ബംഗളൂരു: ഫേസ്ബുക്ക് വഴി സൗഹൃദം സ്ഥാപിച്ച് ജെഡി-എസ് നേതാവിൽ നിന്ന് ഒമ്പതുലക്ഷം രൂപ തട്ടിയ യുവതിയും സഹായികളും പിടിയിലായി. തിഗലരപാളയ സ്വദേശികളായ പി. ഹരിണി (25), രവി പേങ്ങപ്പ (40), വി. പ്രകാശ് (39) എന്നിവരാണ് അറസ്റ്റിലായത്. നാഗർഭാവി സ്വദേശിയായ എൽ. ശ്രീനിവാസിന്റെ പരാതിയിൽ ജ്ഞാനഭാരതി പോലീസാണ് അന്വേഷണം നടത്തിയത്. ഇവരുടെ പക്കൽ നിന്ന് നാലരലക്ഷം രൂപയും ഒരു ഓട്ടോറിക്ഷയും മൊബൈൽ ഫോണും പോലീസ് പിടിച്ചെടുത്തു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നതിങ്ങനെ: കഴിഞ്ഞ ഓഗസ്റ്റിലാണ് ഹരിണിയും ശ്രീനിവാസും ഫേസ്ബുക്കിൽ സൗഹൃദത്തിലാകുന്നത്. ഏതാനും ദിവസങ്ങൾക്കു ശേഷം രണ്ടു കോടിയോളം രൂപ മുതൽമുടക്കിൽ ഒരു നൃത്തക്ലാസ് തുടങ്ങുന്നതിനെക്കുറിച്ച് ഹരിണി ശ്രീനിവാസിനോട് പറഞ്ഞു. പിന്നീട് ക്ലാസിനായി കെട്ടിടം തയാറാക്കാൻ തന്റെ പിതാവ് രണ്ടുകോടി രൂപ തരപ്പെടുത്തി നല്കിയെന്നും അവർ പറഞ്ഞു.
തുടർന്ന് തുകയ്ക്കായി മൂന്നുലക്ഷം രൂപയുടെ കുറവുണ്ടെന്നും അത് സംഘടിപ്പിച്ചു നല്കണമെന്നും അവർ ശ്രീനിവാസിനോട് അഭ്യർഥിച്ചു. അദ്ദേഹം 2.7 ലക്ഷം രൂപ നല്കുകയും ചെയ്തു. ബാംഗളൂർ യൂണിവേഴ്സിറ്റി കാമ്പസിൽ ഹരിണിയുടെ ദൂതന്റെ കൈവശമാണ് പണം കൊടുത്തയച്ചത്. ഏതാനും ദിവസങ്ങൾക്കു ശേഷം വീണ്ടും വിളിച്ച ഹരിണി ഏഴുലക്ഷം രൂപ കൂടി വേണമെന്ന് അറിയിച്ചു. അതേയാളുടെ കൈവശം ശ്രീനിവാസ് തുക കൈമാറുകയും ചെയ്തു.
അന്നു വൈകുന്നേരത്തോടെ ഹരിണിയുടെ ഫോൺ സ്വിച്ച് ഓഫ് ആയി. കബളിപ്പിക്കപ്പെട്ടുവെന്ന് മനസിലായ ശ്രീനിവാസ് ഈമാസം 25ന് പോലീസിൽ പരാതി നല്കുകയായിരുന്നു.