയകാലായിൽ ജിബിൻ ജോർജ്(26), മണ്ണാർകുളഞ്ഞി പാലമൂട്ടിൽ ലിജോ മോനച്ചൻ(26) എന്നിവരെയാണ് ഇടുക്കി എസ്പി പി.ജി.വേണുഗോപാലിന്റെ നിർദ്ദേശത്തെത്തുടർന്ന് കട്ടപ്പന സിഐ വി.എസ്.അനിൽകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജോബി തോമസ് ഐപിഎസ് എന്ന പേരിൽ വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് തയാറാക്കിയായിരുന്നു പ്രതികൾ സ്ത്രീകളുമായി ബന്ധം സ്ഥാപിച്ചത്. പഞ്ചാബ് സ്വദേശിയായ ഇർഷാദ് അലി സുബൈർ എന്ന റസലിംഗുകാരന്റെ ഫോട്ടോയാണ് വ്യാജ അക്കൗണ്ട് ഉണ്ടാക്കനായി ഉപയോഗിച്ചത്. തട്ടിപ്പിൽ കൂടുതൽ വിശ്വാസ്യത വരുത്താനായി ഫ്രണ്ടെന്ന നിലയിൽ കെ.ബി. ഗണേഷ്കുമാർ എംഎൽഎ അടക്കമുള്ളവരുടെയും പേരിൽ വ്യാജപ്രൊഫൈൽ സൃഷ്ടിച്ച് ഫേസ്ബുക്കിലുടെയും വാട്സ് ആപ്പിലൂടെയും സ്ത്രീകളുമായി അടുപ്പം സ്ഥാപിച്ച ശേഷം വഞ്ചിച്ചു പണവും നഗ്നചിത്രങ്ങളും കൈക്കലാക്കുകയായിരുന്നു ഇവരുടെ പതിവ്. തട്ടിപ്പിനിരയായ കട്ടപ്പന സ്വദേശിനിയുടെ സഹോദരന്റെ പരാതിയെതുടർന്നാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
സ്ത്രീകളുമായി കൂടുതൽ അടുപ്പം സ്ഥാപിക്കുന്നതിനായി സഹോദരിയുടേതെന്ന വ്യാജനേ ഡോ.ഡി.എസ്. പ്രിയ എന്ന പേരിലും വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് നിർമിച്ചിരുന്നു. വ്യാജ അക്കൗണ്ടുപയോഗിച്ചു സ്വദേശത്തും വിദേശത്തുമുള്ള നൂറ്റന്പതോളം സ്ത്രീകൾ ഇവരുടെ വലയിൽ കുടുങ്ങിയതായി എസ്പി അറിയിച്ചു.തട്ടിപ്പിനിരയായവരിൽ ഉയർന്ന ഉദ്യോഗസ്ഥകളും ഡോക്ടർമാരും ഉൾപ്പെടുന്നുണ്ട്.
ച തിഅറിയാതെ പത്തു ദിവസത്തിനുള്ളിൽ ജോബി തോമസിനെ വിവാഹം രജിസ്റ്റർ ചെയ്യാൻ തയാറാണെന്നു കാണിച്ചു നിരവധി സ്ത്രീകൾ ബന്ധപ്പെട്ടിരുന്നു. പ്രതികൾ ഇതുവരെ രണ്ടു ലക്ഷത്തിലേറെ രൂപ തട്ടിപ്പിലൂടെ നേടിയെടുത്തിട്ടുണ്ട്. ജോബി തോമസ് എന്ന പേരിൽ ഒരു ഐപിഎസ് ഉദ്യോഗസ്ഥനുണ്ടെന്നും ജോബി തോമസിന്റെ സഹോദരിയെന്നു തെറ്റിദ്ധരിപ്പിക്കാനുമാണു ഡോ.ഡി.എസ്. പ്രിയ എന്ന പേരിൽ വ്യാജ അക്കൗണ്ടു സൃഷ്ടിച്ചത്. കൂടുതൽ വിശ്വാസ്യത ജനിപ്പിക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം.
