കോട്ടയം: കോട്ടയത്ത് അശ്ലീല വീഡിയോ പകർത്തി ഹണിട്രാപ്പിലൂടെ പണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തെക്കുറിച്ച് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.
പോലീസുകാർക്കും വിദ്യാർഥികൾക്കും സൈബർ സുരക്ഷ സംബ ന്ധിച്ച ക്ലാസുകൾ എടുക്കുന്ന തിരുവാതുക്കൽ വേളൂർ തൈപ്പറന്പിൽ ടി.എസ്. അരുണ്‍ (29), തിരുവാർപ്പ് കിളിരൂർ ചെറിയ കാരയ്ക്കൽ ഹരികൃഷ്ണൻ (23), പുത്തൻ പുരയ്ക്കൽ അഭിജിത്ത് (21), തിരുവാർപ്പ് മഞ്ഞപ്പള്ളിയിൽ ഗോകുൽ (20) എന്നിവരാണ് അറസ്റ്റിലായത്.
ഇവർ ഭാര്യ വിദേശത്തായ താഴത്തങ്ങാടി സ്വദേശിയേയാണ് തട്ടിപ്പിനിരയാക്കിയത്. പണം ആവശ്യപ്പെട്ട് പ്രതികൾ ഭീഷണിപ്പെടുത്തിയതോടെ ഇയാൾ കോട്ടയം വെസ്റ്റ് പോലീസിൽ പരാതി നല്‍കുകയായിരുന്നു.
പോലീസ് അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കോടിമതയിൽ സ്വകാര്യ സൈബർ സുരക്ഷ സ്ഥാപനം നടത്തിവരുന്ന അരുണാണ് ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.
സ്ഥാപനത്തിന്റെ മറവിൽ സമാനമായ രീതിയിൽ വേറെയും തട്ടിപ്പുകളും ഹണിട്രാപ്പ് ഇടപാടുകളും സംഘം നടത്തിയിട്ടുണ്ടോയെന്നാണ് പോലീസ് അന്വേഷിക്കുന്നത്.
പോലീസ് ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുള്ള അരുണ്‍ പിടിക്കപ്പെടില്ലെന്നാണ് കരുതിയിരുന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെ ഇവരുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളും പോലീസ് പരിശോധിക്കുന്നുണ്ട്.
തട്ടിപ്പിൽ കുടുക്കുന്നതിനു സ്ത്രീകളുടെ വ്യാജ പ്രൊഫൈൽ ഉണ്ടാക്കിയിരുന്നതും ഇവർ തന്നെയായിരിന്നു. വ്യാജ പ്രൊഫൈൽ ഉണ്ടാക്കി ഒരാളുമായി സൗഹൃദം സ്ഥാപിച്ചു കഴിഞ്ഞാൽ ഇവർ അക്കൗണ്ട് ഡീലിറ്റ് ചെയ്യുകയും ചെയ്തിരുന്നു.
പ്രതികൾ ആവശ്യപ്പെട്ട തുക പണമായിട്ടു തന്നെ നല്‍കാമെന്ന് പറഞ്ഞു വിളിച്ചു വരുത്തിയതിനാലാണ് നാലംഗ സംഘത്തെ കുടുക്കാൻ കഴിഞ്ഞത്. ഇവർ പണം ബിറ്റ് കോയിനായോ ക്രിപ്റ്റോ കറൻസിയായോ നൽകണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്.
എന്നാൽ പോലീസിന്റെ നിർദേശ പ്രകാരമാണ് താഴത്തങ്ങാടി സ്വദേശി തുക പണമായി നേരിട്ടു നല്‍കാമെന്ന് പ്രതികളെ അറിയിച്ചത്. പോലീസ് നടത്തിയ അന്വേഷണത്തിൽ ജില്ലയിൽ സമാനമായ രീതിയിൽ തട്ടിപ്പ് ആസൂത്രണം ചെയ്യുന്ന ചില സംഘങ്ങളെക്കുറിച്ചും സൂചന ലഭിച്ചിട്ടുണ്ട്.