സഹോദരി കോട്ടയം മെഡിക്കൽ കോളജിൽ പഠിക്കുകയാണെന്നാണു പരിചയപ്പെടുത്തിയത്. ആൻസി ജോയി എന്ന പേരിലും പ്രൊഫൈലുകൾ നിർമിച്ച് തട്ടിപ്പ് നടത്തി. ഈ അക്കൗണ്ടുകളെല്ലം സൃഷ്ടിച്ചതു പ്രിൻസ് ജോണ് തന്നെയായിരുന്നു. നാലുമാസമായി തട്ടിപ്പ് തുടരുകയായിരുന്നു. എംഎൽഎ എന്ന പേരിൽ ചാറ്റിംഗ് നടത്തിയിരുന്നതും പ്രിൻസ് ജോണായിരുന്നു. ജോബി തോമസ് എന്ന പേരിൽ പെണ്കുട്ടികളുമായി അടുപ്പം ദൃഢമാക്കിയശേഷം പതുക്കെ വാട്സ്ആപ്പിലേക്കും ഇവരെ എത്തിക്കും.
പ്രിയയെ സഹോദരിയെന്ന വ്യാജേന വോയിസ് മെയിലിൽ സംസാരിച്ചിരുന്നത് ഇയാളുമായി പരിചയമുള്ള സ്ത്രീയായിരുന്നു. കൂടാതെ ഐപിഎസ് ഉദ്യോഗസ്ഥൻ എന്നു വിശ്വസിപ്പിക്കാൻ ഇയാളുടെ ഇന്റർവ്യു അടക്കമുള്ള ഓഡിയോ ക്ലിപ്പിംഗുകളും തട്ടിപ്പിനിരയായവർക്ക് അയച്ചു കൊടുത്തു. വിവാഹത്തിനു താൻ സമ്മതിക്കാത്തതിനാൽ തന്റെ ബാങ്ക് അക്കൗണ്ട് വീട്ടുകാർ ബ്ലോക്ക് ചെയ്തിരിക്കുകയാണെന്നും അതിനാൽ പണം അയച്ചു നൽകണമെന്നും ആവശ്യപ്പെട്ടാണ് ഇവരിൽനിന്നു പണം തട്ടിയിരുന്നത്. പ്രധാനമന്ത്രി കൊച്ചിയിൽ പങ്കെടുത്ത ചടങ്ങിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു എന്നു കാണിക്കാനായി ചാറ്റിങിലൂടെ പരിചയപ്പെട്ട ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പെണ്കുട്ടിയുടെ ഐഡി കാർഡും പ്രിൻസ് ദുരുപയോഗിച്ചു. ഇതേ രീതിയിൽ വ്യാജ ഫേസ് ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു തട്ടിപ്പു നടത്തിയതിന് എട്ടു മാസത്തോളം ജയിലിൽ കഴിഞ്ഞ പ്രിൻസ് അടുത്ത നാളിൽ പുറത്തിറങ്ങി വീണ്ടും തട്ടിപ്പു നടത്തുകയായിരുന്നു. ആദ്യഘട്ടത്തിൽ ലക്ഷങ്ങൾ തട്ടിയെടുത്തുവെങ്കിലും അപമാനമോർത്തു കൂടുതൽ പേരും ഇയാൾക്കെതിരേ പരാതി നൽകിയിരുന്നില്ല. തട്ടിപ്പിൽ കുടുക്കുന്നവരെ പിന്നീട് കുടുംബം തകർക്കുമെന്നു ഭീഷണിപ്പെടുത്തി പണം കൈവശപ്പെടുത്തുകയായിരുന്നു പതിവെന്നു പോലീസ് പറയുന്നു.
കട്ടപ്പന സ്വദേശിനിക്ക് 18,500 രൂപയും മറ്റൊരാൾക്ക് 65,000 രൂപയും നഷ്ടമായി. മറ്റു തൊഴിലുകളൊന്നുമില്ലാത്ത പ്രതികൾ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ധൂർത്തടിച്ചു കഴിയുകയായിരുന്നു. പ്രതികളെ ഇന്നു കോടതിൽ ഹാജരാക്കും. കുമളി എസ്ഐ ജോബി തോമസ്, എഎസ്ഐ സജിമോൻ ജോസഫ്, എസ്പിഒമാരായ തങ്കച്ചൻ മാളിയേക്കൽ, സതീഷ്കുമാർ, എസ്.സുബൈർ, ബെസിൽ പി.ഐസക്ക്, സിപിഒ സലിൽ രവി എന്നിവരും അന്വഷണ സംഘത്തിലുണ്ടായിരുന്നു.